നീലേശ്വരം: ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകളിൽ മധ്യവേനലവധിക്കാലത്ത് കുട്ടികൾക്കായി ‘വായനാ വെളിച്ചം’ പദ്ധതി ആരംഭിച്ചു. കുഞ്ഞുമനസ്സുകളിൽ പുസ്തക വായനയിലൂടെ നൻമയുടെ പ്രകാശം ചൊരിയാനും പ്രതീക്ഷകളും സ്വപ്നങ്ങളും വിരിയിച്ചെടുക്കാനുള്ള പദ്ധതി ഏപ്രിൽ ,മെയ് മാസങ്ങളിലാണ് നടക്കുക. പദ്ധതിയുടെ ഉദ്ഘാടനം പട്ടേന ജനശക്തി ഗ്രന്ഥാലയത്തിൽ കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ നിർവഹിച്ചു.
ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗ്രന്ഥാലയം സെക്രട്ടറി സുനിൽ പട്ടേന അധ്യക്ഷനായി. റിട്ട. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ വി രാമകൃഷ്ണൻ മുഖ്യാതിഥിയായി.താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി വേണുഗോപാലൻ പദ്ധതി വിശദീകരണം നടത്തി. ലൈബ്രറി കൗൺസിൽ നീലേശ്വരം മേഖലാ സമിതി കൺവീനർ ടി വി സജീവൻ, ജനശക്തി സാംസ്കാരിക വേദി കൺവീനർ എ വി സുരേന്ദ്രൻ, ഇ വി ബാലചന്ദ്രിക, എ വി സുലേഖ, ദേവസ്മിത എന്നിവർ സംസാരിച്ചു.
ഗ്രന്ഥശാലാ പരിധിയിലെ കുട്ടികൾക്ക് നൽകുന്ന പുസ്തകങ്ങൾ വായിച്ച് വായനാക്കുറിപ്പുകളെഴുതി ഓരോ ആഴ്ചയും ചേരുന്ന വായനാക്കൂട്ടത്തിൽ സ്വയം അവതരിപ്പിക്കും. കഥ, കവിത, സാഹിത്യ സൃഷ്ടികളുടെ വ്യത്യസ്ത തരം ആവിഷ്കാരങ്ങളായ നാടകം, ഏകപാത്ര നാടകം, സ്കിറ്റ്, ചിത്രരചന, എഴുത്തുകാരുമായി മുഖാമുഖം, രചനോത്സവങ്ങൾ, സാഹിത്യ സൃഷ്ടികളെ ആസ്പദമാക്കിയുള്ള ഡോക്യുമെൻ്ററി പ്രദർശനം, നിർബ്ബന്ധമായും വായിച്ചിരിക്കേണ്ട കൃതികളെ പരിചയപ്പെടുത്തൽ, കുട്ടികളുടെ അവധിക്കാല ക്യാമ്പുകൾ, മികച്ച വായനക്കാരായ കുട്ടികളെ ഓരോ ഗ്രന്ഥശാലയും ഉപഹാരങ്ങൾ സമ്മാനിച്ച് അനുമോദിക്കൽ തുടങ്ങിയ വൈവിധ്യം നിറഞ്ഞ പരിപാടികളാണ് വായനാ വെളിച്ചത്തിൻ്റെ ഭാഗമായി ഗ്രന്ഥശാലകളിൽ നടക്കുക. മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ഗ്രന്ഥശാലകൾക്ക് താലൂക്ക്തലത്തിൽ ഏർപ്പെടുത്തുന്ന പുരസ്കാരം വായനാ പക്ഷാചരണത്തിൽ സമ്മാനിക്കും.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
