പെരിയ: ഉള്ളിലൊരുപാട് പ്രതീക്ഷകളോടെയാണ് നിടുവോട്ടുപാറയിലെ ജിഷ്ണു ജോലിയിൽ പ്രവേശിച്ചത്. പക്ഷാഘാതം വന്ന് വർഷങ്ങളായി ശരീരം തളർന്ന് കിടപ്പിലായ അമ്മ ശ്രീജയ്ക്ക് നല്ല ചികിത്സ, അടച്ചുറപ്പുള്ളൊരു വീട്, പട്ടിണിയില്ലാത്തൊരു ജീവിതം…കുന്നോളം ഉയരത്തിലായിരുന്നു പ്രതീക്ഷകൾ. എന്നാൽ, വിധി കാത്തുെവച്ചത് മറ്റൊന്നും.
ആദ്യമായി ജോലിയിൽ പ്രവേശിച്ച ദിവസംതന്നെ ജോലിസ്ഥലത്തുവച്ച് വൈദ്യുതാഘാതമേറ്റ ജിഷ്ണു ഇപ്പോൾ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള പോരാട്ടത്തിലാണ്. ഒരുമാസം മുൻപാണ് കാസർകോട്ടെ ഒരു സ്വകാര്യ ടെലികോം കമ്പനിയിൽ 22-കാരനായ ജിഷ്ണുവിന് ജോലി ലഭിച്ചത്. ജോലിക്കിടെ കേബിൾ വലിച്ച് കെട്ടുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതി കമ്പിയിൽ പിടിച്ചതാണ് അപകടമുണ്ടാകാൻ കാരണം. തെറിച്ചുവീണ ജിഷ്ണുവിനെ സഹപ്രവർത്തകർ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിക്കുകയായിരുന്നു.
അപകടംജിഷ്ണുവിന്റെ ശരീരത്തിന് വലിയ ആഘാതമുണ്ടാക്കിയിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ജിഷ്ണുവിന്റെ ഒരു ഭാഗം പൂർണമായും തളർന്നു. ഒരു ശസ്ത്രക്രിയ ചെയ്താൽ ജീവിതത്തിലേക്ക് തിരിച്ചുവരാനാകും. മൂന്ന് മാസക്കാലം അണുബാധയേൽക്കാതെ ഐസൊലേഷൻ വാർഡിൽ കഴിയണമെന്നും ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. കൂലിപ്പണിക്കാരനായ നിടുവോട്ടുപാറയിലെ നാരായണന്റെയും ശ്രീജയുടെയും ഏകമകനാണ് ജിഷ്ണു. ചികിത്സയുടെ ആദ്യഘട്ടത്തിൽത്തന്നെ 15 ലക്ഷം രൂപയോളം വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
യുവാവിനെ രക്ഷിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാസഹായ കമ്മിറ്റി രൂപവത്‌കരിച്ചിട്ടുണ്ട്. പുല്ലൂർ പെരിയ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദൻ ചെയർമാനും പഞ്ചായത്തംഗം ടിവി അശോകൻ കൺവീനറുമാണ്. കേരള ഗ്രാമീൺബാങ്കിന്റെ പെരിയ ശാഖയിൽ എൻ.സി.നാരായണന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40442101016257. ഐ.എഫ്.എസ്.സി. KLGB0040442
https://chat.whatsapp.com/2JfssH3nkl22l8hNa49U91
