കേരളം ആസ്ഥാനമാക്കിയുള്ള അല്‍ഹിന്ദ് എയറിന് വിമാക്കമ്പനി തുടങ്ങാനുള്ള കേന്ദ്രാനുമതി ലഭിച്ചു

 

മൂന്ന് പതിറ്റാണ്ടിലേറെയായി ട്രാവൽ വ്യവസായത്തിൽ പ്രവർത്തിക്കുന്ന അൽഹിന്ദ് ഗ്രൂപ്പിന് ഇന്ത്യയി ആഭ്യന്തര വിമാന കമ്പനി ആരംഭിക്കാൻ അനുമതി ലഭിച്ചതായി അൽഹിന്ദ് ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് ഹാരിസ് പറഞ്ഞു

 യാത്രക്കാര്‍ക്ക് താരതമ്യേന കുറഞ്ഞ നിരക്കില്‍ സേവനം ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അല്‍ഹിന്ദ് ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് ഹാരിസ് പറഞ്ഞു.

 ''കഴിഞ്ഞ ആഴ്ച, ഞങ്ങള്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിലെ (സിയാല്‍) ഉദ്യോഗസ്ഥരുമായി ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് അനുമതിക്ക് ആവശ്യമായ എല്ലാ രേഖകളും ഞങ്ങള്‍ സമര്‍പ്പിച്ചു,'' അദ്ദേഹം പറഞ്ഞു.


എയര്‍ലൈന്‍ ആരംഭിക്കുന്നതിന് തങ്ങള്‍ക്ക് നേരത്തെ തന്നെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു എന്നും പരമാവധി 2025 ജനുവരിയോടെ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് എടിആര്‍-72 ടര്‍ബോപ്രോപ്പ് വിമാനങ്ങളുമായാണ് അല്‍ഹിന്ദ് എയര്‍ലൈന്‍ ആരംഭിക്കുന്നത്. തുടക്കത്തില്‍ ഇന്ത്യന്‍ നഗരങ്ങളില്‍ മാത്രം സേവനം നല്‍കുന്ന കമ്പനിക്ക് അതിവേഗം വിപുലീകരിക്കാന്‍ പദ്ധതിയുണ്ട്.

20 വിമാനങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും എന്നും തങ്ങളുടെ ആദ്യ ലക്ഷ്യസ്ഥാനം യുഎഇ ആയിരിക്കും എന്നും കമ്പനിയുടെ വക്താവ് സ്ഥിരീകരിച്ചു. 'ഞങ്ങള്‍ക്ക് ഈ മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തി പരിചയമുണ്ട്. ഞങ്ങളുടെ ഏറ്റവും വിശ്വസ്തരായ ഉപഭോക്താക്കളില്‍ ചിലര്‍ യുഎഇയില്‍ നിന്നുള്ളവരാണ്. യുഎഇ പ്രവാസികള്‍ക്ക് സേവനം നല്‍കുന്നതിനായി ഞങ്ങളുടെ ടിക്കറ്റ് നിരക്ക് വിപണിയിലെ ഏറ്റവും താഴ്ന്ന നിരക്കിലായിരിക്കും,' അദ്ദേഹം വ്യക്തമാക്കി.


മിഡില്‍ ഈസ്റ്റ് തങ്ങളുടെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും, കമ്പനി അത് എത്രയും വേഗം ലക്ഷ്യത്തിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുമ്പ് ഇന്ത്യയിലെ ആകാശ് എയര്‍ലൈന്‍ അതിന്റെ ആഭ്യന്തര എയര്‍ലൈന്‍ ആരംഭിച്ച് 17 മാസത്തിനുള്ളില്‍ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


മിഡില്‍ ഈസ്റ്റ് റൂട്ടുകള്‍ക്കായി ഗ്രൂപ്പ് എയര്‍ബസ് എ 320 പ്രവര്‍ത്തിപ്പിക്കുമെന്നും കുറഞ്ഞ ചെലവ് നിലനിര്‍ത്താന്‍ കമ്പനി ചുരുങ്ങിയ എണ്ണം ജീവനക്കാരെ മാത്രമേ നിയമിക്കുകയുള്ളൂ എന്നും വക്താവ് അറിയിച്ചു. അല്‍ഹിന്ദ് മാനേജ്മെന്റ്, കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

ഇരുവരും പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ഹിന്ദ് ഗ്രൂപ്പ് ടിക്കറ്റിംഗ്, ടൂര്‍ പ്രവര്‍ത്തനങ്ങള്‍, ചാര്‍ട്ടറുകള്‍, ഹോട്ടല്‍ ബുക്കിംഗ്, വിസ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കമ്പനിയുടെ രേഖകള്‍ പ്രകാരം 8 ബില്യണ്‍ ദിര്‍ഹത്തിന്റെ വിറ്റുവരവാണ് ഗ്രൂപ്പിനുള്ളത്. യുഎഇയിലെ അല്‍ഹിന്ദ് ബിസിനസ് സെന്ററിന്റെ കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിന് 19 വര്‍ഷത്തിലേറെയായി രാജ്യത്ത് സാന്നിധ്യമുണ്ട്.

നിരവധി എയര്‍ലൈനുകളുടെ ജനറല്‍ സെയില്‍സ് ഏജന്റ് കൂടിയാണ് അല്‍ഹിന്ദ് ഗ്രൂപ്പ്. കമ്പനിക്ക് കേരളത്തിലും ന്യൂഡല്‍ഹിയിലും രണ്ട് ഓഫീസുകളുണ്ട്. അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞാല്‍ യുഎഇയിലും ഓഫീസ് ഉണ്ടാകും എന്നും കമ്പനി വക്താവ് അറിയിച്ചു.

Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Now
Ok, Go it!