തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പ്രതിയായ ദുരിതാശ്വാസനിധി ദുരുപയോഗക്കേസിലെ ഹര്‍ജിക്കാരന്‍. കേസില്‍ മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം നല്‍കിയ വിധി പുറപ്പെടുവിച്ച ഇരുവരും വിരുന്നില്‍ പങ്കെടുത്തത്, ഹര്‍ജിക്കാരനെന്ന നിലയില്‍ തനിക്ക് ജുഡീഷ്യറിയില്‍ വിശ്വാസം നഷ്ടപ്പെടാനിടയാക്കിയെന്ന് ആര്‍.എസ്. ശശികുമാര്‍ ആരോപിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന്. സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും ലോകായുക്തയുടെ പേരുണ്ടായിരുന്നില്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിതരണത്തില്‍ സ്വജനപക്ഷപാതം ആരോപിച്ചുള്ള ഹര്‍ജിയില്‍ ന്യായാന്യായങ്ങള്‍ പറയാതെ ഫുള്‍ ബെഞ്ചിന് വിട്ട രണ്ടംഗ ലോകായുക്തയിലെ ജഡ്ജിമാരാണ് മുഖ്യമന്ത്രി ക്ഷണിച്ച ഇഫ്താറില്‍ പങ്കെടുത്തതെന്നാണ് ആരോപണം. മുഖ്യമന്ത്രിക്ക് താത്കാലികാശ്വാസം നല്‍കിയ വിധി വന്നത് മാര്‍ച്ച് 31-നായിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. വിരുന്നിലേക്ക് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനേയും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ റഷീദിനെ ക്ഷണിച്ചെന്നും അവര്‍ പങ്കെടുത്തെന്നുമാണ് ആരോപണം.
ലോകായുക്തയും ഉപലോകായുക്തയും വിരുന്നില്‍ പങ്കെടുത്തത് ജുഡീഷ്യറിയെ അവഹേളിക്കുന്നതിന് തുല്ല്യമാണെന്ന് കേസിലെ ഹര്‍ജിക്കാരന്‍ ആര്‍.എസ്. ശശികുമാര്‍ പറഞ്ഞു. ഹര്‍ജിക്കാരന്‍ എന്ന നിലയില്‍ തനിക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ മാത്രമേ ഈ നടപടി ഉപകരിച്ചുള്ളൂ. മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം നല്‍കുന്ന വിധിക്ക് നന്ദി സൂചിപ്പിക്കുന്നതിന് സമാനമാണ് ഇരുവരേയും വിരുന്നില്‍ ക്ഷണിച്ചത്. ക്ഷണിച്ചാല്‍ പോലും ഇരുവരും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതായിരുന്നുവെന്നും ശശികുമാര്‍ വ്യക്തമാക്കി.
വിധി പറയാതെ കേസ് ഫുള്‍ ബെഞ്ചിന് വിട്ടതിനെതിരെ ആര്‍.എസ്. ശശികുമാര്‍ ലോകായുക്തയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരിക്കുകയാണ്. കേസില്‍ ഫുള്‍ ബെഞ്ച് ഏപ്രില്‍ 12-ന് വാദം തുടങ്ങാനിരിക്കുകയാണ്. ഇരുവരും ഇഫ്താറില്‍ പങ്കെടുത്തത് അനൗചിത്യവും നീതിബോധത്തെ ചോദ്യംചെയ്യുന്നതുമാണെന്ന് ആര്‍.എസ്.പി. നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും ആരോപിച്ചിരുന്നു. അതേസമയം, ഇഫ്താര്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടാത്തതും ആരോപണത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
