കരിവെള്ളൂർ : വേറിട്ട കാഴ്ചയൊരുക്കി കരിവെള്ളൂർ പാലക്കുന്ന് വടക്കുമ്പാട് കൊട്ടുക്കര തറവാട്ടിലെ കാമരൂപം. പൂരോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര മുറ്റത്തും തറവാടുകളിലും വീടുകളിലെ പടിഞ്ഞാറ്റയിലും കൊട്ടിലിനകത്തും കാർത്തിക തൊട്ട് പൂരം വരെയിടുന്ന പൂക്കൾ കൊണ്ട് കാമദേവ രൂപമുണ്ടാക്കുന്നുണ്ടെങ്കിലും കൊട്ടുക്കര തറവാട്ടിലെ കാമരൂപം വലുപ്പം കൊണ്ടും ദൃശ്യഭംഗി കൊണ്ടും വ്യത്യസ്തമാണ്. തറവാട്ടംഗങ്ങളും അയൽക്കാരുമായ അമ്പതോളം പേരുടെ മൂന്നു ദിവസത്തെ കഠിനാധ്വാനവും കരവിരുതും കൊണ്ടാണ് പതിനഞ്ചടി നീളത്തിലും പത്തടി വീതിയിലും പൂക്കൾ മാത്രം ഉപയോഗിച്ച് കാമരൂപം പൂർത്തിയാക്കിയത്.പതിനഞ്ച് അടി നീളവും ആറടി വീതിയുമുള്ള പൂമെത്തയിൽ കാമദേവൻ കിടക്കുന്ന രൂപത്തിലാണ് നിർമ്മാണം. നരയൻ പൂവ് കൊണ്ട് ഒരുക്കുന്ന കിടക്കയിൽ നിവർന്നു കിടക്കുന്ന കാമരൂപത്തിന്റെ വിവിധ ഭാഗങ്ങൾ ചെക്കിപ്പൂവ്, ചുള്ളിപ്പൂവ്, ചെമ്പകപ്പൂവ് , എരിക്കിൻ പൂവ് എന്നിവയ്ക്കു പുറമെ മാവിന്റെ പച്ചകൊമ്പ് തൊലി നീക്കിയ ശേഷം വെളുത്ത ഭാഗം കത്തി കൊണ്ട് വാർന്നെടുത്ത് ലഭിക്കുന്ന പൊടിയും വിവിധ ഭാഗങ്ങൾ അലങ്കരിക്കാൻ ഉപയോഗിക്കുന്നു. ആവശ്യമായ പൂക്കൾ മൂന്നു ദിവസം മുമ്പെ വിവിധ സ്ഥലങ്ങളിൽ നിന്നായി ശേഖരിച്ചു. ഇന്നലെ (തിങ്കൾ ) രാവിലെ ആരംഭിച്ച നിർമ്മാണം ഇന്ന് രാവിലെ 6 മണിയോടെയാണ് പൂർത്തിയായത്. കാമശില്പത്തെ ദർശിക്കാൻ വിദൂര സ്ഥലങ്ങളിൽ നിന്നു പോലും നൂറുകണക്കിനാളുകൾ കാമശില്പത്തെ ദർശിക്കാനെത്തി.നാളെ (ബുധൻ) പുലർച്ചെ രണ്ടു മണിയോടെ ഏച്ചിക്കുളങ്ങര ആറാട്ടിനു ശേഷം മടങ്ങുന്ന കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി കോമരത്തിന്റെയും പരിവാരങ്ങളുടെയും സന്ദർശനത്തോടെ കാമരൂപത്തെ യാത്രയാക്കുമെങ്കിലും കാണികൾക്കായി രണ്ടു ദിവസം കൂടി കാമശില്പത്തെ പന്തലിൽ നിലനിർത്തും
https://chat.whatsapp.com/2JfssH3nkl22l8hNa49U91
