ആപ്രിക്കോട്ട് സ്വാദീഷ്ടമായ ഒരു ഫലമാണ്. പലരും അത് ഡ്രൈഫ്രൂട്ടായിട്ടാകും രുചിച്ചിരിക്കുന്നത്. അതിരുചികരമായ ഫലങ്ങള്‍ നല്‍കുന്ന ആപ്രിക്കോട്ട് മരങ്ങള്‍ വസന്തകാലത്ത് (മാര്‍ച്ച്, ഏപ്രില്‍, മെയ്) അതിസുന്ദരമാണ്. ഈ സമയങ്ങളില്‍ ആപ്രിക്കോട്ട് തോട്ടങ്ങളെ ഒരു മാന്ത്രികമായ ലോകം പോലെ പ്രകൃതി ഒരുക്കുന്നു. മനം കവരുന്ന ഈ മനോഹരമായ കാഴ്ചകള്‍ക്കായി വേറെ ഒരു രാജ്യത്തേക്കും പോകേണ്ടതില്ല. ഇന്ത്യയിലെ മഞ്ഞുമരുഭൂമിയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ആപ്രിക്കോട്ട് പൂക്കാലം (Apricot Blossom) ആരംഭിക്കുകയായി.
വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് ഇന്ത്യമഹാരാജ്യം. സംസ്‌കാരങ്ങള്‍, പൈതൃകങ്ങള്‍, ഭാഷകള്‍, ഭക്ഷണങ്ങള്‍, മനുഷ്യര്‍ തുടങ്ങി ഭൂപ്രകൃതിയും കാലാവസ്ഥയും വരെ വ്യത്യസ്തമാണ്. വസന്തകാലത്തോട് അനുബന്ധിച്ച് സഞ്ചാരികള്‍ക്ക് ആവേശകരമായ പല ആഘോഷങ്ങളും രാജ്യത്ത് അരങ്ങേറുന്നുണ്ട്. സാംസ്‌കാരിക ആഘോഷങ്ങളും രാജ്യത്ത് ആവേശത്തോടെ ഈ സീസണില്‍ കൊണ്ടാടപ്പെടുന്നു. അത്തരത്തിലുള്ള ഒരു വസന്തകാല ഉത്സവമാണ്, ലേ-ലഡാക്കിലെ മഞ്ഞുമരുഭൂമികളിലെ ആപ്രിക്കോട്ട് ബ്ലോസം ഫെസ്റ്റിവല്‍ (Ladakh Apricot Blossom Festival 2023).
ഇത്തവണത്തെ ലഡാക്കില്‍ ആപ്രിക്കോട്ട് ബ്ലോസം ഫെസ്റ്റിവല്‍ 2023 ഏപ്രില്‍ 4 മുതല്‍ 17 വരെയാണ്. സഞ്ചാരികളുടെ ആത്മാവിന്റെ ദാഹം തീര്‍ക്കാന്‍ പ്രകൃതി ഒരുക്കുന്ന വിരുന്നതാണിത്. വസന്തകാലങ്ങളില്‍ ലഡാക്കിലെ പല പ്രദേശങ്ങളും ആപ്രിക്കോട്ട് പൂക്കളാല്‍ ജീവസുറ്റതാകുന്നു. മൃദുലവും തരളിതുവമായ കുഞ്ഞു പിങ്ക്, വെള്ള ആപ്രിക്കോട്ട് പൂക്കള്‍ പൂത്തുനില്‍ക്കുന്നത് അതിഗംഭീരമായ ഒരു ദൃശ്യവിരുന്നാണ്. സാധാരണയായി ആപ്രിക്കോട്ട് പൂക്കള്‍ അധികകാലം നിലനില്‍ക്കില്ല. അതിനാല്‍ ഈ പൂക്കാലം വളരെ പെട്ടെന്ന് തന്നെ ആസ്വദിക്കാന്‍ ശ്രമിക്കണം.
തുടങ്ങിയ പല ലഡാക്കി പ്രദേശങ്ങളിലും ആപ്രിക്കോട്ട് ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കാം. ഇവിടുത്തെ പല പ്രദേശങ്ങളിലും ആപ്രിക്കോട്ട് തോട്ടങ്ങളുണ്ട്. ഇവിടുത്തെ, മിക്കവാറും എല്ലാ വീടുകളിലും അവരുടെ മുറ്റത്ത് ആപ്രിക്കോട്ട് മരങ്ങള്‍ വളര്‍ത്താറുണ്ട്. ലോകത്തിലെ ഏറ്റവും മധുരമുള്ള ആപ്രിക്കോട്ടുകളില്‍ ചിലത് ലഡാക്കിലാണ്. രക്റ്റ്‌സെ കാര്‍പോ എന്നറിയപ്പെടുന്ന സവിശേഷകമായ ആപ്രിക്കോട്ട് ഇനങ്ങള്‍ ഇവിടെ മാത്രം കാണപ്പെടുന്നതാണ്.
ലഡാക്ക് ടൂറിസം വകുപ്പാണ് ആപ്രിക്കോട്ട് ബ്ലോസം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഏപ്രിലിലെ സുഖരമായ തണുത്ത താപനിലയില്‍, ആപ്രിക്കോട്ട് തോട്ടങ്ങളുടെ സൗന്ദര്യം ഉള്‍പ്പടെ ഏറ്റവും മികച്ച പ്രകൃതി ദൃശ്യങ്ങളും അനുഭവിക്കാന്‍ സാധിക്കും. കൂടാതെ ആപ്രിക്കോട്ട് ബ്ലോസം ഫെസ്റ്റിവലില്‍, ലഡാക്കി ജനതയുടെ വര്‍ണ്ണാഭമായതും അതുല്യവുമായ സംസ്‌കാരവും പാരമ്പര്യവും പ്രദര്‍ശിപ്പിക്കുന്ന ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക പരിപാടികളിലും പങ്കെടുക്കാന്‍ സാധിക്കും.
പ്രാദേശിക കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വിപണനവും ആപ്രിക്കോട്ട് ബ്ലോസം ഫെസ്റ്റിവലിന്റെ രസകരമായ മറ്റൊരു സവിശേഷതയാണ്. വിനോദ കാഴ്ചകള്‍, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ മാത്രം ഒതുങ്ങുന്നില്ല. ആപ്രിക്കോട്ട് ജാം, ഡ്രൈ ആപ്രിക്കോട്ട്, ജ്യൂസുകള്‍, വൈന്‍ തുടങ്ങിയ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന ഇനങ്ങളും രുചിക്കുകയും വാങ്ങുകയും ചെയ്യാം. ലഡാക്ക് ആപ്രിക്കോട്ട് ബ്ലോസം ഫെസ്റ്റിവല്‍ തീര്‍ച്ചയായും കണ്ണുകള്‍ക്കും ആത്മാവിനും ഒരു വിരുന്നാണ്.
ജപ്പാനിലെ ചെറി പൂക്കളും നമ്മുടെ സ്വന്തം ഷില്ലോംഗിലെയും നൈനിറ്റാളിലെയും വസന്തകാലങ്ങളും ആകര്‍ഷകമാണെന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍, തീര്‍ച്ചയായും ലഡാക്കിലെ ആപ്രിക്കോട്ട് പൂക്കളും നിങ്ങള്‍ക്ക് ഇഷ്ടപ്പെടും. ഈ വസന്തകാലം നിങ്ങളിലെ യാത്രികന്റെ മനസ്സ് നിറയ്ക്കാന്‍ ഇതിലും മികച്ചൊരു ലോകം രാജ്യത്തുണ്ടാവില്ല.