ഇന്നത്തെ ഉച്ച വാർത്ത 2024 ജൂലൈ 27 സമയം 12 pm

 

മണ്ണിടിച്ചിൽ; അർജുന്റെ ലോറി കരയിൽ നിന്ന് 132 മീറ്റർ അകലെ


ഷിരൂർ: കർണാടകയിലെ അങ്കോലയില്‍ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന്റെ ലോറി കരയിൽ നിന്ന് 132 മീറ്റർ അകലെയെന്ന് കണ്ടെത്തി. ഐ ബോർഡ് ഡ്രോണിന്റെ പരിശോധനയിലാണ് കണ്ടെത്തൽ. പുഴയിലെ മൺകൂനയോട് ചേർന്നുള്ള നാലാമത്തെ സ്പോട്ടിൽ ലോറിയെന്നാണ് സൂചന. കാബിൻ തകർന്നിരിക്കാനാണ് സാധ്യത, എന്നാൽ മനുഷ്യ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഐ ബോർഡ് പരിശോധനയുടെ റിപ്പോർട്ട് ജില്ലാ കലക്ടർക്ക് കൈമാറി.


നാല് സിഗ്നലുകളാണ് പുഴയിൽ നിന്ന് ലഭിച്ചത്. ഇതിൽ ഏറ്റവും ഒടുവിൽ ലഭിച്ച സിഗ്നലാണ് ട്രക്കാവാനുള്ള സാധ്യത. ഈ സിഗ്നൽ കേന്ദ്രീകരിച്ചുകൊണ്ടുള്ള പരിശോധനയായിരിക്കും ഇനി നടക്കുക. ഇന്നലെ ഒരു ​ദൃക്സാക്ഷി ലോറി ഒഴുകി പോകുന്നത് കണ്ടതായി പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നാലാമത്തെ സി​ഗ്നൽ ലഭിച്ചത്. പുഴയിലെ അടിയൊഴുക്ക് കാരണം മുങ്ങൽ വിദഗ്ധർക്ക് പരിശോധിക്കുന്നതിൽ പ്രയാസമുണ്ട്.


കോടികളുടെ കൊള്ള നടക്കുന്നു പ്രതിപക്ഷ നേതാവ്

'വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാൻ അനുവദിക്കില്ല, വൈദ്യുതി മന്ത്രിയെ മുന്നിൽ നിർത്തി കോടികളുടെ കൊള്ളയാണ് നടക്കുന്നത്'; വി ഡി സതീശൻ 



വിപ്ലവം പിറന്ന ഫ്ര‍ഞ്ച് മണ്ണിൽ പുതുചരിത്രം കുറിക്കാൻ ഇന്ത്യയുടെ താരങ്ങളും ഇന്ന് ഇറങ്ങുന്നു.

പാരിസ്∙ വിപ്ലവം പിറന്ന ഫ്ര‍ഞ്ച് മണ്ണിൽ പുതുചരിത്രം കുറിക്കാൻ ഇന്ത്യയുടെ താരങ്ങളും ഇന്ന് ഇറങ്ങുന്നു. മെഡൽ പ്രതീക്ഷയുള്ള ഇനങ്ങളായ ഹോക്കി, ബോക്സിങ്, ബാഡ്മിന്റൻ എന്നിവയ്ക്കു പുറമേ റോവിങ്, ടേബിൾ ടെന്നിസ്, ഷൂട്ടിങ് ഇനങ്ങളിലും ഇന്ത്യൻ താരങ്ങൾ ഇന്ന് പ്രഥമ മത്സരങ്ങളി‍ൽ പങ്കെടുക്കും.


ബാഡ്മിന്റൻ പുരുഷ സിംഗിൾസിൽ ലക്ഷ്യ സെൻ, പുരുഷ ഡബിൾസിൽ സാത്വിക്– ചിരാഗ് സഖ്യം, വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ, താനിഷ ക്രാസ്റ്റോ സഖ്യം എന്നിവരുടെ ആദ്യ പോരാട്ടങ്ങൾ ഇന്നാണ്. പുരുഷ ഹോക്കിയിൽ ഇന്ത്യ ഇന്ന് ന്യൂസീലൻഡിനെ നേരിടും. ടെന്നിസ് പുരുഷ ഡബിൾസിൽ രോഹൻ ബൊപ്പണ്ണ– ശ്രീരാം ബാലാജി സഖ്യത്തിന്റെ ആദ്യ മത്സരവും ഇന്നു നടക്കും.

യന്ത്രണ രേഖയ്ക്കു സമീപം സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു

കശ്മീർ∙ കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയ്ക്കു സമീപം സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. ഏറ്റുമുട്ടലിൽ മേജറടക്കം 4 സൈനികർക്കു പരുക്കേറ്റതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ഏറ്റുമുട്ടലിൽ ഒരു പാക്കിസ്ഥാൻ പൗരനെ സൈന്യം വധിച്ചു. കാർഗിൽ വിജയ് ദിവസത്തിൽ പാക്കിസ്ഥാന് ശക്തമായ ഭാഷയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പു നൽകിയതിനു പിന്നാലെയാണ് അതിർത്തി മേഖലയിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായത്.

ശനിയാഴ്ച പുലർച്ചെ 2.30നാണു കുപ്‌വാരയിലെ മച്ചിൽ സെക്ടറിലെ നിയന്ത്രണരേഖയിലെ (എൽഒസി) കംകാരി പോസ്റ്റിന് സമീപം തീവ്രവാദികളെന്നു സംശയിക്കുന്നവരുടെ നീക്കം സൈന്യം കണ്ടെത്തിയത്. കീഴടങ്ങാൻ സൈന്യം മുന്നറിയിപ്പ് നൽകിയെങ്കിലും ഇവർ സൈനികർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. രാവിലെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും മേഖലയിൽ പുരോഗമിക്കുകയാണ്. പരുക്കേറ്റ സൈനികരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയതായി സൈന്യം എക്‌സിലൂടെ അറിയിച്ചു.

അതേസമയം നിയന്ത്രണ രേഖയിൽ ഇന്ത്യൻ സേനയ്‌ക്കെതിരായ ആക്രമണം നടത്തിയത് പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീം (ബിഎടി) ആണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാൻ ഭീകരരും സായുധ കമാൻഡോകളും അടങ്ങുന്ന സംഘമാണിത്. നിലവിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പാക്കിസ്ഥാൻ പൗരൻ ബിഎടി അംഗമാണെന്നാണ് നിഗമനം. ആക്രമണത്തിൽ ഉൾപ്പെട്ട ബിഎടി സംഘത്തിൽ തീവ്രവാദ സംഘടനകളുമായി അടുത്ത് പ്രവർത്തിക്കുന്ന കമാൻഡോകൾ ഉൾപ്പെടെയുള്ളവർ ഉണ്ടെന്ന് സംശയിക്കുന്നതായും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി കഴിഞ്ഞ ദിവസം കുപ്‌വാരയിലെ നിയന്ത്രണ രേഖ സന്ദർശിക്കുകയും സേനയുടെ തയാറെടുപ്പ് അവലോകനം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്.



കോൺഗ്രസിന് ഡൽഹിയിൽ പുതിയ ആസ്ഥാന മന്ദിരമായി; ഉദ്ഘാടനം സ്വാതന്ത്ര്യ ദിനത്തിൽ

ന്യൂഡൽഹി: ഇന്ത്യൻ നാഷനൽ കോണ്‍ഗ്രസിന് ഡൽഹിയിൽ പുതിയ ആസ്ഥാന മന്ദിരമായി. കോട്‍ല മാർഗിലെ ‘9എ’യിലാണ് ‘ഇന്ദിര ഭവൻ’ എന്ന പേരിൽ പുതിയ ആസ്ഥാനം ഒരുങ്ങിയത്. സർക്കാർ അനുമതി ലഭിച്ചാൽ വരുന്ന സ്വാതന്ത്ര്യ ദിനത്തിൽ ഉദ്ഘാടനം നടക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.


ആറ് നിലകളിലായാണ് ആസ്ഥാന മന്ദിരം ഒരുക്കിയിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, മറ്റ്‌ ഭാരവാഹികൾ എന്നിവർക്കും പാർലമെന്ററി പാർട്ടി നേതാവിനും ലോക്സഭയിലെ പ്രതിപക്ഷ നേതാവിനും പോഷക സംഘടനകൾക്കുമെല്ലാം പ്രത്യേക മുറികൾ ഉണ്ടാകും. കോൺഫറൻസ് ഹാളുകൾ, ലൈബ്രറി, ഗവേഷണ കേന്ദ്രം എന്നിവയും ഒരുക്കിയിട്ടുണ്ട്. ദീൻ ദയാൽ ഉപാധ്യായ മാർഗിൽ നിന്നും കോട്‍ല മാർഗിൽ നിന്നും പ്രവേശന കവാടങ്ങൾ ഉണ്ടാകും. കോട്‍ല മാർഗിൽ നിന്നാണ് പ്രധാന പ്രവേശന കവാടം. ദീൻ ദയാൽ ഉപാധ്യായ മാർഗിൽ ആണ് ബി.ജെ.പി ആസ്ഥാനമുള്ളത്.

2016ലാണ് കോട്‍ല മാർഗിലെ എ.ഐ.സി.സി ആസ്ഥാന മന്ദിരത്തിന്റെ പ്രവൃത്തി തുടങ്ങിയത്. 2019ൽ കോൺഗ്രസിന്റെ 130ാം സ്ഥാപക ദിനത്തിൽ ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനമെങ്കിലും ഫണ്ടിന്റെ അപര്യാപ്തത ഉൾപ്പെടെയുള്ള കാരണങ്ങളാൽ നിർമാണം വൈകുകയായിരുന്നു. നിലവിൽ 24, അക്ബർ റോഡിലാണ് എ.ഐ.സി.സി ആസ്ഥാനം. 1978 ൽ ഇന്ദിര ഗാന്ധിയുടെ വിശ്വസ്തനും എം.പിയുമായിരുന്ന ജി. വെങ്കിട്ടസ്വാമി തന്റെ വസതി കോൺഗ്രസിനായി വിട്ടു നൽകുകയായിരുന്നു


Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Now
Ok, Go it!