പിലിക്കോട്: ഗ്രാമത്തിലെ എഴുപത്തിയഞ്ച് തികഞ്ഞ മുത്തച്ഛൻമാർക്കും മുത്തശ്ശിമാർക്കും വിഷുക്കോടിയും വിഷുക്കണിയും സമ്മാനിച്ച് ഗ്രന്ഥശാലാ പ്രവർത്തകർ. തെക്കെ മാണിയാട്ട് അനശ്വര റീഡിംഗ് റൂം ആൻ്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിലാണ് ഗ്രന്ഥശാലാ പരിധിയിലെ 40 മുതിർന്ന പൗരൻമാരെ വിഷുക്കോളുകൾ നൽകി ആദരിച്ച് മാതൃക പകർന്നത്.മുൻ എംപി പി കരുണാകരൻ വിഷുക്കോടിയും വിഷുക്കൈനീട്ടവും വിതരണം ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ മുറ്റത്തൊരുക്കിയ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരെ ഉണ്ണിയപ്പവും ഇലയടയും ചുട്ട് വനിതാവേദി പ്രവർത്തകർ പ്രായത്തിൻ്റെ അവശതകൾ വകവെക്കാതെ എത്തിയവരെ വരവേറ്റു. നാടിൻ്റെ സമൃദ്ധിയുടെ കർണികാരങ്ങൾ പൂത്തിറങ്ങിയ പഴയകാല ഓർമകൾ ‘വിഷുപ്പയമ ‘യിൽ പഴമക്കാർ അയവിറക്കി.മുതിർന്നവർ കണിനിരത്തിയും കൈനീട്ടം കൊടുത്തും കുഞ്ഞുങ്ങൾ പൂത്തിരികളും പടക്കങ്ങളും പൊട്ടിച്ചും വിളവിറക്കിയുമുള്ള വിഷു ഓർമകൾ അധ്യാപകനും പ്രഭാഷകനുമായ ബാലചന്ദ്രൻ എരവിൽ രസച്ചരട് മുറിയാതെ സദസ്സിന് കൈമാറി.
വി ബാലചന്ദ്രൻ അധ്യക്ഷനായി.ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി വേണുഗോപാലൻ, കെ മോഹനൻ, കെ ലക്ഷ്മണൻ, ഗ്രന്ഥാലയം സെക്രട്ടറി പി വി ഉണ്ണി രാജൻ ,വനിതാ വേദി സെക്രട്ടറി പി വി സരിത എന്നിവർ സംസാരിച്ചു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
