അമീബിക്ക് മസ്തിഷ്‌ക ജ്വരം പിടിപെടുന്നത് തടയാൻ ജാഗത്രാ നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

 




അമീബിക്ക് മസ്തിഷ്‌ക ജ്വരം പിടിപെടുന്നത് തടയാൻ ജാഗത്രാ നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. കുളം, തോട് തുടങ്ങിയ ജലാശയങ്ങളിൽ കുളിച്ചവർക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ അത് പറഞ്ഞ് തന്നെ ചികിത്സ തേടണം.

ഇത്തരം ജലവുമായി ഏതെങ്കിലും രീതിയിൽ സമ്പർക്കം ഉണ്ടായിട്ടുള്ളവർക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടണം. 97 ശതമാനം മരണ നിരക്കുള്ള രോഗമായതിനാൽ ആരംഭത്തിൽ കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്. ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേർ മാത്രമാണ്. കേരളത്തിൽ രണ്ട് പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

▶️ എന്താണ് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ?

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ വളരെ അപൂർവമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്. ഇതൊരു പകർച്ചവ്യാധിയല്ല. മിക്കവാറും ജലാശയങ്ങളിൽ അമീബ കാണാം. വേനൽക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വർധിക്കുന്നത്. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. നട്ടെല്ലിൽ നിന്നും സ്രവം കുത്തിയെടുത്ത് പിസിആർ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയ്ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന 5 മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. എത്രയുംവേഗം മരുന്നുകൾ നൽകിത്തുടങ്ങുന്നവരിലാണ് രോഗം ഭേദമാക്കാൻ സാധിക്കുന്നത്. അതിനാൽ ലക്ഷണങ്ങൾ തുടങ്ങി എത്രയും വേഗം മരുന്നുകൾ നൽകണം.

▶️ പ്രാഥമിക ലക്ഷണങ്ങൾ:

* തീവ്രമായ തലവേദന
* പനി
* ഓക്കാനം
* ഛർദ്ദി
* കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്
* വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്

രോഗം ഗുരുതരാവസ്ഥയിലായാൽ അപ്‌സ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുന്നു. ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ ലഭ്യമാക്കണം.

▶️ ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ:

* പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും മുഖം കഴുകുന്നതും ഒഴിവാക്കുക.

* വർഷങ്ങളായി വൃത്തിയാക്കാത്ത വാട്ടർ ടാങ്കിലെ വെള്ളം ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം.

* ചെളി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ അമീബ ഉണ്ടോയേക്കാം.

* മൂക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയമായവർ, തലയിൽ ക്ഷതമേറ്റവർ, തലയിൽ ശസ്ത്രക്രിയ്ക്ക് വിധേയമായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.

* ചെവിയിൽ പഴുപ്പുള്ളവർ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാൻ പാടില്ല.

* കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം.

* വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിംഗ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.

* മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ മൂക്കിൽ വലിച്ചു കയറ്റുകയോ ചെയ്യരുത്.

* മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കുക.

#healthcare #AmoebicMeningoencephalitis

Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Now
Ok, Go it!