കാസർകോട്
ഈസ്റ്റ് എളേരി പഞ്ചായത്തിൽ കോൺഗ്രസിന് ഭരണം നഷ്ടമായതിനെ ചൊല്ലി രാജ്മോഹൻ ഉണ്ണിത്താൻ എംപിയും ഡിസിസി പ്രസിഡന്റ് പി കെ ഫൈസലും തമ്മിലുള്ള പോര് മുറുകി. കെപിസിസി പ്രസിഡന്റ് കെ സുധാകരനും വിമർശനമുണ്ട്. ഡിസിസി പ്രസിഡന്റിന്റെ വിപ്പ് ലംഘിച്ചാണ് കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി വിനോദ് ടി ജോസഫിനെ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചത്.
വിമതനായ ജോസഫ് മുത്തോലിയാണ് സിപിഐ എം പിന്തുണയോടെ പ്രസിഡന്റായത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ, രാജ്മോഹൻ ഉണ്ണിത്താൻ എംപി എന്നിവർ ഇടപെട്ടാണ് ജയിംസ് പന്തമാക്കാലിന്റെ ഡിഡിഎഫിനെ കോൺഗ്രസിൽ ലയിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയായതോടെയാണ് നേതാകൾക്ക് നേരം വെളുത്തത്. ഇതൊടെ പരസ്പരം പഴിപറഞ്ഞ് തലയൂരാൻ ശ്രമിക്കുകയാണ് നേതാക്കൾ.
മുൻകൈയെടുത്തത് എംപി
ഈസ്റ്റ് എളേരി പഞ്ചായത്തിലെ പ്രശ്നം തീർക്കാൻ എംപി, ഡിസിസി പ്രസിഡന്റ്, ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ എന്നിവരെയാണ് നിയോഗിച്ചിരുന്നത്. ഉണ്ണിത്താനാണ് ലയനത്തിന് മുൻകൈയെടുത്തതെന്നാണ് ഡിസിസി പ്രസിഡന്റ് പറയുന്നത്.
കെപിസിസി പ്രസിഡന്റ് പിന്തുണ നൽകി. മണ്ഡലം കമ്മിറ്റിയുടെ സമ്മതമില്ലാതെയാണ് ലയനസമ്മേളനം നടന്നത്. ഉണ്ണിത്താന്റെ അറിവോടെയാണ് എല്ലാ കാര്യങ്ങളും നടന്നതെന്നാണ് ഡിസിസി നേതൃത്വം പറയുന്നതെന്ന് പ്രവർത്തകർ പറയുന്നു.
ഇക്കാര്യം അന്വേഷിച്ച് ഈസ്റ്റ് എളേരിയിലെ പ്രവർത്തകർ ഫോണിൽ എംപിയെ വിളിച്ചപ്പോൾ രൂക്ഷമായാണ് അദ്ദേഹം പ്രതികരിച്ചത്. ഉണ്ണിത്താന്റെ ഫോൺ സംഭാഷണം പരക്കെ പ്രചരിക്കുകയാണ്.
ഡീലിങ്ങിന് പിന്നിൽ കെ സുധാകരൻ
കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഡിസിസി പ്രസിഡന്റും ചേർന്നാണ് പന്തമാക്കാലിനെ കൊണ്ടുവന്നതെന്ന് എംപി പറയുന്നു. ഈസ്റ്റ് എളേരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ജയിച്ച് നിയമനം നടത്തി കാശുണ്ടാക്കൽ ലക്ഷ്യമിട്ടായിരുന്നു ലയനം.
കെപിസിസി പ്രസിഡന്റുമായിട്ടാണ് ഡീലിങ് നടന്നത്. ഡിസിസി പ്രസിഡന്റ് ഫൈസലിന് നിലപാടും വ്യക്തിത്വവുമില്ല. സ്ഥാനത്ത് നിന്ന് മാറ്റിയില്ലെങ്കിൽ ജില്ലയിൽ കോൺഗ്രസ് നശിച്ച് വെണ്ണീറാകും. നല്ല കച്ചവടക്കാരനാണ്. കാശു മാത്രം മതി. കോൺഗ്രസിന്റെ അന്ത്യം കുറിക്കും.
ഡിസിസി പ്രസിഡന്റിനെ സഭ്യമല്ലാത്ത ഭാഷയിലാണ് ഉണ്ണിത്താൻ വിമർശിക്കുന്നത്. പ്രവർത്തകർക്ക് മുന്നിൽ നല്ലപിള്ള ചമയാനുള്ള എംപിയുടെ ശ്രമം വിലപോകില്ലെന്ന് ഫൈസൽ വിഭാഗവും വ്യക്തമാക്കുന്നു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
