ദുരിതാശ്വാസനിധി കേസ്: ലോകായുക്തയില്‍ ഭിന്നവിധി; മുഖ്യമന്ത്രിക്ക് താല്‍ക്കാലിക ആശ്വാസം, ഹർജി ഫുൾബെഞ്ചിന്
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തുവെന്ന് ആരോപിച്ചുള്ള പരാതിയിൽ ഭിന്നവിധിയുമായി ലോകായുക്ത. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദും അടങ്ങിയ ബെഞ്ചാണ് ഇപ്പോൾ ഭിന്നവിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ഒരാൾ പരാതിയെ അനുകൂലിച്ചും രണ്ടാമൻ എതിർത്തും വിധിയെഴുതി. ഇതോടെ അന്തിമ വിധിക്കായി പരാതി ലോകായുക്തയുടെ ഫുൾ ബെഞ്ചിന് വിട്ടു. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സർക്കാരിലെ 16 മന്ത്രിമാർക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരെയായിരുന്നു പരാതി. ഇവരിൽ ഇപ്പോൾ അധികാരസ്ഥാനത്തുള്ളതു മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ്. ഹൈക്കോടതിയെ സമീപിക്കുമെന്നും നീതിക്കായി സുപ്രീംകോടതിവരെ പോകുമെന്നും പരാതിക്കാരനായ ആർ.എസ്.ശശികുമാർ പറഞ്ഞു.
സർക്കാരിന്റെ ഉറപ്പ് പാഴായി; ശമ്പളക്കുടിശികയും ഏപ്രിൽ ഫൂൾ !
ഹർജി ലോകായുക്തയുടെ അന്വേഷണ പരിധിയിൽ വരുമോ എന്നതിനെച്ചൊല്ലി ലോകായുക്തയ്ക്കും ഉപ ലോകായുക്തയ്ക്കും ഇടയിൽ അഭിപ്രായ ഭിന്നതയുണ്ടായി. ഹർജിയിലെ ആരോപണങ്ങളുടെ നിജസ്ഥിതിയെക്കുറിച്ചും അഭിപ്രായ വ്യത്യാസം വന്നു. ഈ സാഹചര്യത്തിലാണ് ഹർജി ഫുൾബെഞ്ചിന് വിട്ടത്. ലോകായുക്തയും രണ്ട് ഉപലോകായുക്തയും ഉൾപ്പെട്ട ഫുൾ ബെഞ്ചാകും ഇനി കേസ് പരിഗണിക്കുക. ജസ്റ്റിസ് സിറിയക് ജോസഫ്, ഹാറൂൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് എന്നിവരാണ് ഫുൾ ബഞ്ചിലുള്ളത്. പുതിയ ബെഞ്ചിനു മുന്നിൽ വീണ്ടും വിശദമായ വാദം നടക്കും. ഇതോടെ അന്തിമവിധിക്ക് കാലതാമസം ഉണ്ടാകുമെന്ന് ഉറപ്പായി. പാറ്റൂർ ഭൂമി ഇടപാട് കേസിലും ഫുൾ ബഞ്ചിന് വിട്ടിരുന്നു.
2022 ഫെബ്രുവരി 5ന് ലോകായുക്തയിൽ വാദം ആരംഭിച്ച ഹർജിയിൽ മാർച്ച് 18ന് വാദം പൂർത്തിയായിരുന്നു. ആറു മാസത്തിനുള്ളിൽ ഹർജിയിൽ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും വിധി പറയാൻ ലോകായുക്ത തയാറായിട്ടില്ലെന്നും, വിധി പ്രഖ്യാപിക്കാൻ ലോകായുക്തയ്ക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
ലോകായുക്ത പരാമർശത്തെ തുടർന്നാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കെ.ടി.ജലീലിന് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്ത സാഹചര്യത്തിൽ തുക മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തവരിൽ നിന്നു തിരികെ പിടിക്കണമെന്നും അവരെ അയോഗ്യരായി പ്രഖ്യാപിക്കണം എന്നുമാണു കേരള സർവകലാശാലാ മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാർ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടത്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച ബില്ലിൽ ഗവർണർ ഒപ്പു വയ്ക്കാത്ത സാഹചര്യത്തിൽ വിധി വന്നാൽ അത് ഉടനടി നടപ്പാക്കേണ്ടി വരും.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
