ആലപ്പുഴ: പ്രസവത്തിന് പിന്നാലെ മാതാവ് ബക്കറ്റില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. ആറന്മുള സ്വദേശിനിയുടെ കുഞ്ഞിനെയാണ് വീട്ടിലെ ബക്കറ്റില്‍നിന്ന് പോലീസ് കണ്ടെത്തിയത്. ഉടന്‍തന്നെ പോലീസുകാര്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആറന്മുള സ്വദേശിനിയായ യുവതി അമിത രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടില്‍നിന്ന് പ്രസവിച്ചതിന് പിന്നാലെ അമിതരക്തസ്രാവമുണ്ടായപ്പോളാണ് യുവതി ചെങ്ങന്നൂരിലെ ആശുപത്രിയിലെത്തിയത്. ആശുപത്രി അധികൃതര്‍ കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടിയാണ് നല്‍കിയത്. കുഞ്ഞ് മരിച്ചെന്നും മൊഴി നല്‍കി. ഇതോടെ ആശുപത്രി അധികൃതര്‍ വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലീസ് യുവതിയുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ബക്കറ്റില്‍ ഉപേക്ഷിച്ചനിലയില്‍ നവജാതശിശുവിനെ കണ്ടെത്തിയത്.
യുവതിയുടെ വീട്ടിലെത്തിയ പോലീസ് സംഘത്തിന് ആദ്യം കുഞ്ഞിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് വീട്ടിലുണ്ടായിരുന്ന ബക്കറ്റില്‍നിന്ന് കരച്ചിലും ബക്കറ്റിലെ അനക്കവും പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. പരിശോധിച്ചതോടെ ബക്കറ്റിനുള്ളില്‍ തുണിയില്‍പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ പോലീസ് സംഘം കുഞ്ഞിനെയും എടുത്ത് ഓടി. തുടര്‍ന്ന് പോലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ അമ്മയും കുഞ്ഞും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇരുവരും അപകടനില തരണംചെയ്‌തെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്നവിവരം.
ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതി ഗര്‍ഭിണിയായവിവരം ആരെയും അറിയിച്ചിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. തുടര്‍ന്ന് മറ്റാരുമറിയാതെ യുവതി വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നു. ഇതിനുപിന്നാലെ അമിതമായരക്തസ്രാവമുണ്ടായതോടെയാണ് യുവതി ആശുപത്രിയില്‍ ചികിത്സതേടിയത്.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
