കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീവെച്ച സംഭവത്തില്‍ പിടിയിലായ പ്രതി ഷാരൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നു. കോഴിക്കോട് മാലൂര്‍കുന്നിലെ ക്യാമ്പിലാണ് രാവിലെ പ്രതിയെ ചോദ്യം ചെയ്യുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് പ്രതിയെ കോഴിക്കോടെത്തിച്ചത്.
ആക്രമണത്തിന്റെ കാരണമെന്ത്, സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ, ആക്രമണത്തിന് പിന്നില്‍ ആരൊക്കെ, ഏതെങ്കിലും സംഘടനകളുണ്ടോ, കേരളത്തില്‍ ആരൊക്കെ സഹായിച്ചു, എങ്ങനെ കേരളത്തില്‍ നിന്നും രക്ഷപ്പെട്ടു എന്ന കാര്യങ്ങളിലാണ് പ്രാഥമികമായി വ്യക്തത ലഭിക്കേണ്ടത്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ ക്യാമ്പിലെത്തി. പ്രാഥമിക ചോദ്യം ചെയ്യലില്‍ ലഭിച്ച കാര്യങ്ങളടക്കം ചൂണ്ടിക്കാട്ടിയായിരിക്കും കസ്റ്റഡി അപേക്ഷ. പൊള്ളലേറ്റുള്ള പരിക്കിന്റെ ഗൗരവം കൂടി കണക്കിലെടുത്തായിരിക്കും ഷാരൂഖിനെ കസ്റ്റഡിയില്‍ ലഭിക്കുക. എന്നാല്‍, കൂടുതല്‍ പ്രതികളുണ്ടെങ്കില്‍ അവരിലേക്കെത്താന്‍ ആദ്യഘട്ടത്തില്‍ തന്നെ കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്യണമെന്ന ആവശ്യം പോലീസ് മജിസ്‌ട്രേറ്റിന് മുന്നിലുയര്‍ത്തും.
ഷാറൂഖ് ഇതുവരെ കേരളത്തിലേക്ക് വന്നിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. അങ്ങനെയെങ്കില്‍ തിരുവനന്തപുരത്തെ സ്ഥലങ്ങളുടെ പേര് എങ്ങനെയാണ് വ്യക്തമായി ഒരു നോട്ട്പാഡില്‍ എഴുതുന്നത്, ഈ സ്ഥലങ്ങളുമായി ഇയാള്‍ക്ക് എന്താണ് ബന്ധം, എങ്ങനെ ഈ പേര് അറിയാം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതവരേണ്ടതുണ്ട്. മരിച്ച മൂന്നുപേര്‍ ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നോ അതോ മറ്റാരെങ്കിലും തള്ളിയിടുകയായിരുന്നോ എന്നതിലും സംശയമുണ്ട്.
ദൃക്‌സാക്ഷികളില്‍ തന്നെ പ്രതിയെക്കുറിച്ച് വ്യത്യസ്ത വിവരണം നല്‍കിയവരുണ്ട്. ചുവന്ന ഷര്‍ട്ടിട്ടയാളല്ലാതെ മറ്റൊരാളെയും കണ്ടിട്ടുണ്ടെന്ന് സാക്ഷിമൊഴികളുണ്ട്. അങ്ങനെയെങ്കില്‍ അതാരായിരുന്നു, ഷാരൂഖല്ലാതെ മറ്റാരൊക്കെ സംഭവത്തിന് പിന്നിലുണ്ട് എന്ന കാര്യത്തിലും അന്വേഷണം നടക്കും. പ്രതിക്ക് രക്ഷപ്പെടാനുള്ള സൗകര്യം ഒരുക്കിയതാര്, സംഭവത്തിന് ശേഷം പ്രതി കണ്ണൂരില്‍ എത്തിയതെങ്ങനെ തുടങ്ങിയ കാര്യങ്ങളിലും ഉത്തരമാവശ്യമുണ്ട്.
എലത്തൂരില്‍ നിന്ന് കണ്ണൂരേക്കും അവിടെ നിന്ന് രത്‌നഗിരി വരെയും എങ്ങനെ എത്തി. ട്രെയിന്‍മാര്‍ഗമോ അതോ റോഡ് മാര്‍ഗമോ. ട്രെയിനിലെങ്കില്‍ ഏത് ട്രെയിനില്‍. എങ്ങനെ പാളത്തിന് സമീപം ബോധരഹിതനായി കാണപ്പെട്ടു. ട്രെയിനില്‍ നിന്ന് വീണതാണോ അതോ ചാടിയതോ. അതോ കൂട്ടത്തിലുള്ളവര്‍ ആരെങ്കിലും തള്ളിയിട്ടതാണോ എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ക്കാണ് ഇനി വ്യക്തത വരാനുള്ളത്.
ഞായറാഴ്ച രാത്രി ഒമ്പതരയ്ക്കായിരുന്നു എലത്തൂരിലെ തീവണ്ടി തീവെപ്പ്. 24 മണിക്കൂറിനകം പ്രതി എങ്ങനെ രത്‌നഗിരിയിലെത്തിയെന്നതിനെക്കുറിച്ച് ഇനിയും വിവരം കിട്ടിയിട്ടില്ല. ട്രെയിനിലും മറ്റു വാഹനങ്ങളിലും കയറിയാണ് മഹാരാഷ്ട്രയിലെത്തിയത് എന്നാണ് പ്രാഥമിക വിവരം. ഇതിനിടെ എവിടെയെങ്കിലും തങ്ങിയോ? സഹായിക്കാന്‍ കൂട്ടാളികളുണ്ടായിരുന്നോ എന്നതിലും ദുരൂഹത തുടരുന്നുണ്ട്.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
