കോഴിക്കോട് ∙ ‘‘എവിടെയെത്തി എന്നറിയാൻ ഭാര്യയെ വിളിച്ചപ്പോൾ മറ്റാരോ ആണ് ഫോണെടുത്തത്. ട്രെയിനിൽ തീപിടിത്തമുണ്ടായെന്നും ഫോൺ താഴെക്കിടന്നു കിട്ടിയതാണെന്നും പറഞ്ഞു. പിന്നെ രാത്രി മുഴുവൻ അവളെത്തിരഞ്ഞ് അലയുകയായിരുന്നു. ഒടുവിൽ…’’ പറഞ്ഞുതീർക്കാനാകാതെ കണ്ണൂർ പാപ്പിനിശേരി വെസ്റ്റ് സ്വദേശി എം.കെ.ഷറഫുദ്ദീൻ വിതുമ്പി. ഷറഫുദ്ദീന്റെ ഭാര്യ റഹ്മത്തും റഹ്മത്തിന്റെ സഹോദരിയുടെ 2 വയസ്സുള്ള മകൾ സെഹ്റയുമാണ് ട്രെയിനിൽനിന്നു വീണു മരിച്ചത്.
തീപിടിത്തമുണ്ടായ ട്രെയിനിൽനിന്നു ഭാര്യയെ കാണാതായെന്ന വിവരമറിഞ്ഞ നിമിഷം മുതൽ വെന്തുരുകുകയായിരുന്നു ഷറഫുദ്ദീൻ. നഗരത്തിലെ ആശുപത്രികളിലും പൊലീസ് സ്റ്റേഷനിലും അപകടം നടന്ന റെയിൽവേ ട്രാക്കിലുമെല്ലാം ഭാര്യയുടെ വിവരം തേടി രാത്രി മുഴുവൻ അലഞ്ഞു. ഒടുവിൽ, പുലർച്ചെ എലത്തൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ ട്രാക്കിൽ കണ്ടെത്തിയ മൃതദേഹം ഭാര്യ റഹ്മത്തിന്റേതാണെന്നു തിരിച്ചറിയാൻ നിൽക്കുമ്പോൾ ഷറഫുദ്ദീന്റെ കണ്ണീർ വറ്റിയിരുന്നു.
സഹോദരി ജസീലയുടെ കടലുണ്ടി ചാലിയത്തെ വീട്ടിൽനിന്ന് സെഹ്റയെ കൂട്ടിക്കൊണ്ടുവരാനാണ് റഹ്മത്ത് അയൽവാസിയായ റാസിഖിനൊപ്പം ഞായറാഴ്ച പോയത്. ജസീല ഒരു മാസത്തെ അധ്യാപക പരിശീലനത്തിനു പോകുന്നതിനാലായിരുന്നു ഇത്. ‘‘വൈകിട്ട് 5.45നു ചാലിയത്ത് എത്തിയെന്നും നോമ്പുതുറ കഴിഞ്ഞാൽ മടങ്ങുമെന്നും പറഞ്ഞിരുന്നു. രാത്രി 9.30 ആയപ്പോൾ എവിടെയെത്തി എന്നറിയാനാണു റഹ്മത്തിന്റെ ഫോണിലേക്കു വിളിച്ചത്. മറ്റാരോ ഫോൺ എടുത്തു. ട്രെയിനിൽ ആരോ തീ കൊളുത്തിയെന്നും കുറെപ്പേർക്കു പൊള്ളലേറ്റെന്നും പറഞ്ഞു.
ഫോൺ നിലത്തു കിടക്കുകയായിരുന്നു. ഫോൺ എടുത്തയാൾക്കു ഭാര്യയുടെ പേരു പറഞ്ഞു കൊടുത്തു. അയാൾ പേര് ഉറക്കെ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. റാസിഖ് എന്നൊരാൾ ഒപ്പമുണ്ടെന്നു ഞാൻ പറഞ്ഞു. ഫോൺ എടുത്തയാൾ റാസിഖിനെ കണ്ടെത്തി ഫോൺ കൊടുത്തു. റഹ്മത്തിനെയും സെഹ്റയെയും കാണാനില്ലെന്ന് അവനാണു പറഞ്ഞത്. വണ്ടി കൊയിലാണ്ടിയിലാണെന്നും താൻ ആശുപത്രിയിലേക്കു പോകുകയാണെന്നും റാസിഖ് പറഞ്ഞു’’.
ഷറഫുദ്ദീൻ ഉടൻ കോഴിക്കോട്ടെത്തി. ‘‘ട്രെയിനിനു തീയിട്ട എലത്തൂരിലാണ് ആദ്യം പോയത്. പരുക്കേറ്റവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെന്ന് അറിഞ്ഞു. അവിടെയെത്തിച്ച 3 പേരിൽ റഹ്മത്തുണ്ടായിരുന്നില്ല. പരുക്കേറ്റ ചിലരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെന്നറിഞ്ഞ് അവിടെയുമെത്തിയെങ്കിലും ഫലമുണ്ടായില്ല. എലത്തൂരിലേക്കു മടങ്ങി. ഭാര്യയെയും 2 വയസ്സുള്ള കുഞ്ഞിനെയും കാണാനില്ലെന്നു പൊലീസിൽ അറിയിച്ചു. ട്രെയിൻ നിർത്തിയതു പാലത്തിനു മുകളിലായതിനാൽ പുഴയിൽ ചാടിയിരിക്കാമെന്ന ആശങ്ക ചിലർ പങ്കുവച്ചു. അപ്പോഴേക്കും സംഭവം കഴിഞ്ഞു മൂന്നര മണിക്കൂർ പിന്നിട്ടിരുന്നു.
ട്രെയിൻ നിർത്തിയിട്ട കോരപ്പുഴ പാലത്തിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കു ട്രാക്കിനു മുകളിലൂടെ പൊലീസ് തിരച്ചിൽ നടത്തി. പാലത്തിന് 500 മീറ്ററോളം അകലെ റെയിൽവേ ട്രാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തി. അവളും അൽപം മാറി കുഞ്ഞും’’– ഷറഫുദ്ദീൻ ആ ഓർമയിൽ കണ്ണിൽ വിരൽകോർത്തു കുനിഞ്ഞിരുന്നു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
