10 വർഷത്തെ സ്കൂൾജീവിതത്തിന്റെ ഓർമ്മകൾ ബാക്കി വെച്ച് കെട്ടിപ്പിടിച്ച് കൂട്ടുകാർക്ക് ഉമ്മകൾ നൽകിയും കണ്ണുനനഞ്ഞും പിരിഞ്ഞു സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ അവസാനിച്ചു. വേനലവധിയിലേക്ക് പ്രവേശിച്ചു ആഹ്ലാദത്തിനിടയിലും വർഷങ്ങളോളം കൂടെ പഠിച്ച കൂട്ടുകാരെ പിരിയുന്ന ദുഃഖത്തിലാണ്
ഏറെയും. എസ്.എസ്.എൽ.സിയിലെ അവസാന പരീക്ഷയും കഴിഞ്ഞിറങ്ങിയ സ്കൂളുകൾക്കു മുന്നിലെ ഏറെ കൗതുകംനിറഞ്ഞ കാഴ്ചയായിരുന്നു ഇത്രനാൾ ഇട്ടുനടന്ന കൂട്ടുകാരിയുടെ യൂനിഫോമിൽ അവർ ഇങ്ങനെ എഴുതി ‘റിയലി മിസ് യൂ ഡിയർ…’ സ്നേഹത്തിന്റെ ചിഹ്നങ്ങളും കുഞ്ഞുകുഞ്ഞു കുറിപ്പുകളും കൊണ്ട് നിറഞ്ഞ ആ യൂനിഫോമുകൾ ഇനിയവർ ശേഷിക്കുന്ന കാലമത്രയും ഓർമകളുടെ ചെപ്പുകണക്കെ സൂക്ഷിച്ചുവെക്കും. ഓട്ടോഗ്രാഫുകൾക്ക് പകരം ഓർമക്കുപ്പായം. മലയാളം അടിസ്ഥാന പാഠാവലിയായിരുന്നു അവസാനപരീക്ഷ.
പഴയകാലത്തിൽനിന്നുമാറി പരീക്ഷക്കിടയിൽ കാര്യമായ ഇടവേളകൾ കൊടുത്തുകൊണ്ട് ഒരു ദിവസം ഒരുപരീക്ഷ എന്നരീതിയിൽ ടൈംടേബിളിൽ നടത്തിയ പരീക്ഷണം വിദ്യാർഥികൾക്ക് ഏറെ ആശ്വാസമായിരുന്നു. ഫിസിക്സും മാത് സും ഹിന്ദിയും ലേശം കടുപ്പമേറിയെങ്കിലും മറ്റു പരീക്ഷകൾ കുഴപ്പമില്ലായിരുന്നുവെന്ന് പരീക്ഷ കഴിഞ്ഞിറങ്ങിയവർ പറയുന്നു.
വാരിവലിച്ച് പഠിച്ചിട്ടും ഹിസ്റ്ററി പരീക്ഷയിൽ പാഠപുസ്തകത്തിൽ നിന്ന് കാര്യമായ ചോദ്യങ്ങളുണ്ടായില്ലെന്ന പരിഭവം പറയാനും ചിലർ മടിച്ചില്ല. മുൻകാലങ്ങളിൽ വിജയശതമാനവും ഫുൾ എ പ്ലസും വർധിക്കാൻ കാരണമായ ഫോക്കസ് ഏരിയ ഇല്ലാതെയാണ് ഇക്കുറി പഠനവും പരീക്ഷയും നടന്നത്.
ഫുൾ എ പ്ലസുകാർക്കുപോലും സീറ്റ് കൊടുക്കാനാവാത്തത് സർക്കാറിന് തലവേദനയാകുന്നതിനാൽ ഏർപ്പെടുത്തിയ കടുംവെട്ടാണോ ഫോക്കസ് ഏരിയ ഒഴിവാക്കിയതെന്ന സംശയം ചില അധ്യാപകർ പങ്കുവെക്കുന്നു. എന്തായാലും മേയ് പത്തിന് റിസൽട്ട് വരുമ്പോൾ കാണാമെന്ന ഉറപ്പിൽ ഒരു പരീക്ഷക്കാലം കൂടെ വിടവാങ്ങി.
പ്ലസ് ടുവിലെ പ്രധാന പരീക്ഷകളെല്ലാം ചൊവ്വാഴ്ച സമാപിച്ചിരുന്നു. ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങൾ കൂടി ഇന്ന് കഴിയുമ്പോൾ പ്ലസ് ടുക്കാർക്കും പ്ലസ് വൺകാർക്കും പരീക്ഷയൊഴിയും.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
