കാഞ്ഞങ്ങാട് .
നീണ്ടകാത്തിരിപ്പിനൊടുവിൽ കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രി തുറന്നു, ഉദ്ഘാടനമോ ആഘോഷമോ ഇല്ലാതെ.
എട്ടുമാസം ഗർഭിണിയായ പനത്തടിയിലെ പി.കെ. സിന്ധുമോൾ ആണ് ഗൈനോക്കോളജിവിഭാഗം ഒ.പി.യിൽ ആദ്യമെത്തിയത്. ഡോ. ആർ.ജെ. സായിപ്രിയ ഇവരെ പരിശോധിച്ചു. അരയിയിലെ കെ.വി. അജീഷിന്റെയും കെ.പി. ധന്യയുടെയും മകൻ മൂന്നുവയസ്സുകാരൻ ജൂഹിറ്റ് കുട്ടികളുടെ വിഭാഗം ഒ.പി. പട്ടികയിലെ ആദ്യ പേരുകാരനായി. ജൂഹിറ്റിനെ ഡോ. സി.സി. ഫാത്തിമ പരിശോധിച്ചു. എട്ട് കുട്ടികളും രണ്ട് ഗർഭിണികളും നാല് സ്ത്രീകളുമാണ് ആദ്യദിനത്തിൽ ചികിത്സതേടിയത്. ഇവരിൽ നാലുപേർ അത്യാഹിത വിഭാഗത്തിലും ബാക്കിയുള്ളവർ ഒ.പി. വിഭാഗത്തിലുമാണെത്തിയത്.
ഇ. ചന്ദ്രശേഖരൻ എം.എൽ.എ.യും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി. സുജാതയും ചേർന്ന് കേക്ക് മുറിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ്, എൻ.എച്ച്.എം. പ്രോഗ്രാം മാനേജർ ഡോ. റിജിത്കൃഷ്ണൻ, ജില്ലാ ആസ്പത്രി സൂപ്രണ്ട് ഡോ. കെ.വി. പ്രകാശ്, സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രി സൂപ്രണ്ട് ഡോ. ബി. സന്തോഷ് എന്നിവർ പങ്കെടുത്തു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
