പിലിക്കോട് : പൂരോത്സവുമായി ബന്ധപ്പെട്ട് നടക്കുന്ന പദ്മശാലിയ പൊറാട്ടിന് തുടക്കമായി. രയരമംഗലം ഭഗവതിക്ഷേത്രം കാർത്തികവിളക്ക് ഉത്സവത്തിലാണ് ആചാരപ്പെരുമയിൽ പൊറാട്ട് വേഷങ്ങൾ അരങ്ങിലെത്തിയത്. പിലിക്കോട് തെരു സോമേശ്വരി ക്ഷേത്രത്തിൽനിന്നും തുടങ്ങിയ പൊറാട്ടിൽ ആചാരവേഷങ്ങൾക്കൊപ്പം ആനുകാലിക വിഷയങ്ങൾ നർമത്തിൽ ചാലിച്ച് നിരവധി വേഷങ്ങളും അണിനിരന്നു.
ചെണ്ടയിൽ വലംതല താളമടിച്ച് കൈവിളക്കുമായി വാല്യക്കാർ അരയാൽത്തറയിലെത്തി കൊട്ടിയറിയിപ്പ് നടത്തിയതോടെയാണ് തെരുവിൽ പൊറാട്ട് വേഷങ്ങളിറങ്ങിയത്.
അഷ്ടകൂടം ഭഗവതി (അട്ടക്കണൊംപോതി), ചേകോൻമാർ, വാഴപ്പോതികൾ, കേളിപാത്രം തുടങ്ങിയ ആചാരവേഷങ്ങളാദ്യമെത്തി. ശാലിയതെരുവുകളിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെടുത്തി പൂരക്കാലത്ത് നടക്കുന്ന പൊറാട്ടിന്റെ തുടക്കവും അവസാനവും പിലിക്കോടാണ്.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
