
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനത്തിനിടെ ആര്‍.എസ്.എസ്.-ബി.ജെ.പി. പ്രവര്‍ത്തകര്‍ തന്നെ ആക്രമിച്ച കേസില്‍ പ്രതികളെ വിട്ടയച്ചത് സാക്ഷികള്‍ കൂറുമാറിയതിനാലാണെന്ന് മുന്‍മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയില്‍ നല്‍കിയ വിശദീകരണം തെറ്റാണെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.
ആ കേസില്‍ സാക്ഷികളാരും കൂറുമാറിയിട്ടില്ലെന്നും എല്ലാ സാക്ഷികളും ഒരേനിലയില്‍ മൊഴി നല്‍കിയതിനാലാണ് പ്രതികളെ ആരും തിരിച്ചറിയാതെ പോയതെന്നുമുള്ള സിപിഎം എംഎല്‍എ കെ.പി.കുഞ്ഞമ്മദ്കുട്ടി സഭയില്‍ നടത്തിയ പരാമര്‍ശത്തെ ഗോവിന്ദന്‍ പിന്തുണയ്ക്കുകയും ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറിയും അക്രമത്തിന് ഇരയായ ഇ.ചന്ദ്രശേഖനും ആക്രമിച്ചവരെ അറിയില്ലെന്ന മൊഴിയാണ് നല്‍കിയതെന്ന് ഗോവിന്ദന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട മൊഴികളെല്ലാം താന്‍ വായിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുഞ്ഞമ്മദ്കുട്ടിയുടെ പരാമര്‍ശം തള്ളിയാണ് ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം സാക്ഷികള്‍ കൂറുമാറിയെന്ന് സഭയില്‍ വിശദീകരണം നല്‍കിയത്. സി.പി.എമ്മുകാരെന്ന് സൂചിപ്പിക്കാതെ, പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂറുമാറിയതാണ് തിരിച്ചടിയായതെന്ന് ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ഈ വിശദീകരണം കേട്ടതോടെ, നടുത്തളത്തിലിരുന്ന് പ്രതിഷേധിക്കുകയായിരുന്ന പ്രതിപക്ഷ അംഗങ്ങളും കൈയടിച്ചിരുന്നു.