വലിയപറമ്പ് : നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് തീരദേശ ഹൈവേ നിർമാണത്തിന്റെ കല്ലിടൽ നിർത്തിവെച്ച വലിയപറമ്പ് പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ സംയുക്ത പരിശോധന നടത്തുമെന്ന് എം. രാജഗോപാലൻ എം.എൽ.എ. അറിയിച്ചു. ശനിയാഴ്ച വലിയപറമ്പ് പഞ്ചായത്ത് ഹാളിൽ നടന്ന നാട്ടുകാരുടെ യോഗത്തിലാണ് തീരുമാനം.
നാട്ടുകാരുടെ എതിർപ്പ് കാരണം വലിയപറമ്പ് പഞ്ചായത്തിലെ 4.4 കിലോമീറ്റർ ദൂരം കല്ലിടൽ നടന്നിട്ടില്ല. തീരദേശ ഹൈവേയുടെ രൂപരേഖ തയ്യാറാക്കുന്ന ഐഡെക്ക് ഉദ്യോഗസ്ഥരും എം.എൽ.എ., പൊതുമരാമത്തു ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണ് സംയുക്ത പരിശോധന നടത്തുക. ജനങ്ങളുടെ പ്രശ്നം പരമാവധി ലഘൂകരിച്ച് പദ്ധതി നടപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ. അറിയിച്ചു.
വികസനത്തിനെതിരല്ല; ആശങ്ക പരിഹരിക്കണം
രണ്ടുവർഷം മുൻപ് എം.എൽ.എ. വിളിച്ച യോഗത്തിൽ പറഞ്ഞ രൂപരേഖയുടെ അടിസ്ഥാനത്തിലല്ല പദ്ധതി നടപ്പാക്കുന്നതെന്നതാണ് ജനങ്ങൾ ഉന്നയിച്ച പ്രധാന ആക്ഷേപം. ആദ്യ രൂപരേഖയിൽ ഒരു വീട് മാത്രമാണ് അഞ്ചാം വാർഡിൽ നഷ്ടപ്പെടുമെന്ന് അറിയിച്ചതെന്നും നിലവിൽ 30-ലധികം വീടുകളാണ് നഷ്ടമാകുന്നതെന്നും നാട്ടുകാർ പറഞ്ഞു.
പഞ്ചായത്തിലെ മറ്റ് വാർഡുകളിൽ കടൽത്തീരത്തോട് ചേർന്നാണ് തീരദേശ ഹൈവേ കടന്നുപോകുന്നത്. എന്നാൽ അഞ്ചാം വാർഡിൽ റോഡിനോട് ചേർന്നാണ് ഹൈവേ കടന്നുപോകുന്നത്. വീട് പൂർണമായി പോകുന്നില്ലെങ്കിലും വീട്ടുമുറ്റത്തുകൂടി ഹൈവേ കടന്നുപോകുന്നതുകൊണ്ട് പിന്നീട് അവിടെ താമസിക്കാൻ കഴിയില്ലെന്ന ആശങ്കയുമുണ്ട്. വീട് പൂർണമായി നഷ്ടപ്പെടാത്തവരെ പുനരധിവാസ പദ്ധതിയിലും ഉൾപ്പെടുത്തില്ലെന്ന ആശങ്കയും ജനങ്ങൾ പങ്കുവെച്ചു.
I
അടിച്ചേൽപ്പിക്കുന്ന ഭരണകൂട ഭീകരത- ജില്ലാ പരിസ്ഥിതി ലീഗ്
കേരളത്തിന്റെ പരിസ്ഥിതി നാൾക്കുനാൾ ദുർബലപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പാരിസ്ഥിതികപഠനം നടത്താതെ വൻ പദ്ധതികൾ അടിച്ചേൽപിക്കുന്ന ഭരണകൂട ഭീകരതയുടെ ഉദാഹരണമാണ് തീരദേശ ഹൈവേയെന്ന് ജില്ലാ പരിസ്ഥിതി ലീഗ് കുറ്റപ്പെടുത്തി.
കടലേറ്റം തടയാൻ വ്യക്തമായ പദ്ധതി ആവിഷ്കരിക്കാതെ തീരദേശ ഹൈവേ എന്ന ആശയം തന്നെ അപ്രസക്തമാണെന്നും പദ്ധതിക്ക് വേണ്ടി നാട്ടിയ അടയാളക്കല്ല് പോലും കടലേറ്റത്തിൽ ഒലിച്ചുപോയെന്നും പരിസ്ഥിതി ലീഗ് യോഗം അഭിപ്രായപ്പെട്ടു.
ചെയർമാൻ മജീദ് ചെമ്പരിക്ക അധ്യക്ഷനായി. ജനറൽ കൺവീനർ എം.ടി. അബ്ദുൾ ജബ്ബാർ, സഫർ മട്ടമ്മൽ, പി.കെ.സി. കുഞ്ഞബ്ദുള്ള, യു.വി. മുഹമ്മദ്, സി.കെ. ഷറഫുദ്ദീൻ, നാസർ ചെർക്കള, ഷൈഖ് മൊയ്തീൻ, ബി.എസ്. ഇബ്രാഹിം എന്നിവർ സംസാരിച്ചു.