◾സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം.
ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ രാജേനന്ദ്രനഗറിലുള്ള റാവൂസ് യു.പി.എസ്.സി. പരിശീലന കേന്ദ്രത്തിലാണ് സംഭവം. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. മൂന്നു നിലക്കെട്ടിടത്തിന്റെ ബേസ്മെന്റിലാണ് വെള്ളം കയറിയത്. കനത്ത മഴയെ തുടര്‍ന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം ബേസ്മെന്റിലേക്ക് കുത്തിയൊഴുകുകയായിരുന്നു. ബേസ്മെന്റ് മുഴുവനായി തന്നെ വെള്ളത്തില്‍ മുങ്ങി.
◾മാലിന്യ മുക്ത കേരളത്തിനായി ക്യാമ്പയിനുമായി സര്‍ക്കാര്‍.
മാലിന്യ മുക്ത കേരളത്തിനായി ക്യാമ്പയിനുമായി സര്‍ക്കാര്‍. സര്‍ക്കാരും പ്രതിപക്ഷവും യോജിച്ചായിരിക്കും പ്രചാരണം നടത്തുക. ഒക്ടോബര്‍ 2 മുതല്‍ മാര്‍ച്ച് 30 വരെ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. ക്യാമ്പയിന്‍ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രി അധ്യക്ഷനായി ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവും മന്ത്രിമാരുമാണ് സമിതിയിലെ അംഗങ്ങള്‍.
◾കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ ഒരു ആശയ കുഴപ്പവും ഇല്ലെന്ന്
കേരള സര്‍ക്കാര്‍ സ്ഥലമേറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ എയിംസ് അനുവദിക്കുന്നതിനുള്ള നടപടി കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ ഒരു ആശയ കുഴപ്പവും ഇല്ലെന്നും സ്ഥലമേറ്റെടുത്ത് കൈമാറിയ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നോട്ടിഫിക്കേഷനിലൂടെയാണ് നേരത്തെ എയിംസ് അനുവദിച്ചതെന്നും ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി.
◾അര്‍ജുനായുള്ള തെരച്ചില്‍ ഇന്നും തുടരും
ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടര്‍ന്ന് മാല്‍പെ സംഘം. ജീവന്‍ പണയപ്പെടുത്തിയുള്ള നിര്‍ണായക രക്ഷാപ്രവര്‍ത്തനത്തിനാണ് ഷിരൂര്‍ ഇന്നലെ സാക്ഷ്യം വഹിച്ചത്. ഗംഗാവലി പുഴയിലെ ഇന്നലത്തെ തെരച്ചില്‍ അതീവ ദുഷ്‌കരമായിരുന്നു. മത്സ്യത്തൊഴിലാളിയായ ഈശ്വര്‍ മാല്‍പെ നദിയുടെ ആഴങ്ങളില്‍ ഡൈവ് ചെയ്തിട്ടും കാര്യമുണ്ടായില്ല. മരക്കഷ്ണവും ചളിയും പാറയും മാത്രമാണ് ഇന്നലത്തെ പരിശോധനയിയില്‍ കണ്ടെത്തിയത്. ഒരു തവണ ബന്ധിപ്പിച്ചിരുന്ന കയര്‍ പൊട്ടി ഒഴുക്കില്‍പ്പെട്ട ഈശ്വറിനെ നാവികസേനയാണ് രക്ഷപ്പെടുത്തിയത്. അതേ സമയം അര്‍ജുനായുള്ള തെരച്ചില്‍ ഇന്നും തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പ അര്‍ജുനായുള്ള തെരച്ചില്‍ തുടരുന്നത് സംബന്ധിച്ച് ഇന്ന് നിര്‍ണായക തീരുമാനത്തിന് സാധ്യത. ഗംഗാവലി പുഴയില്‍ കൂടുതല്‍ പോയിന്റുകളില്‍ മത്സ്യത്തൊഴിലാളിയായ ഈശ്വര്‍ മാല്‍പെയും സംഘവും ഇന്നും തെരച്ചില്‍ നടത്തും. എന്നാല്‍ ഏറെ ശ്രമകരമായ ദൗത്യത്തില്‍ ഫലം കണ്ടില്ലെങ്കില്‍ എങ്ങനെ ദൗത്യം മുന്നോട്ട് കൊണ്ടു പോകും എന്ന കാര്യത്തില്‍ പ്രധാനപ്പെട്ട തീരുമാനം ഇന്ന് ഉണ്ടാകും എന്നാണ് വിവരം. ദൗത്യത്തിന്റെ പുരോഗതിയില്‍ ജില്ലാ കളക്ടര്‍ ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.
◾നാലു പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയി
നാലു പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി മന്ത്രി വീണാ ജോര്‍ജ്. പുതുതായി 7 പേരാണ് അഡ്മിറ്റായത്. ആകെ 8 പേരാണ് ചികിത്സയിലുള്ളതെന്നും മന്ത്രി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ഇതുവരെ ആകെ 836 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
◾മൂന്നര വയസുകാരന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നര വയസുകാരന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. പക്ഷെ ആരോഗ്യത്തില്‍ പുരോഗതിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ ഇതേ ആശുപത്രിയില്‍ തുടരുന്ന കോഴിക്കോട് സ്വദേശിയായ നാലു വയസുകാരന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്.
◾അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത.
മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
◾ശിവരാമനെ എല്‍ഡിഎഫ് ഇടുക്കി ജില്ലാ കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കി.
സിപിഐ നേതാവ് കെകെ ശിവരാമനെ എല്‍ഡിഎഫ് ഇടുക്കി ജില്ലാ കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കി. മുന്നണി മര്യാദകള്‍ ലംഘിച്ച് സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നുവെന്ന വിമര്‍ശനം എല്‍ഡിഎഫില്‍ നിന്ന് തന്നെ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കെകെ ശിവരാമനെതിരെയുള്ള നീക്കം. ശിവരാമന് പകരം ജില്ലാ സെക്രട്ടറി സലിം കുമാറിനായിരിക്കും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുടെ ചുമതല.
◾ സിപിഎം നേതൃത്വത്തിനെതിരെ തുറന്നടിച്ച് സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റി അംഗം
സിപിഎം നേതൃത്വത്തിനെതിരെ തുറന്നടിച്ച് സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റി അംഗം സികെപി പത്മനാഭന്‍. തന്നെ കരുതിക്കൂട്ടി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ആളുകളാണ് സിപിഎമ്മിനെ ഇന്നത്തെ അവസ്ഥയിലെത്തിച്ചതെന്നും പാര്‍ട്ടിയിലെ വിഭാഗീയത അധികാരത്തെ ചൊല്ലിയായിരുന്നെന്നും അതിന്റെ ഇരയാണ് താനെന്നും സികെപി തുറന്നടിച്ചു. ജനങ്ങള്‍ വെറുക്കുന്ന രീതിയില്‍ പാര്‍ട്ടി എത്തിയതില്‍ പരിശോധന വേണമെന്നും താഴെ തട്ടില്‍ അല്ല മുകളില്‍ തന്നെ തിരുത്തല്‍ വേണമെന്നും സികെപി കൂട്ടിച്ചേര്‍ത്തു. ഇനി എത്രകാലം ജീവിക്കുമെന്നറിയില്ല, സത്യം ജനങ്ങള്‍ അറിയണം എന്ന് പറഞ്ഞാണ് സികെപി പത്മനാഭന്റെ തുറന്ന് പറച്ചില്‍.
◾മിത്തുകളെ വ്യാഖ്യാനിച്ചും പ്രചരിപ്പിച്ചും യാഥാര്‍ത്ഥ്യമാണെന്നു വരുത്തിത്തീര്‍ക്കുന്നതിനുള്ള ശ്രമങ്ങൾ വർദ്ധിച്ച് വരുന്നു
മിത്തുകളെ വ്യാഖ്യാനിച്ചും പ്രചരിപ്പിച്ചും യാഥാര്‍ത്ഥ്യമാണെന്നു വരുത്തിത്തീര്‍ക്കുന്നതിനുള്ള ശ്രമങ്ങളാണ് ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് നടക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു. ശാസ്ത്രത്തെ മിത്തുകളാക്കി വ്യാഖ്യാനിക്കുന്ന രീതി വര്‍ധിച്ചുവരികയാണ്. രാജ്യത്തിന്റെ ബഹുസ്വരതയ്ക്കു ഭീഷണിയാകുന്ന ഭീതിജനകമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. സംവാദങ്ങള്‍ സൃഷ്ടിക്കുന്നതിനു പകരം വിവാദം സൃഷ്ടിക്കാനാണ് മാധ്യമപ്രവര്‍ത്തകര്‍ പുതിയ കാലഘട്ടത്തില്‍ ശ്രമിക്കുന്നതെന്നും അതു തിരുത്തപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഫ്രാങ്കോ ലൂയിസ് രചിച്ച '100 മിത്തുകള്‍' എന്ന പുരാണ കഥാസമാഹാര ഗ്രന്ഥം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ആര്‍. ബിന്ദു.
.
◾ ആശുപത്രി, സുരക്ഷിത ക്യാമ്പസ്
സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജ് ക്യാമ്പസുകളിലും സുരക്ഷിത ആശുപത്രി, സുരക്ഷിത ക്യാമ്പസ് ഇനിഷ്യേറ്റീവ് ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളേയും ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്. അതത് സ്ഥലങ്ങളിലെ ഇലക്ട്രിക്കല്‍ എ.ഇ. മാരുടെ നേതൃത്വത്തില്‍ ലിഫ്റ്റുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയുടെ സുരക്ഷ ഉറപ്പ് വരുത്തി വരുന്നതായും മന്ത്രി പറഞ്ഞു.
ജീവനക്കാര്‍ക്ക് നിയമ പരിരക്ഷയും ചികിത്സാ സഹായവും ഉറപ്പുവരുത്തും
ജോലിക്കിടെ പൊതുജനങ്ങളില്‍ നിന്ന് ആക്രമണം നേരിടുന്ന ജീവനക്കാര്‍ക്ക് നിയമ പരിരക്ഷയും ചികിത്സാ സഹായവും ഉറപ്പുവരുത്തുമെന്ന് കെ.എസ്.ഇ.ബി. ജീവനക്കാര്‍ക്കെതിരെ ശാരീരികവും മാനസികവുമായ അതിക്രമം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ചെയര്‍മാന്റെ ഓഫീസ് അറിയിച്ചു.
◾ സമകാലികം വാർത്ത