ഇന്നത്തെ പ്രധാന വാർത്തകൾ ആഗസ്റ്റ് 27 ചൊവ്വ

          


ലൈംഗികാരോപണം; മുകേഷ് എം.എൽ.എ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് സി.പി.എം തീരുമാനം

തിരുവനന്തപുരം: ആരോപണങ്ങൾ ഓരോന്നായി പുറത്തു വരുന്നെങ്കിലും മുകേഷ് എം.എൽ.എ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് സി.പി.എം തീരുമാനം. ആരോപണം നേരിടുന്ന എം.എൽ.എമാർ രാജിവെക്കുന്ന ചരിത്രം ഇല്ലെന്നാണ് സി.പി.എം നിലപാട്. പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ സമാനമായ രീതിയിൽ ലൈംഗിക ആരോപണങ്ങൾ ഉയർന്നപ്പോൾ അവരും രാജി വെച്ചിട്ടില്ലെന്നാണ് സി.പി.എമ്മിന്‍റെ വാദം


ലൈംഗിക പീഡന പരാതി; സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള കേസ് പ്രത്യേക അന്വേഷണ സംഘത്തിന്

കൊച്ചി: ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ എടുത്ത കേസ് പ്രത്യേക അന്വേഷണസംഘത്തിന് ഉടൻ കൈമാറും. എറണാകുളം നോർത്ത് പോലീസാണ് സ്ത്രീത്വത്തെ അപമാനിച്ചതിന് രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

ഇന്നലെ വൈകിട്ടോടെയാണ് ബംഗാളി നടിയുടെ പരാതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ചത്. പാലേരി മാണിക്യം സിനിമയുടെ ഓഡിഷൻ നടക്കുന്നതിനിടെ സംവിധായകൻ രഞ്ജിത്ത്, കടവന്ത്രയിലെ ഫ്ലാറ്റിൽ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നും കേസെടുക്കണമെന്നും ആയിരുന്നു ആവശ്യം. കമ്മീഷണർ പരാതി കൈമാറിയതിന് പിന്നാലെ നോർത്ത് പൊലീസ് രഞ്ജിത്തിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.



കോഴിക്കോട്ട് വിലങ്ങാട് കനത്ത മഴ; 30 ഓളം പേരെ മാറ്റി പാര്‍പ്പിച്ചു, ടൗൺ പാലം വെള്ളത്തിനടിയില്‍
പാലത്തിലൂടെയുള്ള ഗതാഗതം നിലച്ചു

കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് അതിശക്തമായ മഴ. മഞ്ഞച്ചീളി മേഖലയിൽ ആറ് കുടുംബങ്ങളിൽ നിന്ന് 30 ഓളം പേരെ മാറ്റി താമസിപ്പിച്ചു. വിലങ്ങാട് ടൗൺ പാലം വീണ്ടും വെള്ളത്തിനടിയിലായി. പാലത്തിലൂടെയുള്ള ഗതാഗതം നിലച്ചു. വന മേഖലയിലും അതിശക്തമായ മഴ തുടരുകയാണ്


എപ്പോള്‍ വിവാഹം?, ചോദ്യം വീണ്ടും; വിവാഹിതനായെന്ന് രാഹുല്‍ ഗാന്ധി


എപ്പോള്‍ വിവാഹം കഴിക്കുമെന്ന ചോദ്യം നിരവധി തവണ കേട്ടുമടുത്ത നേതാവാണ് രാഹുല്‍ഗാന്ധി. ഇത്തവണ ചോദ്യം ശ്രീനഗറില്‍ നിന്നാണ്. വിദ്യാര്‍ത്ഥികളുമായി നടത്തിയ സംഭാഷണത്തിനിടെയാണ് സമാനചോദ്യം രാഹുല്‍ വീണ്ടും കേള്‍ക്കേണ്ടിവന്നത്.‘എനിക്കു ചേര്‍ന്നൊരു പെണ്‍കുട്ടി വരുമ്പോള്‍ വിവാഹം കഴിക്കാമെന്നതായിരുന്നു’ രാഹുലിന്റെ സ്ഥിരം മറുപടി. എന്നാല്‍ ഇത്തവണ ആ മറുപടി രാഹുല്‍ മാറ്റിപ്പിടിച്ചു.

രാഷ്ട്രീയം, വിദ്യാഭ്യാസം, തൊഴില്‍ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു പിന്നാലെയാണ് വിവാഹവുമായി ബന്ധപ്പെട്ട ചോദ്യം രാഹുലിനോട് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചത്. തുറന്ന സ്ഥലത്തായിരുന്നു ഒരു മേശയ്ക്ക് ചുറ്റും രാഹുലും വിദ്യാര്‍ത്ഥികളും ഒന്നിച്ചിരുന്നത്. വിവാഹത്തെക്കുറിച്ച് പ്ലാനിങ് നടത്തിയോ എന്നതായിരുന്നു കൂട്ടത്തിലൊരാള്‍ ഉന്നയിച്ച ചോദ്യം. സ്വതസിദ്ധമായ ശൈലിയിലൊരു ചിരി പാസാക്കി 54 കാരനായ രാഹുല്‍ മറുപടി പറഞ്ഞു

‘ഇരുപത് മുപ്പത് വര്‍ഷമായി ഞാന്‍ ഈ ചോദ്യം അഭിമുഖീകരിക്കുന്നു. ഇത്രയും വര്‍ഷം ഈ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ എനിക്ക് സാധിച്ചു. യഥാര്‍ത്ഥത്തില്‍ ഞാന്‍ വിവാഹം കഴിച്ചു, കോണ്‍ഗ്രസ് പാര്‍ട്ടിയെ. പാര്‍ട്ടിയുടെ മുഴുനീള പ്രവര്‍ത്തകനായി മാറിക്കഴിഞ്ഞു’ ഇതായിരുന്നു രാഹുലിന്റെ മറുപടി.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പായുള്ള റാലിക്കിടെ റായ്ബറേലിയില്‍ വച്ചാണ് മുന്‍പ് ഈ ചോദ്യം രാഹുല്‍ നേരിടേണ്ടിവന്നത്. അന്ന് രാഹുലിനൊപ്പം പ്രിയങ്കാ ഗാന്ധിയും ഉണ്ടായിരുന്നു. ചോദ്യം കേള്‍ക്കാത്ത രാഹുലിനോട് ആ ചോദ്യത്തിനു മറുപടി കൊടുക്കൂ എന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. ഉടനുണ്ടാവും എന്നായിരുന്നു രാഹുലിന്റ അന്നത്തെ മറുപടി. ശ്രീനഗറില്‍ നടന്ന സംഭാഷണത്തിനിടെ രാഹുല്‍ പ്രിയങ്കാ ഗാന്ധിയെ വിഡിയോകോള്‍ ചെയ്യുകയും വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയും ചെയ്തു.

Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Now
Ok, Go it!