പ്രഭാത വാർത്തകൾ* 2024 | ഓഗസ്റ്റ് 22 | വ്യാഴം|

 

സമകാലികം വാർത്ത

https://chat.whatsapp.com/GxFzUyckG9RK9WTwLPdwGC

കഴക്കൂട്ടത്ത് നിന്ന് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ കാണാതായ അസം സ്വദേശിനിയായ 13കാരി പെണ്‍കുട്ടിയെ 37 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവില്‍ വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി. ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി. ട്രെയിനിലുണ്ടായിരുന്ന മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് അസോസിയേഷന്‍  പ്രതിനിധികള്‍ വ്യക്തമാക്കി. താംബരം എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് കുട്ടിയെ ലഭിച്ചത്. ആഹാരം കഴിക്കാത്തതിനെ തുടര്‍ന്നുള്ള ക്ഷീണം മാത്രമാണ് കുട്ടിക്കുള്ളതെന്നും റിപ്പോര്‍ട്ടുകള്‍.

എംപോക്‌സ്  പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തതിനാല്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കന്‍ രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍, സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ടീമിനെ സജ്ജീകരിച്ചെന്നും മന്ത്രി പറഞ്ഞു. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്.

കാഫിര്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് കേസില്‍ യഥാര്‍ഥ പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.  സ്‌ക്രീന്‍ ഷോട്ടിന്റെ തുടക്കം എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും ചില ഫോണുകള്‍ കൂടി പരിശോധിക്കാനുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതി ചേര്‍ത്ത ലീഗിന്റെ പ്രാദേശിക നേതാവ് മുഹമ്മദ് ഖാസിം കുറ്റക്കാരനാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.

മലപ്പുറം എസ് പിയെ പൊതുവേദിയില്‍ ആക്ഷേപിച്ച പിവി അന്‍വര്‍ എംഎല്‍എയുടെ നിലപാടിനെ ന്യായീകരിച്ച് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍. പൊലീസ് സംഘടന വേദികളിലെ വിമര്‍ശനം സ്വഭാവികമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സിആര്‍ ബിജു  പറഞ്ഞു . ഉള്‍ക്കൊള്ളേണ്ട കാര്യമാണെങ്കില്‍ ഉള്‍കൊള്ളുമെന്നും ഇല്ലെങ്കില്‍ അവഗണിക്കുമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.

ജില്ലാ പോലീസ് മേധാവിയെ പൊതുവേദിയില്‍ രൂക്ഷമായി വിമര്‍ശിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ സാമൂഹ്യവിരുദ്ധതയാണ് താന്‍ ചൂണ്ടിക്കാണിച്ചതെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. മാപ്പ് പറയാന്‍ തയ്യാറല്ലെന്നും ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ മലപ്പുറം എസ്.പി. എസ്.ശശിധരന്‍ ഐ.പി.എസ് ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.




ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെയും അമ്മക്കെതിരേയും രൂക്ഷവിമര്‍ശനമുന്നയിച്ച് നടി പാര്‍വതി തിരുവോത്ത്. ഇരകള്‍ പരാതി കൊടുക്കേണ്ട ആവശ്യം ഇല്ലന്നും റിപ്പോര്‍ട്ടില്‍ നടപടി എടുക്കേണ്ടത് സര്‍ക്കാരാണെന്നും പറഞ്ഞ പാര്‍വതി എത്ര പരാതികളില്‍ സര്‍ക്കാര്‍ നടപടി എടുത്തുവെന്നും ചോദിച്ചു. മോശമായി പെരുമാറിയവരുടെ പേര് പറഞ്ഞാല്‍ വീണ്ടും ഒറ്റപ്പെടുമെന്നും സമൂഹമധ്യത്തില്‍ അപമാനിക്കപ്പെടുമെന്നും സിനിമയില്‍ നിന്ന് ഒഴിവാക്കുമെന്നും പാര്‍വതി തുറന്നടിച്ചു  തനിക്ക് അവസരം നിഷേധിക്കപ്പെട്ടുവെന്നും ഹിറ്റ് സിനിമകള്‍ ചെയ്തിട്ടും അവസരം ഇല്ലാതായൈന്നും പാര്‍വതി പറഞ്ഞു. അമ്മ സംഘടന വിട്ട ശേഷം ഇതുവരെ ചര്‍ച്ചയ്ക്ക് പോലും വിളിച്ചില്ലെന്നും പാര്‍വതി തിരുവോത്ത് കൂട്ടിച്ചേര്‍ത്തു. പൊലീസില്‍ പരാതി നല്‍കേണ്ട പണിയും ഇരകളാണോ ചെയ്യേണ്ടതെന്നും ചോദിച്ച പാര്‍വതി സര്‍ക്കാറിനെ നയിക്കുന്ന പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് തന്നെ വിപരീതമായി കാര്യങ്ങള്‍ നടന്നുവെന്നും പറഞ്ഞു. വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കുന്ന കോണ്‍ക്ലേവ് എന്തിനാണെന്നും പാര്‍വതി ചോദിച്ചു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. തിരുവനന്തപുരം സ്വദേശിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. പൂര്‍ണ്ണമായ ഹേമ കമ്മിറ്റി  റിപ്പോര്‍ട്ടും ആധാരമാക്കിയ തെളിവുകളും വിളിച്ചു വരുത്തണമെന്നും റിപ്പോര്‍ട്ടിന്മേല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ഡി.ജി.പിയ്ക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

വയനാട് ദുരന്തത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുമെന്ന് മുസ്ലീം ലീഗ്. ഒന്നര കോടി രൂപയുടെ ആവശ്യ വസ്തുക്കളുടെ സഹായം കളക്ഷന്‍ സെന്ററുകള്‍ വഴി ലീഗിന് ലഭിച്ചുവെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 27 കോടി രൂപയോളം രൂപ വയനാടിനായി സമാഹരിച്ചതായും ലീഗ് നേതാക്കള്‍ അറിയിച്ചു. അടിയന്തര സാമ്പത്തിക സഹായമായി 15,000 രൂപ വീതം വെള്ളിയാഴ്ച മുതല്‍ ഓരോ കുടുംബത്തിനും നല്‍കും.

വിഴിഞ്ഞത്ത് ശക്തമായ കാറ്റിനെ തുടര്‍ന്നുണ്ടായ തിരയില്‍പ്പെട്ട് വളളങ്ങള്‍ മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. രണ്ട് വളളങ്ങളിലുമായി ഉണ്ടായിരുന്ന അഞ്ചുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. വളളങ്ങള്‍ കടലില്‍ അകപ്പെട്ടതായാണ് വിവരം. കാണാതായവര്‍ക്കായി കോസ്റ്റല്‍ പോലീസും ഫിഷറീസ് വകുപ്പിന്റെ മറൈന്‍ ആംബുലന്‍സില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റും തിരച്ചില്‍ തുടരുന്നു.

സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും ഓറഞ്ച് അലര്‍ട്ടോ യെല്ലോ അലര്‍ട്ടോ പ്രഖ്യാപിച്ചിട്ടില്ല. 25 -ാം തിയതിവരെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാല്‍ ഓഗസ്ത് 24 ഓടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാത ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇതിന്റെ ഫലമായി കേരളത്തില്‍ ഓഗസ്ത് 25 -ാം തീയതി ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വെര്‍ച്വല്‍ അറസ്റ്റിലെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ച് പണം തിരിച്ചു നല്‍കാന്‍ കോടതി ഉത്തരവ്. പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പണം നഷ്ടപ്പെട്ടവര്‍ക്ക് തിരികെ നല്‍കാന്‍ ഉത്തരവിട്ടത്.

കളമശേരിയില്‍ കേബിള്‍ കുരുങ്ങി വയോധികന് പരിക്കേറ്റ സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റെ ഇടപെടല്‍.

തുമ്പമണ്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് സി.പി.എമ്മിനെതിരേയും പോലീസിനെതിരേയും രൂക്ഷവിമര്‍ശനം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. പിണറായി വിജയന്‍ കേരളത്തിന്റെ സാമന്തരാജാവൊന്നുമല്ലെന്നും പിണറായി കഴിയുമ്പോള്‍ മരുമകന്‍ റിയാസ് അധികാരത്തില്‍ വരാന്‍ സാമന്തരാജ്യമല്ല കേരളമെന്നും വിമര്‍ശിച്ചു.

കേരളത്തിലെ ആദ്യ ഇന്റര്‍നാഷണല്‍ റോബോട്ടിക്സ് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് നാളെ. അന്താരാഷ്ട്ര തലത്തിലുള്‍പ്പെടെ ശ്രദ്ധേയമായിട്ടുള്ള നൂറിലധികം കമ്പനികള്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സ് കൊച്ചിയില്‍ വച്ചാണ് സംഘടിപ്പിക്കുന്നത്. റോബോട്ടിക്സ് സാങ്കേതിക വിദ്യയിലൂന്നിയ വ്യവസായങ്ങള്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് നാം പുതിയ വ്യവസായ നയം രൂപീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

സംസ്ഥാനത്തെ അടുത്ത ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരനെ നിയമിക്കാന്‍ തീരുമാനിച്ച് മന്ത്രിസഭായോഗം. നിലവില്‍ പ്ലാനിങ്ങ് അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ് ശാരദാ മുരളീധരന്‍. ചീഫ് സെക്രട്ടറി ഡോ. വി. വേണു ഓഗസ്റ്റ് 31-ന് സ്ഥാനമൊഴിയും. വി. വേണുവിന്റെ ഭാര്യയാണ് ശാരദാ മുരളീധരന്‍.

അഭിനയിക്കാനായില്ലെങ്കില്‍ ചത്തു പോകുമെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. സിനിമ പാഷനാണെന്നും സിനിമയില്‍ അഭിനയിക്കാന്‍ അനുവാദം ചോദിച്ചിട്ടുണ്ടെന്നും സിനിമയില്‍ അഭിനയിക്കുന്നതിന്റെ പേരില്‍ മന്ത്രിസ്ഥാനം പോയാല്‍ രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.


'


വയനാട്ടില്‍ കോളറ ബാധിച്ച് ഒരു മരണം. നൂല്‍പ്പുഴ സ്വദേശി വിജിലയാണ് മരിച്ചത്. 30 വയസ്സാണ് പ്രായം. തോട്ടാമൂല കുണ്ടാണംകുന്നിലെ 10 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ചികിത്സയില്‍ കഴിയുന്ന 22 കാരനും കോളറ സ്ഥിരീകരിച്ചിട്ടുണ്ട്.

ആന്ധ്രയിലെ അനകപ്പല്ലേയിലെ മരുന്ന് നിര്‍മാണ കമ്പനിയിലുണ്ടായ സ്ഫോടനത്തില്‍ 7 പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അച്യുതപുരത്തെ സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ ഉള്ള ഇസൈന്റിയ എന്ന കമ്പനിയില്‍ ഉച്ചയ്ക്ക് ഭക്ഷണസമയത്ത് ആണ് സ്ഫോടനം ഉണ്ടായത്.

കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍ സുപ്രീംകോടതി ഇടപെട്ടിട്ടും പിന്മാറാതെ ഡോക്ടര്‍മാര്‍. കൊല്‍ക്കത്തയിലെ വിവിധ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ ആരോഗ്യ മന്ത്രാലയത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ആര്‍ ജി കര്‍ ആശുപത്രിയുടെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തു.

/ ദില്ലിയില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് ഡ്യൂട്ടിയില്‍ തിരികെ കയറാന്‍ അടിയന്തര നിര്‍ദേശം. ദില്ലി എയിംസ് അധികൃതരാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഡോക്ടര്‍മാരോട്  എത്രയും വേഗം ഡ്യൂട്ടിയില്‍  തിരികെ കയറണമെന്നും അല്ലാത്ത പക്ഷം കര്‍ശന നടപടിയെടുക്കുമെന്നും താക്കീത് നല്‍കി. ചര്‍ച്ചക്ക് ശേഷം തീരുമാനമെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു. അതേസമയം രാജ്യ തലസ്ഥാനത്തെ മറ്റ് ആശുപത്രികളില്‍ റസിഡന്റ് ഡോക്ടഡര്‍ സമരം തുടരുകയാണ്.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പോളണ്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പോളിഷ് പ്രധാനമന്ത്രി ഡോണള്‍ഡ് ടസ്‌കുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ സമൂഹം നല്‍കുന്ന സ്വീകരണത്തിലും ഇന്ന് മോദി പങ്കെടുക്കും. ഇതിന് ശേഷം വൈകിട്ട് മോദി പോളണ്ടില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം യുക്രെയിനിലേക്ക് പോകും.

പാരീസ് ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമംഗം പി.ആര്‍. ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.

Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Now
Ok, Go it!