ഡെസ്റ്റിനേഷൻ വെഡിങ്’ ബേക്കൽ ടൂറിസത്തിനും ഉണർവേകുകയാണ്. കടലും കായലും സംഗമിക്കുന്ന അറബിക്കടലിന്റെ തീരത്തേക്ക് ഉത്തരേന്ത്യയിൽ നിന്നും വിദേശങ്ങളിൽ നിന്നും വിവാഹത്തിനായി കുടുംബങ്ങളെത്തുമ്പോൾ കാസർകോടിനും ലഭിക്കുന്നതു പോക്കറ്റ് നിറയെ പണം.
വരന്റെയും വധുവിന്റെയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി ബേക്കലിലെ 2 പഞ്ചനക്ഷത്ര ഹോട്ടലുകൾ മാസങ്ങൾക്കു മുൻപു മുൻകൂട്ടി ബുക്ക് ചെയ്യുന്നതു മുതൽ തുടങ്ങുന്നു ഡെസ്റ്റിനേഷൻ വെഡിങ്ങിനുള്ള ഒരുക്കങ്ങൾ. ഉത്തരേന്ത്യയിൽ നിന്നുള്ള ധനികരുടെ മക്കളുടെ വിവാഹങ്ങളാണ് ഇങ്ങനെ ഏറെയും ഇവിടെ നടക്കുന്നത്. രണ്ടും മൂന്നും ദിവസമാണു വിവാഹ സംഘങ്ങൾ മുറിയെടുത്ത് ആഘോഷമാക്കുന്നത്. പൂൾ സൈഡ്, ബീച്ച് സൈഡ്, ഹെലിപാഡ് എന്നിങ്ങനെ പല സ്ഥലങ്ങളിലായാണ് റിസപ്ഷനും ചടങ്ങുകളും. ഹൗസ് ബോട്ട് സഫാരിയും കലാപരിപാടികളും ഉണ്ടാവും. 100 മുതൽ 300 പേർ വരെ പങ്കെടുക്കുന്നവയാണ് ഇത്തരം വിവാഹങ്ങൾ.
100 മുതൽ 150 വരെ കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന മേളയ്ക്കു ചുരുങ്ങിയ ചെലവ് ഒരു കോടിയാണ്. ഭക്ഷണവും താമസവും ആയി 2 ദിവസത്തെ പരിപാടികൾക്കു കുറഞ്ഞ തുക 80 ലക്ഷമാണ്. വിവാഹ റിസപ്ഷനിലെ വിവിധ കലാപരിപാടികൾക്കും അലങ്കാരങ്ങൾക്കുമായി 20 ലക്ഷത്തിനു മുകളിലാവും. ടാക്സി, മറ്റ് സജീകരണങ്ങൾ എന്നിവ ചേർത്താൽ വിവാഹത്തിനായി പൊടിക്കുന്നത് 1.2 കോടി. വിവാഹ സംഘത്തിന്റെ സാമ്പത്തിക ശേഷിയും ഏർപ്പെടുത്തുന്ന സൗകര്യങ്ങളും അനുസരിച്ച് ഈ തുക 2 കോടി വരെ നീളും. ഈവന്റ് മാനേജ്മെന്റ് കമ്പനികളാണ് റിസോർട്ടിനകത്തെ വിവാഹ റിസപ്ഷനും കലാ പരിപാടികളും മറ്റും പ്ലാൻ ചെയ്യുന്നത്.
വിദേശ വിവാഹങ്ങളും ഏറെ
ബേക്കലിൽ വിവാഹ റിസപ്ഷനുള്ള വേദി തയാറാക്കുന്നു.
ഉത്തരേന്ത്യൻ വിവാഹ സംഘങ്ങളാണ് ബേക്കലിലെത്തി വിവാഹം നടത്തുന്നതിലേറെയും. ഡൽഹി, ആന്ധ്ര, ഗുജറാത്ത്, തെലങ്കാന, ഹിമാചൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവാഹ സംഘങ്ങളും ബേക്കലിനെ തേടിയെത്തുന്നുണ്ട്. ഓസ്ട്രേലിയ, സിംഗപ്പൂർ, ഫ്രാൻസ്, യുഎസ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളും കഴിഞ്ഞ വർഷം ഇവിടെയെത്തി വിവാഹം നടത്തി മടങ്ങി. ഏപ്രിൽ 21നാണ് ബേക്കൽ താജ് റിസോർട്ടിലെ അടുത്ത വിവാഹം. യുഎസിൽ നിന്നുള്ളവരാണു വധൂവരന്മാർ. ബേക്കൽ താജിൽ കഴിഞ്ഞ വർഷം 16 ആഡംബര വിവാഹങ്ങളാണു നടന്നതെന്ന് താജ് ബേക്കൽ ഓപറേഷൻ മാനേജർ സിജു നമ്പ്യാർ പറയുന്നു. ഒരു മാസം ശരാശരി 2 വിവാഹങ്ങൾ പതിവ്.
കടലും കായലും ബേക്കലിന്റെ ആകർഷണം
ഗോവയിലും മറ്റും വിവാഹം നടത്താം എന്ന ആലോചനയുമായി എത്തുന്ന ഉത്തരേന്ത്യൻ സംഘങ്ങൾ പിന്നീട് ബേക്കലിലെ മേന്മകൾ തിരിച്ചറിഞ്ഞ് ഇവിടേക്കു ചടങ്ങുകൾ മാറ്റുന്നുണ്ട്. കടലും കായലും ഒന്നിച്ച് ആസ്വദിക്കാനാവുന്നു എന്നതാണ് ബേക്കലിനെ ഡെസ്റ്റിനേഷൻ വെഡിങ് ഹബാക്കി ആകർഷിക്കുന്നത്. കായലും ബീച്ചും വധൂവരന്മാരുടെ ഫോട്ടോ ഷൂട്ടുകൾക്കും മനോഹരമായ അന്തരീക്ഷമൊരുക്കുന്നു. നേരത്തേ കോവളവും കുമരകവും ചുറ്റിപ്പറ്റി നിന്ന ആഡംബര വിവാഹങ്ങൾ ഇപ്പോൾ ബേക്കലിലേക്കും മിഴി തുറക്കുകയാണ്.
ബേക്കലിലെ സ്വകാര്യ റിസോർട്ടിൽ നടന്ന ഉത്തരേന്ത്യൻ സംഘത്തിന്റെ ആഡംബര വിവാഹ ചടങ്ങിൽ നിന്ന്.
റിസോർട്ടിൽ മുറിയെടുക്കുന്ന വിവാഹ സംഘങ്ങളുടെ സഹായികൾക്കു ബേക്കൽ പരിസരത്തെ ഹോം സ്റ്റേകളിലാണു താമസമൊരുക്കാറ്. ഇതുവഴി ആഡംബര വിവാഹം നടക്കുന്ന ദിവസങ്ങളിലെല്ലാം ജില്ലയിലെ ഹോം സ്റ്റേകൾ മുഴുവൻ ബുക്കിങ് ആവും. ചെണ്ടമേളവും കൾചറൽ ഷോയും അരങ്ങേറും. മോഹിനിയാട്ടം, ഭരതനാട്യം, മേളം തുടങ്ങിയ കലാപരിപാടികളിലൂടെ കലാകാരൻമാർക്കു വരുമാനം ലഭിക്കുന്നു. പൂ വിൽപന, ഫൊട്ടോഗ്രഫി, ടാക്സി തുടങ്ങിയവ വഴിയും തദ്ദേശീയർക്ക് പ്രത്യക്ഷമായി തന്നെ വരുമാനമാകും.
ആഡംബര വിവാഹ ചടങ്ങിലെ ‘കപ്പിൾസ് എൻട്രിയിൽ’ റിസോർട്ടിലെ തടാകത്തിലൂടെ ചങ്ങാടത്തിൽ വധുവും വരനുമെത്തുന്നു.
കായലിലൂടെ ചങ്ങാടത്തിലുള്ള കപ്പിൾസ് എൻട്രി ബേക്കലിലെ ആഡംബര വിവാഹത്തിലെ പ്രധാന ആകർഷണമാണ്. ഈ സമയത്ത് ആകാശത്തു നിന്നുള്ള പുഷ്പവർഷവും ഉണ്ടാകും. വെടിക്കെട്ട്, ഓട്ടോ സവാരി, കേരളീയ കലാരൂപങ്ങളുടെ അവതരണം, ചെണ്ട മേളം, ഹെലിപ്പാഡിലെ റിസപ്ഷൻ എന്നിവയെല്ലാം ബേക്കലിനെ വെഡിങ് ഡെസ്റ്റിനേഷൻ ഹബാക്കി മാറ്റുന്ന ഘടകമാണ്.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
