കാഞ്ഞങ്ങാട് : പനിയും പകർച്ചവ്യാധികളുമായി ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടിയതോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ തിരക്കേറി. പ്രതിദിനം ശരാശരി ആയിരത്തിലേറെപ്പേരാണ് ഇവിടെയെത്തുന്നത്. ഉച്ചയ്ക്ക് രണ്ടുമണിവരെയുള്ള സമയം കണക്കാക്കി ടോക്കൺ നിയന്ത്രണമുള്ളതിനാൽ ഒ.പി. കൗണ്ടർ തുറക്കുന്നതിന് മുൻപേ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിൽ തിരക്കേറും.
തിങ്കളാഴ്ച രോഗികളുടെ നിര കൗണ്ടറിന് വെളിയിലേക്കും നീണ്ടു. ഉച്ചവരെ 1,134 പേരാണ് വിവിധ ഒ.പി.കളിൽ ചികിത്സ തേടിയത്. ആസ്പത്രിയിലെത്തുന്ന പനിബാധിതരുടെ എണ്ണവും പെരുകുകയാണ്. ഇതും തിരക്കിന് കാരണമാകുന്നു.
സ്പെഷ്യലിസ്റ്റ് ഒ.പി.കളിൽ ദിവസവും നിശ്ചിത എണ്ണം ടോക്കൺ മാത്രമാണ് അനുവദിക്കുന്നത്. വരിയിൽ ആദ്യം സ്ഥാനം പിടിക്കുന്നവർക്ക് മാത്രമേ ടോക്കൺ ലഭിക്കൂദൂരസ്ഥലങ്ങളിൽനിന്നെത്തുന്ന രോഗികളെയാണ് ടോക്കൺ നിയന്ത്രണം കഷ്ടത്തിലാക്കുന്നത്. മികച്ച ഡോക്ടർമാരുടെ സേവനത്തിനൊപ്പം സ്വകാര്യ ആസ്പത്രികളിലെ ഉയർന്ന ചികിത്സാ ചെലവുമാണ് സാധാരണക്കാരെ ജില്ലാ ആസ്പത്രിയിലേക്ക് ആകർഷിക്കുന്നത്.
ഒ.പി. സൗകര്യംവിപുലപ്പെടുത്തണം
ആസ്പത്രികൾ രോഗീസൗഹൃദമാക്കുമെന്ന് സർക്കാർ പ്രഖ്യാപനങ്ങൾ നിലനിൽക്കുമ്പോഴാണ് അവശരായ രോഗികൾ മണിക്കൂറോളം ജില്ലാ ആസ്പത്രിയിൽ ചികിത്സയ്ക്കായി വരിനിൽക്കുന്നത്.
വ്യത്യസ്ത ഒ.പി.കൾക്കായി പ്രത്യേകം ഒ.പി. കൗണ്ടർ ഏർപ്പെടുത്തിയാൽ ഒരിടത്തുതന്നെ രോഗികൾ തടിച്ചുകൂടുന്നത് ഒഴിവാക്കാം. പഴയ വാഹനപാർക്കിങ് സ്ഥലം രൂപമാറ്റം വരുത്തിയാണ് അവിടെ ഒ.പി. കൗണ്ടർ ഒരുക്കിയത്. തിരക്ക് കൂടുന്നതോടെ അവിടെനിന്ന് തിരിയാൻ ഇടമില്ലാത്ത സ്ഥതിയാണ്.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
