പെരിന്തൽമണ്ണ ∙ ഏലംകുളത്ത് തനിക്കൊപ്പം ഉറങ്ങാൻ കിടന്ന യുവതിയെ ഭർത്താവ് കൊന്നത് ലൈംഗികാവശ്യം നിരാകരിച്ചതിലുള്ള വിരോധവും ഭാര്യയെക്കുറിച്ചുള്ള സംശയവും മൂലമാണെന്ന് പൊലീസ്. സംഭവത്തിൽ ഭർത്താവ് മണ്ണാർക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് സ്വദേശി മുഹമ്മദ് റഫീഖിനെ (35) അറസ്‌റ്റു ചെയ്തു. ഏലംകുളം വായനശാലയ്‌ക്ക് സമീപം താമസിക്കുന്ന പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്‌ന (30) ആണ് കൊല്ലപ്പെട്ടത്. വെള്ളി അർധരാത്രിക്കു ശേഷമാണ് കേസിനാസ്‌പദമായ സംഭവം. പ്രതിയുടെ ലൈംഗികാവശ്യം നിരാകരിച്ചതിലുള്ള വിരോധവും ഭാര്യയെക്കുറിച്ചുള്ള സംശയവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
അർധരാത്രി കഴിഞ്ഞ് ഫഹ്‌നയും ഭർത്താവും ഉറങ്ങാൻ കിടന്ന മുറിയിൽ നിന്ന് ഒച്ചയും ബഹളവും കേട്ട് അടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ഫഹ്‌നയുടെ മാതാവ് നഫീസ എഴുന്നേറ്റപ്പോൾ കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകൾ തുറന്നു കിടക്കുന്നതായി കണ്ടു. റഫീഖ് വീട്ടിൽ നിന്ന് ഓടിപ്പോകുന്നത് കണ്ടതായും പൊലീസ് പറഞ്ഞു. സംശയം തോന്നി മുറിയിലെത്തി നോക്കിയപ്പോഴാണ് ഹഫ്‌നയെ കൈകാലുകൾ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും കഴുത്തിൽ തുണി കുരുക്കിയ നിലയിലും കണ്ടെത്തിയത്. തുടർന്ന് നഫീസ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കൾ ഉടൻതന്നെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.ഫഹ്നയുടെ ദേഹത്തു നിന്ന് കാണാതായ ആഭരണങ്ങൾ പൊലീസ് പ്രതിയുടെ മണ്ണാർക്കാട്ടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. പ്രതിയെ പെരിന്തൽമണ്ണ കോടതിയുടെ ചുമതലയുള്ള തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
.
