കാഞ്ഞങ്ങാട് ∙ ഡ്രൈവിങ് ടെസ്റ്റിനായി 120 പേർക്ക് ടോക്കണ്‍ നൽകി 60 പേർക്ക് മാത്രം അവസരം നൽകിയതിനെതിരെ പ്രതിഷേധവുമായി പഠിതാക്കൾ മോട്ടർ വാഹന വകുപ്പിന്റെ ഓഫിസിലെത്തി. ഇന്നലെ രാവിലെ ഗുരു വനം ടെസ്റ്റിങ് ഗ്രൗണ്ടിൽ 120 പേരാണ് ടെസ്റ്റിന് എത്തിയത്. എന്നാൽ ഒരു മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ മാത്രമായതിനാൽ 60 പേർക്ക് മാത്രമേ അവസരം കിട്ടിയുള്ളൂ. ഇതിൽ പ്രതിഷേധിച്ചാണ് പഠിതാക്കൾ പ്രതിഷേധവുമായി സിവിൽ സ്റ്റേഷനിലെ സബ് ആർടി ഓഫിസിലേക്ക് എത്തിയത്. ഇവർക്കൊപ്പം ഡ്രൈവിങ് പരിശീലകരും പ്രതിഷേധവുമായി എത്തി. കാഞ്ഞങ്ങാട് ആർടി ഓഫിസിൽ 2 മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാര്‍ ആണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാളെ ദിവസങ്ങൾക്ക് മുൻപ് സ്ഥലം മാറ്റിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പകരം ആളെ നിയമിക്കാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞില്ല.കാഞ്ഞങ്ങാട് ആർടി ഓഫിസിന് കീഴിൽ 120 പേർക്കാണ് ടെസ്റ്റിന് സ്ലോട്ട് അനുവദിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസമായി 60 പേർക്ക് മാത്രമാണ് അവസരം കിട്ടുന്നത്.
ബാക്കിയുള്ളവർക്ക് അടുത്ത തീയതി എപ്പോഴാണെന്നു പോലും വ്യക്തമാക്കാൻ അധികൃതർക്ക് കഴിയുന്നുമില്ല. ഇതെല്ലാം പഠിതാക്കളുടെ പ്രതിഷേധത്തിന് കാരണമായി. ചർച്ചയിൽ ബാക്കിയായ പഠിതാക്കൾക്ക് ബുധനാഴ്ച അവസരം നൽകാമെന്ന ഉറപ്പു ലഭിച്ചതോടെ ആണ് പ്രതിഷേധവുമായി എത്തിയ പഠിതാക്കൾ പിരിഞ്ഞു പോയത്. 60 പേർക്ക് ഇന്നലെ ഉച്ചയ്ക്ക് ശേഷം ടെസ്റ്റ് നടത്തി. പഠിതാക്കളുടെ പ്രതിഷേധം അറിഞ്ഞ് ആർടി ഓഫിസിൽ പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.ജില്ലയില്‍ ഡ്രൈവിങ് ടെസ്റ്റിന് ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ ഉള്ളത് കാഞ്ഞങ്ങാട് സബ് ആര്‍ടി ഓഫിസിന് കീഴിലാണ്. മാസങ്ങള്‍ കാത്തിരുന്നാല്‍ മാത്രമാണ് പലര്‍ക്കും ടെസ്റ്റിന് അവസരം ലഭിക്കുന്നത്. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ കുറവ് കൂടി വന്നതോടെ അപേക്ഷകരുടെ കാത്തിരിപ്പ് പിന്നെയും കൂടി. ജില്ലയിലെ ആര്‍ടി ഓഫിസിലുകളില്‍ ആവശ്യത്തിന് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരില്ല. കാസര്‍കോട് 4 പേര്‍ വേണ്ട സ്ഥാനത്ത് 2 പേര്‍ മാത്രമാണ് ഉള്ളത്. വെള്ളരിക്കുണ്ടില്‍ നിന്നു സ്ഥലം മാറിപ്പോയ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പകരമായി വയനാട്ടില്‍ നിന്നാണ് ആളെ നിയമിച്ചത്. കാഞ്ഞങ്ങാട് 3 പേര്‍ വേണ്ടിടത്ത് നിലവില്‍ ഒരാള്‍ മാത്രമാണ് ഉള്ളത്.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
