കുടുംബത്തിന്റെ പ്രാരാബ്ദമേറിയപ്പോൾ റോഡരികിൽ കുടക്കീഴിൽ പൊതിച്ചോർ വിൽപനയുമായി സോമലതയും മകനും. പന്തളം പൂഴിക്കാട് ശ്രീദേവി ഭവനിൽ അനിൽ കുമാറിന്റെ ഭാര്യയാണ് സോമലത. 9-ാം ക്ലാസ് വിദ്യാർഥിയായ മകനൊപ്പമാണ്, എംസി റോഡിൽ ചിത്രാ ആശുപത്രി ജംക്‌ഷനു സമീപം ഇവർ പൊതിച്ചോർ വിൽപന നടത്തുന്നത്. 2 ആഴ്ച മുൻപ് 25 പൊതിയുമായിട്ടായിരുന്നു തുടക്കം. ഇപ്പോൾ 40 പൊതിയെത്തിക്കും. ചില ദിവസങ്ങളിൽ മിച്ചം വരാറുണ്ടെന്ന് സോമലത പറയുന്നു.
ലോഡിങ് തൊഴിലാളിയായ സോമശേഖരൻ പിള്ളയുടെയും ഈശ്വരിയമ്മയുടെയും മകളാണ് സോമലത.അച്ഛനും അമ്മയും ആരോഗ്യപ്രശ്നങ്ങൾ കാരണം ജോലി ചെയ്യാനാവാത്ത സ്ഥിതിയിലാണ് ഇപ്പോൾ.സൗദിയിലാണെങ്കിലും പ്രതീക്ഷിച്ച ജോലി കിട്ടാനാവാത്തത് മൂലം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണ് അനിൽ കുമാർ. ഇവർക്ക് 3 മക്കളാണ്. മൂത്ത മകൾ സ്വകാര്യ സ്ഥാപനത്തിൽ നഴ്സിങ് പഠിക്കുന്നു. ഇളയ മകൾ പ്ലസ്ടു വിദ്യാർഥിനിയും.മക്കളുടെ പഠനത്തിനും മറ്റുമായി വായ്പയെടുത്തത് കുടിശികയായി.
വ്യത്യസ്ത സ്ഥാപനങ്ങളിലെ വായ്പാ കുടിശിക ഉൾപ്പെടെ 10 ലക്ഷത്തോളം രൂപയുടെ കടമുണ്ട്. ജീവിതം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെയാണ് സോമലത പൊതിച്ചോർ വിൽപന തുടങ്ങാൻ തീരുമാനിച്ചത്. റോഡരികിൽ വ്യാപാരത്തിനു നഗരസഭാ അധികൃതരിൽ നിന്നു അനുമതിയും തേടി.
വറുത്ത മീൻ അല്ലെങ്കിൽ പൊരിച്ച മുട്ട ഉൾപ്പെടെ പൊതിക്ക് 70 രൂപയ്ക്കാണ് വിൽപന. മീൻ ഇല്ലാതെ 60 രൂപയും. സോമലതയും മക്കളും അടുത്ത ചില ബന്ധുക്കളും ചേർന്ന് വീട്ടിൽ വച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഈ ചെറിയ സംരംഭത്തിലൂടെ ബാധ്യതകൾ തീർക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
