*
അതേ. *രണ്ടാമൂഴവും* തന്നു എം ടി പോയി. ഇനി ഒരു ഊഴം ആര് തരും..
എന്റെ ഓർമ്മകൾ എട്ടാം ക്ലാസ്സിൽ ഞാൻ പഠിക്കുന്ന കാലത്തേക്ക് പോയി..
മലയാള അധ്യാപകൻ അന്ന് നിങ്ങൾ വായിച്ചിട്ടുള്ള പുസ്തകങ്ങളുടെ പേര് പറയാൻ ആവശ്യപ്പെട്ടപ്പോൾ ഞാൻ എഴുന്നേറ്റ് നാലു കെട്ട് എന്ന് പറഞ്ഞപ്പോൾ അധ്യാപകൻ പോലും അന്ന് അത് വായിച്ചിട്ടില്ല എന്ന് പറഞ്ഞ രംഗം..
അതിനു ശേഷം എം ടി യുടെ ഓരോ പുസ്തകവും തേടി പിടിച്ചു ആർത്തിയോടെ വായിക്കുക ആയിരുന്നു.. അസുരവിത്തും രണ്ടാമൂഴവും കാലവും.പിന്നെ കുറെ ചെറുകഥകളും...
അന്ന് മുതൽ മനസ്സിൽ തോന്നിയ ആഗ്രഹമായിരുന്നു എം ടി യെ ഒന്ന് നേരിൽ കാണുക എന്നത്..
അങ്ങനെ ഫാറൂഖ് കോളേജിൽ പഠിക്കുമ്പോൾ ഹോസ്റ്റലിലെ ഒരു പരിപാടി ക്കു അദ്ദേഹത്തെ ക്ഷണിക്കാൻ തീരുമാനിച്ചു.. അന്ന് എം ടി മാത്രഭൂമി ആഴ്ച പ്പതിപ്പിന്റെ പത്രാധിപരായിരുന്നു. കൂടാതെ സിനിമയിലേക്ക് ശ്രദ്ധ വെച്ച കാലവും.. എം ടി ഞങ്ങളോട് സംസാരിച്ചെങ്കിലും ആ മുഖത്ത് നിന്ന് ഒരു പുഞ്ചിരി ഞങ്ങൾക്ക് കിട്ടിയില്ല.. ഡോർ തുറന്നു വെച്ച കാറിന്റെ മുകളിൽ രണ്ട് കൈകളും ഊന്നി നിൽക്കുന്ന എം ടി യുടെ ചിത്രം ഇപ്പോഴും എന്റെ മനസ്സിലുണ്ട്.. എം ടി ഞങ്ങളോട് മാത്രമല്ല.. ആരോടും അത്ര ചിരിക്കാറില്ല എന്ന് പിന്നീട് മനസ്സിലായപ്പോൾ എന്റെ വിഷമം മാറി...
കോളേജിൽ പഠിക്കുന്ന കാലത്ത് പല സാഹിത്യ പ്രതിഭ കളെയും നേരിട്ട് കാണാൻ കഴിഞ്ഞിട്ടുണ്ട്.. അവരൊക്കെ കോളേജിൽ വന്നതായിരുന്നു.. ബഷീർ, തിക്കോടിയൻ, കക്കാട് തുടങ്ങിയ കോഴിക്കോടിന്റെ സാഹിത്യ കലാപ്രതിഭ കളെ അടുത്ത് നിന്ന് കാണുക എന്നത് അക്കാലത്തെ ഏറ്റവും വലിയ ആഗ്രഹവും.
SSLC പഠിക്കുന്ന കാലത്ത് മാത്രഭൂമി സന്ദർശിച്ചു കെ പി കേശവമേനോനെ കണ്ടിരുന്നു.. അന്ന് അദ്ദേഹം സമ്മാനിച്ച " നാം മുന്നോട്ട് " എന്ന അദ്ദേഹത്തിന്റെ പുസ്തകം ഇന്നും എന്റെ പുസ്തക ശേഖരത്തിന്റെ കൂട്ടത്തിലുണ്ട്..
ഇന്നലെ എം ടി അന്തരിച്ച വാർത്ത കേട്ടപ്പോൾ എന്റെ ഏറ്റവും വലിയ ദുഃഖം ഇന്ന് ആ വാർത്ത പ്രസിദ്ധീകരിക്കാൻ പത്രങ്ങൾ ഒന്നും ഉണ്ടാകില്ലല്ലോ എന്നാണ് .. ക്രിസ്മസ് ദിനത്തിൽ നടന്ന ഈ വിയോഗത്തിൽ പത്ര ലോകം പോലും മാറി നിന്നു അനുശോചിച്ച പോലെ..
അദ്ദേഹത്തെ സ്നേഹിക്കുന്ന, മുഴുവൻ ജനങ്ങളുടെ യൊപ്പം ഈ യുള്ളവനും ഹൃദയത്തിൽ നിന്നുള്ള ആദരാഞ്ജലികൾ അർപ്പിക്കട്ടെ.
*NKP ശാഹുൽ*