ട്രെയിനിൽ യാത്രക്കാരെ തീകൊളുത്തി കൊല്ലാൻ ശ്രമം: മൂന്നു പേർ ട്രാക്കിൽ മരിച്ച നിലയിൽ

samakalikam
By samakalikam 2 Min Read

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാനുള്ള ശ്രമത്തിനിടെ പുറത്തേക്ക് ചാടിയതെന്ന് കരുതുന്ന സ്ത്രീയും കുഞ്ഞും ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശികളായ ഷുഹൈബ്- ജസീല ദമ്പതികളുടെ മകൾ സഹ്ല (രണ്ട് വയസ്), ജസീലയുടെ സഹോദരി കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദ് രിയ മൻസിലിൽ റഹ്മത്ത് (45) എന്നിവരാണ് മരിച്ചത്. മരിച്ച പുരുഷനെ തിരിച്ചറിഞ്ഞിട്ടില്ല. എലത്തൂർ കോരപ്പുഴ പാലത്തിന് സമീപം റെയിൽവേ പാളത്തിലാണ് മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

ട്രെയിനിലുണ്ടായിരുന്ന എട്ടുപേർക്ക് പൊള്ളലേറ്റു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പൊള്ളലേറ്റ അഞ്ചുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടുപേരെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും ഒരാളെ കൊയിലാണ്ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അപകടം നടന്ന സ്ഥലം സിറ്റി പൊലീസ് കമീഷണർ രാജ്പാൽ മീണയുടെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധിക്കുന്നു
ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് ട്രെയിനിന്റെ ഡി1 കമ്പാർട്മെന്റിൽ ഞായറാഴ്ച രാത്രി 9.15ഓടെയാണ് ആക്രമണമുണ്ടായത്. കോഴിക്കോട് പിന്നിട്ട് ട്രെയിൻ എലത്തൂർ സ്റ്റേഷനും കഴിഞ്ഞ് കോരപ്പുഴ പാലത്തിലെത്തിയപ്പോൾ പെട്രോളുമായി കമ്പാർട്മെന്റിൽ കയറിയ ആക്രമി യാത്രക്കാർക്കുനേരെ സ്പ്രേ ചെയ്തശേഷം കത്തിക്കുകയായിരുന്നു എന്നാണ് കമ്പാർട്മെന്റിലുള്ളവർ പറഞ്ഞത്.

മറ്റു യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. ട്രെയിനിന് തീപിടിച്ചു എന്നായിരുന്നു ആദ്യം പ്രചരിച്ചത്. ഇത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ട്രെയിൻ നിന്നത് പാലത്തിനു മുകളിലായതിനാൽ പൊള്ളലേറ്റവരെ പുറത്തെത്തിക്കാനും ഏറെ പണിപ്പെടേണ്ടിവന്നു. ഡി1 കമ്പാർട്മെന്റിൽനിന്ന് മറ്റു കമ്പാർട്മെന്റിനുള്ളിലൂടെയാണ് ഇവരെ പുറത്തെത്തിച്ചത്.

കണ്ണൂർ സ്റ്റേഷനിലെത്തിയ ട്രെയിനിന്‍റെ കംമ്പാർട്ട്മെന്‍റ് പൊലീസ് സീൽ ചെയ്യുന്നു
കണ്ണൂർ കതിരൂർ പൂഞ്ഞം നായനാർ റോഡ് പൊയ്യിൽ വീട്ടിൽ അനിൽകുമാർ (50), ഭാര്യ സജിഷ (47), മകൻ അദ്വൈത് (21), റെയിൽവേ എൻജിനീയറായ തൃശൂർ മണ്ണുത്തി മാനാട്ടിൽ വീട്ടിൽ പ്രിൻസിന്റെ ഭാര്യ അശ്വതി (29), കണ്ണൂർ യൂനിവേഴ്സിറ്റി സെക്ഷൻ ഓഫിസറായ തളിപ്പറമ്പ് പട്ടുവം അരിയിൽ നീലിമ ഹൗസിൽ റൂബി (52) എന്നിവരെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

ഇതിൽ അനിൽകുമാറിന്റെ നില ഗുരുതരമാണ്. ഇദ്ദേഹത്തിന് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. കമ്പാർട്മെന്റിലുണ്ടായിരുന്ന റാസിഖ് എന്നയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജ്യോതീന്ദ്രനാഥ്, പ്രിൻസ് എന്നിവരാണ് ബേബി മെമ്മോറിയൽ ആശുപത്രിയിലുള്ളത്.

എറണാകുളത്ത് യോഗം കഴിഞ്ഞ് മടങ്ങിയ കണ്ണൂർ എൻജിനീയറിങ് കോളജിലെ പൂർവവിദ്യാർഥികളായിരുന്നു ഡി1 കമ്പാർട്മെന്റിലുണ്ടായിരുന്നവരിൽ ഏറെയും. ഇവർക്കാണ് ആക്രമണം നേരിട്ടത്. ടോയ്‍ലറ്റിന്റെ ഭാഗത്തുനിന്നു കമ്പാർട്മെന്റിലേക്ക് രണ്ടു കുപ്പികളുമായി വന്ന ആക്രമി പെട്രോൾ വീശിയൊഴിച്ചശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് കമ്പാർട്മെന്റിലുണ്ടായിരുന്ന യാത്രക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു.

ചുവന്ന ഷർട്ടും തൊപ്പിയും ധരിച്ച ആക്രമിക്കും പൊള്ളലേറ്റുവെന്നാണ് അറിയുന്നത്. ആക്രമിയുടെ ലക്ഷ്യമെന്തായിരുന്നുവെന്ന് വ്യക്തമല്ല. സിറ്റി പൊലീസ് കമീഷണർ രാജ്പാൽ മീണയുടെ നേതൃത്വത്തിൽ പൊലീസ് സംഘവും റെയിൽവേ പൊലീസും സ്ഥലത്ത് ഏറെ വൈകിയും പരിശോധന നടത്തുകയാണ്. ട്രെയിൻ കണ്ണൂർ സ്റ്റേഷനിലെത്തിയപ്പോൾ സംഭവം നടന്ന ഡി 1 കോച്ചും തൊട്ടടുത്ത ഡി 2 കോച്ചും പൊലീസ് സീൽ ചെയ്തു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *