ന്യൂഡൽഹി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു. അയോഗ്യനാക്കിയ വിജ്ഞാപനം പിൻവലിക്കാത്ത ലോക്‌സഭാ സെക്രട്ടേറിയറ്റിനെതിരെ ഫൈസൽ നൽകിയ ഹരജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ലോക്സഭ സെക്രട്ടേറിയറ്റിന്റെ അടിയന്തര തീരുമാനം. ഹൈകോടതി വിധി വന്നിട്ട് രണ്ടുമാസമായിട്ടും ഫൈസലിന്റെ അയോഗ്യത പിൻവലിച്ചിരുന്നില്ല.
10 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട വിധി കേരള ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും പാർലമെന്റ് അംഗ സ്ഥാനത്തു നിന്നും അയോഗ്യനാക്കിയ വിജ്ഞാപനം പിൻവലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫൈസലിന്റെ നീക്കം.
വധശ്രമക്കേസിൽ കവരത്തി സെഷൻസ് കോടതി ശിക്ഷിച്ചതിനെ തുടർന്ന് ജനുവരി 11മുതലാണ് ഫൈസലിനെ ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് ജനുവരി 13ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. തന്റെ ശിക്ഷ ജനുവരി 25ന് ഹൈക്കോടതി സ്റ്റേ ചെയ്‌തിട്ടും വിജ്ഞാപനം പിൻവലിക്കാൻ ലോക്സഭാ സെക്രട്ടേറിയറ്റ് തയാറായിട്ടില്ലെന്ന് അഭിഭാഷകൻ കെ.ആർ ശശിപ്രഭു മുഖേന സുപ്രിംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഫൈസൽ ചൂണ്ടിക്കാട്ടിയിരുന്നു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
