ദുരിത ബാധിതരെ നമ്മുക്ക് വീണ്ടെടുക്കാം

മഴക്കാലം വന്നെത്തുന്നതോടെ കടുത്ത ഭീതിയിലും ആധിയിലുമാണ് കേരളീയ സമൂഹം. വിശേഷിച്ചും മലയോര വാസികള്‍. മഴ കനത്താല്‍ എപ്പോഴും എവിടെയും ഉരുള്‍പൊട്ടാമെന്നതാണ് അവസ്ഥ. ആരൊക്കെയാണ് മലവെള്ളപ്പാച്ചിലിന്റെ കുത്തൊഴുക്കില്‍ അകപ്പെടുകയെന്നറിയാതെ ഉത്കണ്ഠയോടെയാണ് വര്‍ഷകാലത്ത് മലയോരവാസികള്‍ അന്തിയുറങ്ങുന്നത്. വയനാട് പോലെ അവികസിത പ്രദേശങ്ങളില്‍ വിശേഷിച്ചും. എന്തെങ്കിലും അപകടമോ ദുരന്തങ്ങളോ സംഭവിച്ചാല്‍ ആശ്രയിക്കാന്‍ പറ്റിയ മികച്ച ആശുപത്രി, ഒരു റോഡിന് എന്തെങ്കിലും സംഭവിച്ചാല്‍ ആശ്രയിക്കാവുന്ന ബദല്‍ റോഡുകള്‍ തുടങ്ങിയവയെല്ലാം ഇന്നും വിദൂരസ്വപ്‌നമായി അവശേഷിക്കുന്നു വയനാട്ടുകാര്‍ക്ക്. ചൂരല്‍മല തകര്‍ന്നതോടെ മുണ്ടക്കൈയിലേക്കുള്ള ഗതാഗത മാര്‍ഗം അടഞ്ഞതാണ് അവിടെ രക്ഷാപ്രവര്‍ത്തനത്തിന് താമസം നേരിടാനിടയാക്കിയതും ദുഷ്‌കരമാക്കിയതും. ബദല്‍ റോഡോ രക്ഷാപ്രവര്‍ത്തകര്‍ക്ക് ദുരന്തഭൂമിയിലേക്ക് എത്തിപ്പെടാനുള്ള മറ്റു സംവിധാനങ്ങളോ ഉണ്ടായിരുന്നെങ്കില്‍ മരണസംഖ്യയുള്‍പ്പെടെ ദുരന്തത്തിന്റെ വ്യാപ്തി കുറക്കാനാകുമായിരുന്നു


സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് ചൊവ്വാഴ്ച പുലര്‍ച്ചെ വയനാട് മുണ്ടക്കൈയിലെ പുഞ്ചിരിമട്ടത്തും മേപ്പാടി ചൂരല്‍മലയിലും സംഭവിച്ചത്. മുണ്ടക്കൈ ഏറെക്കുറെ അപ്പാടെയും ചൂരല്‍മലയുടെ സിംഹഭാഗവും മലവെള്ളപ്പാച്ചില്‍ നക്കിത്തുടച്ചു. എത്ര പേര്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയെന്നും എത്ര പേര്‍ രക്ഷപ്പെട്ട് മറ്റു സ്ഥലങ്ങളില്‍ അഭയം തേടിയെന്നും കൃത്യമായ വിവരമില്ലാത്തതിനാല്‍ മരണസംഖ്യ തിട്ടപ്പെടുത്താനായിട്ടില്ല. ഇതെഴുതുന്പോൾ നൂറില്‍പരം മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇനിയും നിരവധി പേര്‍ മണ്ണിനടിയിലും പുഴയിലുമായി ചേതനയറ്റു കിടക്കുന്നുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. മുണ്ടക്കൈയിലേക്കുള്ള റോഡുകളും പാലവും ഒലിച്ചുപോകുകയും പ്രദേശം മലവെള്ളത്താല്‍ ചുറ്റപ്പെടുകയും ചെയ്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതാണ് മരണസംഖ്യ കൂടാന്‍ കാരണം. പ്രദേശത്തെ മിക്ക വീടുകളും പള്ളിയും മദ്‌റസയും അടക്കമുള്ള സ്ഥാപനങ്ങളും പാടികളും മലവെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചു പോയി. ചെളിനിറഞ്ഞ മലവെള്ളപ്പാച്ചിലിന്റെ അവശേഷിപ്പുകളും പാറക്കല്ലുകളും മാത്രമാണ് നിലവില്‍ ഈ ഭാഗങ്ങളില്‍ കാണാവുന്നത്. നൂറ്റമ്പതോളം വീടുകളുണ്ടായിരുന്ന മുണ്ടക്കൈയില്‍ പത്ത് വീടുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. മുണ്ടക്കൈയില്‍ നിന്ന് 25 കി.മീറ്റര്‍ അകലെയുളള നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് നിന്നാണ് 26 മൃതദേഹങ്ങള്‍ കിട്ടിയതെന്നത് ഉരുള്‍പൊട്ടലിന്റെ തീവ്രതയിലേക്കും ദുരന്തത്തിന്റെ വ്യാപ്തിയിലേക്കും വിരല്‍ ചൂണ്ടുന്നു.

പുത്തുമല ഉരുള്‍പൊട്ടല്‍ സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് വയനാട് മോചിതമാകുന്നതിനു മുമ്പാണ് ഇപ്പോള്‍ നാടിനെ നടുക്കിയ കൂടുതല്‍ മാരകമായ ഉരുള്‍പൊട്ടല്‍ സംഭവിച്ചത്. 2019 ആഗസ്റ്റ് എട്ടിനായിരുന്നു 17 ജീവന്‍ നഷ്ടമാകുകയും 57 വീടുകള്‍ പാടേ തകരുകയും ചെയ്ത പുത്തുമല ഉരുള്‍പൊട്ടല്‍. ഏക്കര്‍ കണക്കിന് കൃഷിയും ആരാധനാലയങ്ങളും ക്വാര്‍ട്ടേഴ്‌സുകളും പോസ്റ്റ് ഓഫീസും നിരവധി വാഹനങ്ങളും പാടികളും തകര്‍ന്നടിയുകയും ചെയ്തു. അന്ന് കാണാതായ അഞ്ച് പേര്‍ എവിടെയെന്നത് വയനാടിന്റെ നെഞ്ചില്‍ നൊമ്പരമായി ഇപ്പോഴും അവശേഷിക്കുന്നു. പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കി.മീറ്റര്‍ ദൂരമേ ഇന്നലെ ഉരുള്‍പൊട്ടല്‍ നടന്ന ചൂരല്‍മലയിലേക്കുള്ളൂ.

ഉരുള്‍പൊട്ടല്‍ പുതിയ പ്രതിഭാസമല്ല. എങ്കിലും സമീപകാലത്തായി വര്‍ഷംതോറും സംസ്ഥാനത്ത് ഈ ദുരന്തം സംഭവിക്കുകയും വ്യാപ്തി വര്‍ധിക്കുകയും ചെയ്യുന്നു. മണ്ണിന് ഉള്‍ക്കൊള്ളാവുന്ന ജലത്തിന് ഒരു പരിധിയുണ്ട്. തുടരെ തുടരെ ഇടതടവില്ലാതെ മഴ പെയ്യുമ്പോള്‍ മണ്ണിന് ജലത്തെ സ്വീകരിക്കാന്‍ കഴിയാതെ വരും. ഇതാണ് ഉരുള്‍പൊട്ടലിന് വിദഗ്ധര്‍ പറയുന്ന ഒരു കാരണം. വയനാട് ജില്ലയില്‍ തിങ്കളാഴ്ച പാതിരാ മുതല്‍ ചൊവ്വാഴ്ച പാതിരാ വരെയുള്ള 24 മണിക്കൂറിനുള്ളില്‍ വര്‍ഷിച്ചത് മുന്നൂറ് മില്ലിമീറ്ററിലേറെ മഴയാണ്. തലേദിവസം വര്‍ഷിച്ച മഴയുടെ ഇരട്ടിയോളം. ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ഉരുള്‍പൊട്ടലിനു കാരണം കുറഞ്ഞ സമയത്തിനകം വന്‍തോതില്‍ മഴ വര്‍ഷിച്ചതാണെന്ന് വിലയിരുത്തപ്പെടുന്നു. 2012ല്‍ പുല്ലൂരാംപാറയില്‍ സംഭവിച്ച ഉരുള്‍പൊട്ടല്‍ ഒരു മണിക്കൂറിനുള്ളില്‍ പ്രദേശത്ത് വര്‍ഷിച്ച കനത്ത മഴയെ തുടര്‍ന്നായിരുന്നു. മണ്ണിനടിയില്‍ മാളങ്ങള്‍ പ്രത്യക്ഷപ്പെട്ട് അതില്‍ വെള്ളം നിറയുമ്പോഴും ഉരുള്‍പൊട്ടലുണ്ടാകാം. ഇത് പ്രകൃത്യാ സംഭവിക്കാം. മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ അവശേഷിക്കുന്ന വലിയ വേരുകള്‍ ക്രമേണ ജീര്‍ണിച്ച് മാളങ്ങളായി പരിണമിക്കാനും സാധ്യതയുണ്ട്. ക്വാറികള്‍ക്കുമുണ്ട് ഉരുള്‍പൊട്ടലില്‍ പങ്ക്. ക്വാറികളിലെ അനിയന്ത്രിത സ്‌ഫോടനങ്ങളുടെ തരംഗങ്ങള്‍ രണ്ട് കി.മീറ്റര്‍ ദൂരെ വരെ പ്രതിഫലിച്ചേക്കാം. ഇത് ഉപരിതല മണ്ണില്‍ വിള്ളലുകള്‍ സൃഷ്ടിക്കും.
നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിന്റെ പഠന റിപോര്‍ട്ടനുസരിച്ച് പാലക്കാട് ജില്ലയിലെ 324.62 കി.മീറ്റര്‍ പ്രദേശമാണ് സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ എറ്റവും മുന്നില്‍. രണ്ടാമത് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടാണ്. മൂന്നാം സ്ഥാനമാണ് വയനാടിന്. എന്നാല്‍ സമീപ കാലത്തായി കൂടുതല്‍ ഉരുള്‍പൊട്ടലുകള്‍ സംഭവിക്കുന്നത് വയനാട്ടിലും സമീപ പ്രദേശങ്ങളിലുമാണ്. ഇതെന്തുകൊണ്ടെന്ന് കൂടുതല്‍ പഠനമാവശ്യമാണ്.
മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും ദുരിത ബാധിതര്‍ക്ക് ആവശ്യമായ സഹായങ്ങളെത്തിച്ചു കൊടുക്കുകയും വീടുകള്‍ നഷ്ടപ്പെട്ടര്‍വര്‍ക്ക് പുതിയ വീടുകള്‍ നിര്‍മിച്ച് പുനരധിവസിപ്പിക്കുകയുമാണ് ഇനി സര്‍ക്കാറിന്റെയും സമൂഹത്തിന്റെയും പ്രഥമ കര്‍ത്തവ്യം. നാടൊന്നാകെ വിറങ്ങലിച്ചു പോകുന്ന ഇത്തരം ദുരന്തങ്ങളില്‍ സര്‍ക്കാറിനൊപ്പം സന്നദ്ധ സംഘടനകളുമുണ്ടാകണം ദുരിത ബാധിതരെ കൈപിടിച്ചുയര്‍ത്താന്‍"

ദുരിതബാധിതരെ കൈപിടിച്ചുയര്‍ത്തുക
ആരൊക്കെയാണ് മലവെള്ളപ്പാച്ചിലിന്റെ കുത്തൊഴുക്കില്‍ അകപ്പെടുകയെന്നറിയാതെ ഉത്കണ്ഠയോടെയാണ് വര്‍ഷകാലത്ത് മലയോരവാസികള്‍ അന്തിയുറങ്ങുന്നത്. വയനാട് പോലെ അവികസിത പ്രദേശങ്ങളില്‍ വിശേഷിച്ചും. ദുരന്തങ്ങള്‍ സംഭവിച്ചാല്‍ ആശ്രയിക്കാന്‍ പറ്റിയ ആശുപത്രി, ബദല്‍ റോഡുകള്‍ തുടങ്ങിയവയെല്ലാം ഇന്നും വിദൂരസ്വപ്‌നമാണ് വയനാട്ടുകാര്‍ക്ക്.


അതിനിടെ കോഴിക്കോട് ജില്ലയിലെ വിലങ്ങാടുമുണ്ടായി ചെറിയ തോതിലുള്ള ഉരുള്‍പൊട്ടല്‍. മഞ്ഞച്ചീളി, അടിച്ചിപ്പാറ, മലയങ്ങാട്, പന്നിയങ്കേരി, മുച്ചിക്കയം തുടങ്ങി പല സ്ഥലങ്ങളിലായി നടന്ന ഉരുള്‍പൊട്ടലില്‍ 20 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ഒരാളെ കാണാതാകുകയും ചെയ്തു.


.


1https://chat.whatsapp.com/2JfssH3nkl22l8hNa49U91

Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Now
Ok, Go it!