മാമൂൽ
ചെറുകഥ
NKP ഷാഹുൽ
ജലീൽ തിരിഞ്ഞും മറിഞ്ഞും കിടന്നു... ഒരു കഥയും മനസ്സിൽ വരുന്നില്ല.. വൈകിട്ട് അഞ്ചു മണിക്ക് കഥ സബ്മിറ്റ് ചെയ്യണം.. സ്ഥലത്തെ വായനശാലയുടെ വാർഷികമാണ്... പണ്ടെപ്പോ ഒരു കഥ എഴുതി സ്‌കൂൾ കൈ എഴുത്തു മാസികയിൽ കൊടുത്തതാണ് പ്രശ്നമായതു.. ജലീൽ കഥ എഴുതും എന്നു ചങ്ങാതിമാർക്ക് പറഞ്ഞു നടക്കാൻ പിന്നെ മറ്റൊന്നും വേണ്ടല്ലോ .
എല്ലാവരും കൂടി നിർബന്ധിച്ചാൽ പിന്നെ എന്ത് ചെയ്യും. അങ്ങനെയാണ് താൻ പേര് കൊടുത്തത്... ഇവിടെയിതാ ഇപ്പോൾ മണി മൂന്നായി... ഇനി വെറും രണ്ട് മണിക്കൂർ. അതിനിടയിൽ ഞാൻ കഥയ്ക്ക് എവിടെ പോകും... പഴയ പത്രമാസിക പരതിയാലോ. പണ്ട് ആരെങ്കിലും എഴുതിയ കഥ കാണും.. അതൊന്നും ഇപ്പോൾ ആരും ഓർമിച്ചു വെക്കാൻ പോകുന്നില്ല... ഈ കഥയെഴുതുന്നവർക്കൊക്കെ എങ്ങനെയാണ് ഓരോ ഐഡിയ കിട്ടുന്നത്. എത്ര പെട്ടെന്നാണ് ഓരോ കഥ അവരെഴുതി ഉണ്ടാക്കി മാസികകൾക്കും വാരികകൾക്കും അയച്ചു കൊടുക്കുന്നത്? ജലീലിന്റെ ചിന്തകൾ കാടു കയറി... കയ്യിൽ പേനയും കടലാസും കഥയ്ക്കു വേണ്ടി കാത്തു നിൽക്കുന്നു... ഇതുവരെ ഒരക്ഷരം അതിൽ വീണില്ല. അഞ്ചു മണിക്ക് സെക്രട്ടറി വരും.. കഥ ശേഖരിച്ചു കൊണ്ട് പോകാൻ.... ഇന്നലെ കണ്ടപ്പോൾ പോലും അയാൾ ഓർ മിപ്പിച്ചിരുന്നു ഒന്നാം സമ്മാനത്തിൽ കുറഞ്ഞതൊന്നും വാങ്ങരുതെന്ന് ഇവരുടെ യൊക്കെ വിചാരമെന്താണ്? കടയിൽ പോയി പല ചരക്കു സാധനം പോലെ വാങ്ങാൻ പറ്റുന്ന ഒന്നാണോ ഈ കഥ എന്നു പറയുന്നത്? അത് മനസ്സിലേക്ക് ഇങ്ങോട്ട് പോരണ്ടേ?
ജലീൽ വീണ്ടും പോയി കണ്ണുമടച്ചു കിടന്നു
"മോനെ ജലീലെ" ഉമ്മയുടെ നീട്ടിയുള്ള വിളി.. "എന്താണുമ്മാ"... ജലീൽ വിളിയ്ക്ക് ഉത്തരം നൽകി.. "മോൻ ആ മില്ലിൽ പോയി ഈ അരി ഒന്ന് പൊടിച്ചു കൊണ്ട് വന്നേ....വേഗം വേണം.. നിന്റെ പെങ്ങൾ ജമീലയുടെ ഭർത്താവിന്റെ വീട്ടിലേക്കു അല്പം പലഹാരം ഉണ്ടാക്കുവാൻ ആണ്... അവളെ കല്യാണം ചെയ്ത ശേഷം വരുന്ന ആദ്യമായുള്ള പെരുന്നാളല്ലേ ....
ശോ.. ഉമ്മയ്യ്ക്കു അറിയില്ലല്ലോ ഞാൻ ഒരു കഥയ്ക്ക് വേണ്ടി ഇവിടെ പേറ്റു നോവ് അനുഭവിക്കുന്ന കാര്യം? ഏതായാലും
കഥ അതിന്റെ വഴിക്ക് പോകട്ടെ.. തൽക്കാലം ഉമ്മയുടെ ആഗ്രഹം തീർക്കുക തന്നെ.
അല്ല ഈ അരി ഇന്നലെ സ്റ്റോറിൽ നിന്നു ഞാൻ വാങ്ങി ക്കൊണ്ട് വന്നതല്ലേ... ഇത് നമുക്ക് ചോറ് വെക്കാനുള്ള അരിയല്ലേ... ജലീൽ ഉമ്മയുടെ മുഖത്ത് സംശയത്തോടെ നോക്കി.. എന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയെന്ന വണ്ണം ഉമ്മ പറഞ്ഞു.. അത് സാരമില്ല . എന്തെങ്കിലും ഇന്നു കൊണ്ട് കൊടുത്തില്ലെങ്കിൽ അവരെന്തു കരുതും? ഉമ്മയ്ക്ക് പിന്നെ ഇവിടെ പട്ടിണി കിടന്നാലും പ്രശ്നമില്ല.. മാമൂൽ തെറ്റിക്കാൻ പാടില്ല...
അഞ്ചു മിനിറ്റ് കൊണ്ട് സഞ്ചിയുമായി ജലീൽ മില്ലിലെത്തി... വേഗം പൊടിച്ചു തരണം.. ജമീലയുടെ വീട്ടിലേക്കു പുതിയോട്ടി പലഹാരം ഉണ്ടാക്കാനാ... ജലീൽ പതിവില്ലാത്ത ധൃതി കാണിക്കുന്നതു കണ്ടു മില്ലുകാരൻ ഇക്ബാൽ ചോദിച്ചു.. എന്ത് പറ്റി ജലീലിന് ഇന്ന്?
ഇക്ബാൽ.. എനിക്ക് പെട്ടെന്ന് ഒരു കഥ വേണം... ഇന്ന് വൈകിട്ട് കൊടുക്കേണ്ടതാ.. ഇത് വരെ ഒന്നും മനസ്സിൽ വന്നില്ല... ഒന്ന് സഹായിക്കു... ഇക്ബാൽ ഒരല്പം ആലോചിച്ചു പിന്നെ പറഞ്ഞു.. നിങ്ങളുടെ പറമ്പിന്റെ കിഴക്ക് വശത്തെ അഞ്ചു സെന്റ് സ്ഥലം വിറ്റിട്ട് അല്ലേ നിങ്ങൾ ജമീലയുടെ പുതിയാപ്പിളക്കു സ്ത്രീധനം കൊടുത്തത്? അതേ... നിന്റെ ഉമ്മയുടെ പൊന്നും എളേമ്മയുടെ പൊന്നും ബാങ്കിൽ പണയം വെച്ചിട്ടല്ലേ നിങ്ങൾ കല്യാണം പൊടി പൊടിച്ചത്.? . അതേ. ഇപ്പോൾ ഈ സ്റ്റോറിൽ നിന്ന് കിട്ടിയ അരി, അതും നിങ്ങൾക്ക് കഴിക്കാനുള്ള അരി എടുത്തു ഉപയോഗിച്ചല്ലേ നിങ്ങൾ പുതിയാപ്പിള പലഹാരം ഉണ്ടാക്കാൻ പോണത്.? .. അതിനും ജലീൽ തലയാട്ടി... ഇതൊക്കെ നിന്റെ മുൻപിലുണ്ടായിട്ടും പിന്നെ നീ എന്തിനു വേറെ കഥ പരതി പോകണം?
ഇക്ബാലിന്റെ വാക്കുകൾ ഒരു മിന്നൽ പിണർ പോലെ ജലീലിന്റെ ഉള്ളിൽ കത്തി. പിന്നെ പൊടിച്ചു വെച്ചത് പോലുമെടുക്കാതെ ജലീൽ വീട്ടിലേക്കോടി... വാതിലലടച്ചു ജലീൽ ആദ്യം തന്റെ സുന്ദരമായ കൈയക്ഷരത്തിൽ കഥയുടെ പേര് എഴുതി..... പിന്നെ സൃഷ്‌ടിയുടെ നീ രൊഴുക്കിൽ പെട്ടു ജലീൽ പുളകം കൊണ്ടു.. അതിനിടയിൽ ഉമ്മയുടെ വിളിയൊന്നും അവൻ കേട്ടില്ല....
കൃത്യം അഞ്ചു മണിക്ക് സെക്രട്ടറി വന്നു ബെല്ലടിച്ചപ്പോൾ കയ്യിൽ കടലാസും പിടിച്ചു കൊണ്ടാണ് ജലീൽ വാതിൽ തുറന്നത്.. എന്തെങ്കിലും പറയുന്നതിന് മുൻപ് സെക്രട്ടറി ആ കടലാസ് തുണ്ടു കയ്യിൽ നിന്നു പറിച്ചെടുത്തു വേഗത്തിൽ അയാൾ നടന്നകന്നു..
ആ വർഷത്തെ കഥയ്ക്കുള്ള ഒന്നാം സമ്മാനം ജലീൽ എഴുതിയ "മാമൂൽ" എന്ന കഥയ്ക്ക് തന്നെ ആയിരുന്നു
*NKP ഷാഹുൽ*