
ന്യൂഡല്‍ഹി: മോദി സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ഗാന്ധിക്ക് രണ്ടുവര്‍ഷം തടവ്. രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷാവിധി കേള്‍ക്കാന്‍ രാഹുല്‍ഗാന്ധി അടക്കമുള്ളവര്‍ കോടതിയിലെത്തിയിരുന്നു. ശിക്ഷാവിധിക്ക് പിന്നാലെ കോടതി രാഹുലിന് ജാമ്യം അനുവദിച്ചിട്ടുണ്ട്. 10,000 രൂപ കെട്ടിവച്ചാണ് രാഹുല്‍ ജാമ്യമെടുത്തത്. കേസില്‍ അപ്പീല്‍ നല്‍കാന്‍ കോടതി രാഹുലിന് 30 ദിവസം സമയം നല്‍കി.
2019-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് കര്‍ണാടകത്തിലെ കോളാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവെയാണ് മോദി സമുദായത്തെക്കുറിച്ച് രാഹുല്‍ പരാമര്‍ശിച്ചത്. എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദി ഉണ്ടെന്ന രാഹുലിന്റെ പരാമര്‍ശമാണ് വലിയ വിവാദമായത്. ഇത് മോദി സമുദായത്തില്‍പ്പെട്ടവര്‍ക്ക് അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവും സൂറത്തില്‍ നിന്നുള്ള എംഎല്‍എയുമായ പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത്. കേസില്‍ വിശദമായി വാദം കേട്ടതിന് പിന്നാലെയാണ് കോടതി വിധി പ്രസ്താവിച്ചത്. കോടതി ആവശ്യപ്പെട്ട പ്രകാരമാണ് വിധി കേള്‍ക്കാന്‍ രാഹുല്‍ കോടതിയില്‍ ഹാജരായത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകളാണ് ചുമത്തിയിരുന്നത്.
കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് രാഹുലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിചാരണ നടപടികള്‍ ഗുജറാത്ത് ഹൈക്കോടതി നേരത്തെ താത്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. ഹൈക്കോടതി സ്‌റ്റേ നീക്കിയതിനെത്തുടര്‍ന്ന് 2023 ഫെബ്രുവരിയിലാണ് വിചാരണ നടപടികള്‍ പുനരാരംഭിച്ചത്. അതിനിടെ, പൂര്‍ണേഷ് മോദിയെ ലക്ഷ്യവച്ചല്ല പ്രസംഗിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യംവച്ചാണ് പ്രസംഗത്തിനിടെ രാഷ്ട്രീയ ആരോപണം ഉന്നയിച്ചതെന്നും രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. രണ്ടു വര്‍ഷത്തില്‍ കുറയാത്ത തടവോ, പിഴയോ, രണ്ടുംകൂടിയോ ലഭിക്കാവുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളാണ് കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ചുമത്തിയിരുന്നത്
