ഇനിയെങ്ങോട്ടേക്ക്

samakalikam
By samakalikam 5 Min Read

പത്താം ക്ലാസ്സും പ്ലസ് ടുവും ബിരുദവുമൊക്കെ കഴിഞ്ഞശേഷം മുന്നോട്ടുള്ള പഠനം ഏതു ദിശയിലാവണമെന്ന തീരുമാനമെടുക്കേണ്ടി വരുമ്പോള്‍ കുട്ടികളും രക്ഷിതാക്കളും ഒരുപോലെ സമ്മര്‍ദ്ദത്തിലാവാറുണ്ട്. ഏറ്റവുമെളുപ്പം പഠിക്കാവുന്നതും ഏറ്റവും മികച്ച തൊഴില്‍ ലഭിക്കുന്നതുമായ പഠനമേഖലയാണ് എല്ലാവര്‍ക്കും വേണ്ടത്. ആദ്യം തന്നെ പറയട്ടെ, അത്തരമൊരു പഠന-തൊഴില്‍ മേഖല ഇല്ല തന്നെ. കുട്ടികളുടെ അദ്ധ്വാനത്തിനും സമര്‍പ്പണത്തിനും ആനുപാതികമായി മാത്രമേ ഫല പ്രാപ്തിയുണ്ടാകൂ, ജീവിതത്തിന്റെ മറ്റേതു മേഖലയെപ്പോലെ പഠനത്തിലും.

*പഠനം-തൊഴില്‍-അഭിരുചി*

അഭിരുചിക്കും കഴിവിനും അനുസരിച്ചുള്ള പഠനമേഖലയും തൊഴില്‍ മേഖലയും തെരഞ്ഞെടുക്കുകയെന്നത് ജീവിത വിജയത്തിന്റെ അടിസ്ഥാനങ്ങളിലൊന്നാണ്. ഇഷ്ടത്തോടെയും ആത്മവിശ്വാസത്തോടെയും പഠിക്കുവാന്‍ കഴിഞ്ഞ വിഷയങ്ങള്‍, കൂടുതല്‍ മാര്‍ക്കു നേടാന്‍ കഴിഞ്ഞ വിഷയങ്ങള്‍ എന്നിവ പരിഗണിച്ച് ഒരാളുടെ താത്പര്യം നിശ്ചയിക്കാം. ഓരോ കരിയറിനും അനുയോജ്യമായ വ്യക്തിഗുണങ്ങള്‍ ഏതെല്ലാമാണെന്ന് അറിയുകയും സ്വന്തം വ്യക്തിത്വം ഏതിനെല്ലാം യോജിക്കുമെന്ന് മനസ്സിലാക്കുകയുമാണ് അടുത്ത ഘട്ടം. നമ്മുടെ സാഹചര്യങ്ങള്‍ – പ്രധാനമായും സാമ്പത്തിക സാഹചര്യങ്ങള്‍ ഒരു കോഴ്‌സ് പഠിക്കാന്‍ ഉതകുന്നതാണോയെന്നും ചിന്തിക്കണം. ഉദാഹരണമായി, പൈലറ്റാവാന്‍ മോഹമുള്ളവര്‍ വീടും പുരയിടവും വിറ്റ് കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സിനു ചേരരുത്. മറിച്ച് വ്യോമസേനയിലൂടെ പൈലറ്റ് എന്ന ലക്ഷ്യം നേടാം.

*പഠനത്തിന്റെ കൈവഴികള്‍*

പ്ലസ് ടുവിന് സയന്‍സ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നീ മൂന്നു പ്രധാന ശാഖകളാണുള്ളതെന്ന് എല്ലാവര്‍ക്കുമറിയാം. ഇവയില്‍ തന്നെ ചില വിഷയങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള കോമ്പിനേഷനുകളുമുണ്ട്. പത്താം ക്ലാസ്സു വരെ പഠിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന വിഷയങ്ങള്‍ പ്ലസ്ടുവിന് ഒരിക്കലും തിരഞ്ഞെടുക്കരുത്.

വിദ്യാര്‍ത്ഥിയുടെ താല്‍പര്യമനുസരിച്ച് ഇഷ്ടമുള്ള കോമ്പിനേഷന്‍ തിരഞ്ഞെടുക്കാം. സയന്‍സ് സ്ട്രീം എടുക്കുന്നയാള്‍ക്ക് ഹ്യൂമാനിറ്റീസിലും കൊമേഴ്‌സിലും സയന്‍സിലും ഉപരിപഠനം നടത്താം. ഹ്യൂമാനിറ്റീസ് കൊമേഴ്‌സ് സ്ട്രീമുകളിലൊന്നു പഠിക്കുന്നയാള്‍ക്ക് ഹ്യൂമാനിറ്റീസിലോ കൊമേഴ്‌സിലോ തുടര്‍പഠനം നടത്താം. അടിസ്ഥാന വസ്തുത ഇതാണെങ്കിലും പതിനായിരത്തിലധികം വരുന്ന തൊഴില്‍ മേഖലകളില്‍ ബഹുഭൂരിപക്ഷവും ഏതു സ്ട്രീമില്‍ പ്ലസ്ടൂ പഠിക്കുന്നയാള്‍ക്കും എത്തിച്ചേരാവുന്നതാണെന്നതാണു യാഥാര്‍ത്ഥ്യം.

മെഡിസിനോ എഞ്ചിനീയറിങ്ങോ അവയുടെ അനുബന്ധ ശാഖകളോ പഠിക്കണമെന്നുള്ളവരും നല്ലതുപോലെ കഠിനാദ്ധ്വാനം ചെയ്യാന്‍ തയ്യാറുള്ളവരും മാത്രം സയന്‍സ് ഗ്രൂപ്പെടുത്താല്‍ മതി സയന്‍സ് വിഷയങ്ങളില്‍ ബിരുദ – ബിരുദാനന്തര പഠനം ലക്ഷ്യമിടുന്നവരും ഈ ഗ്രൂപ്പെടുക്കണം. മാത്‌സ് ഉള്‍പ്പെടെ സയന്‍സ് വിഷയങ്ങളില്‍ നല്ല മാര്‍ക്കും ഉണ്ടായിരിക്കണം.

അക്കങ്ങളെയും കണക്കിനെയും സ്‌നേഹിക്കുന്നവര്‍ക്ക് കോമേഴ്‌സ് ഗ്രൂപ്പ് തിരഞ്ഞെടുക്കാം. തുടര്‍ന്ന് ബി.കോം, ബി.ബി.എ, എം.ബി.എ. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി, കോസ്റ്റ് അക്കൗണ്ടന്‍സി, കമ്പനി സെക്രട്ടറി തുടങ്ങിയവയൊക്കെ പ്ലാന്‍ ചെയ്യാം. CA, CMA ഇന്ത്യ, കമ്പനി സെക്രട്ടറി തുടങ്ങിയവ മറ്റു ഗ്രൂപ്പ് പഠിച്ചവര്‍ക്കും പറ്റുന്ന ഉന്നത കരിയറുകളാണ്.

ആര്‍ട്‌സ് വിഷയങ്ങള്‍ മുന്നോട്ടു പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹ്യൂമാനിറ്റീസ് ഗ്രൂപ്പെടുക്കാം. സയന്‍സ് കോമേഴ്‌സ് വിഷയങ്ങള്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഈ സ്ട്രീം പ്രയോജനപ്രദമാവും. ചുരുക്കം ചില കരിയറുകളൊഴിച്ചാല്‍ വിശാലമായ തൊഴിലവസരങ്ങള്‍ തേടിയുള്ള തുടര്‍പഠനം ഈ ഗ്രൂപ്പിനും സാധ്യമാണ്.

*തൊഴിലധിഷ്ഠിത വിദ്യാഭ്യാസം*

പത്താം ക്ലാസ് കഴിഞ്ഞാല്‍ നേരിട്ടു തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേടാനും അവസരമുണ്ട്. ഉദാഹരണത്തിന് പോളിടെക്‌നിക്കുകളും ഐ.ടി.ഐ.കളും പോളിടെക്‌നിക് പഠനശേഷം ലാറ്ററല്‍ എന്‍ട്രി വഴി എഞ്ചിനീയറിംഗ് ബിരുദം നേടുകയുമാവാം.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ചിന്തിക്കാവുന്നതാണ്. 40-ഓളം കോഴ്‌സുകള്‍ VHSE-യിലുണ്ട്. VHSE പാസ്സാകുന്നവര്‍ക്ക് എഞ്ചിനീയറിംഗ് & ടെക്‌നോളജി, പാരാമെഡിസിന്‍ തുടങ്ങിയ ബ്രാഞ്ചുകളില്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് സീറ്റ് സംവരണത്തിന് അര്‍ഹതയുണ്ട്.

ആയുര്‍വേദ ഫാര്‍മസി, ലാബ് ടെക്‌നീഷ്യന്‍, ടൂറിസം ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, ഹോട്ടല്‍ മാനേജ്‌മെന്റ് എന്നിവയും തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ ശ്രദ്ധേയമായവയാണ്. നെട്ടൂര്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കാര്‍ഷിക സര്‍വ്വകലാശാല, വെറ്റിനറി സര്‍വ്വകലാശാല, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഷൊര്‍ണൂരിലുള്ള പ്രിന്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളും മികവുറ്റവയാണ്. സംസ്ഥാന സഹകരണ വകുപ്പ് നടത്തുന്ന ജൂനിയര്‍ സഹകരണ ഡിപ്ലോമ പഠിക്കുന്നത് സഹകരണ സ്ഥാപനങ്ങളില്‍ തൊഴില്‍ തേടുന്നതിനു സഹായിക്കും. ആരോഗ്യ പരിപാലന രംഗത്ത് താത്പര്യമുള്ളവര്‍ക്ക് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ഹെൽത്ത് ഇന്‍സ്‌പെക്‌ടേഴ്‌സ് ഡിപ്ലോമ എന്നിവ പരിഗണിക്കാം.

ലെതര്‍ ടെക്‌നോളജി, പ്ലാസ്റ്റിക് ടെക്‌നോളജി, സെറാമിക് ടെക്‌നോളജി, പാക്കേജിംങ്ങ് ടെക്‌നോളജി മുതലായ ഒട്ടനവധി കോഴ്‌സുകള്‍ വേറെയുമുണ്ട്.

*ഗവേഷണം – അദ്ധ്യാപനം*

പ്രൈമറി സ്‌കൂള്‍ തുടങ്ങി യൂണിവേഴ്‌സിറ്റി തലം വരെ അദ്ധ്യാപനത്തിന് അവസരമുണ്ട്. പ്രീ പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ്, BEd, DElEd, MEd, NET തുടങ്ങിയ പല തട്ടുകളിലാണു പഠന നിലവാരം ഓരോന്നിനും. ഒരു വിഷയത്തെ ഏറെ ഇഷ്ടപ്പെടുന്നവര്‍ ആ വിഷയത്തില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും, ഗവേഷണ ബിരുദവുമെല്ലാം നേടുകയും ആ പഠനശാഖയുടെ വളര്‍ച്ചയ്ക്കു സംഭാവന നല്കുകയും ചെയ്യണം.

*ആതുരസേവനം*

ആതുരസേവന രംഗത്ത് നഴ്‌സിംഗിനുള്ള പ്രാധാനൃം എല്ലാവര്‍ക്കുമറിയാം. പ്രവര്‍ത്തന മികവുള്ള നഴ്‌സുമാര്‍ക്ക് ലോകത്താകമാനം തൊഴില്‍ സാധ്യതയുണ്ട്. പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ BOT, BASLP, BPT, ഒപ്‌റ്റോമെട്രി തുടങ്ങിയവ തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകളാണ്. റേഡിയോളജിക്കല്‍ ടെക്‌നോളജി, ഡെന്റല്‍ മെക്കാനിക് – ഹൈജീനിസ്റ്റ്, എന്‍ഡോസ്‌കോപ്പി, റെസ്പിറേറ്ററി ടെക്‌നോളജി, ബ്ലഡ് ബാങ്ക് ടെക്‌നോളജി തുടങ്ങി നിരവധി പാരാമെഡിക്കല്‍ ഡി പ്ലോമ പ്രോഗ്രാമുകള്‍ വേറെയുമുണ്ട്.

*പി.എസ്സ്.സി. / ബാങ്കുകള്‍ / സിവില്‍ സര്‍വ്വീസ്*

IAS IPS IFS തുടങ്ങിയ ഉന്നതോദ്യോഗത്തിനുള്ള സിവില്‍ സര്‍വ്വീസ് പരീക്ഷ, മറ്റു UPSC പരീക്ഷകള്‍, സ്റ്റാഫ് സെലക്ഷന്‍, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ബാങ്കുകള്‍, എല്‍.ഐ.സി. തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ ജോലികള്‍ക്കെല്ലാം പൊതുയോഗ്യത ഏതെങ്കിലുമൊരു വിഷയത്തില്‍ നേടിയ ബിരുദമാണ്. അതിനാല്‍ ട്രഡീഷണല്‍ വിഷയങ്ങളിലുള്ള ബിരുദ പഠനത്തിന് എപ്പോഴും പ്രാധാന്യമുണ്ട്. കേരളാ പി.എസ്സ്.സി. പരീക്ഷകള്‍, പത്താം ക്ലാസ്സ്/പ്ലസ് ടു കഴിഞ്ഞവര്‍ക്ക് എഴുതാം. തുടര്‍ച്ചയായി തീവ്ര പരിശീലനം നടത്താന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും കേരള സര്‍ക്കാരിന്റെ നോണ്‍ ഗസറ്റഡ് തസ്തിക മുതല്‍ സിവില്‍ സര്‍വ്വീസ് വരെയുള്ള ഏതുദ്യോഗവും നിസ്സംശയം നേടുവാനാകും.

*സായുധസേന*

പ്ലസ് ടുവിന് ശേഷം സൈന്യത്തില്‍ ഓഫീസറാകാന്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമി പരീക്ഷയെഴുതാം. എഞ്ചിനീയറിംഗ് പഠനത്തിനു ശേഷവും മറ്റു ബിരുദ പഠനങ്ങള്‍ക്കു ശേഷവും സായുധ സേനയില്‍ അവസരങ്ങളുണ്ട്. സൈനിക കോളേജുകളില്‍ സൗജന്യമായി എം.ബി.ബി.എസ്സും, നഴ്‌സിംഗും പഠിക്കാം.

*മറ്റുള്ളവ*

ഏതു സ്ട്രീമുകാര്‍ക്കും ചേരാവുന്ന കോഴ്‌സുകളും തൊഴിലവസരങ്ങളും അനവധിയുണ്ട്. എല്‍.എല്‍.ബി., ലൈബ്രറി സയന്‍സ്, മര്‍ച്ചന്റ് നേവി, ഹോട്ടല്‍ മാനേജ്‌മെന്റ്, കലാപഠനം, സ്‌പോര്‍ട്‌സ്, സിനിമ, കമ്പ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലായി പരന്നു കിടക്കുന്ന ആയിരക്കണക്കിനു കരിയറുകളാണുള്ളത്. അവയെയൊക്ക ഒരു ലേഖനത്തില്‍ പരാമര്‍ശിക്കുക അസാധ്യമാണെന്നോര്‍ക്കുമല്ലോ?

*തൊഴിലവസരങ്ങള്‍*

റീട്ടെയില്‍, അഗ്രി ബിസിനസ്സ് കമ്മ്യൂണിക്കേഷന്‍, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, സാമൂഹ്യസേവനം, അക്കൗണ്ടിംഗ്, മാനേജ്‌മെന്റ്, ആതുരസേവനം, മെഡിസിന്‍, എഞ്ചിനീയറിംഗ്, നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ വന്‍ തൊഴിലവസരങ്ങള്‍ ഇന്ത്യയില്‍ വരാനിരിക്കുന്നതായി കണക്കാക്കപ്പെടുന്നു.

*ശ്രദ്ധിക്കേണ്ടത്*

പഠിക്കുന്ന വിഷയത്തെപ്പോലെ തന്നെ പഠനത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥാപനത്തിനും ഇക്കാലത്ത് ഏറെ പ്രാധാന്യമുണ്ട്. പ്രായോഗിക പരിജ്ഞാനവും ആത്മവിശ്വാസവും ലഭിക്കാവുന്ന അവസരങ്ങളും ഓരോ സ്ഥാപനത്തില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്തമായിരിക്കും.

അതുപോലെ തന്നെ എന്തു പഠിക്കണമെന്നതിനേക്കാള്‍ പഠിക്കുന്ന രംഗത്ത് മുന്‍പന്തിയിലെത്തുകയെന്നതാണ് ഒരാളുടെ ഭാവി നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായകമാവുന്നത്. അതുകൊണ്ട് ദൃഢവും ഏകാഗ്രവുമായ മനസ്സോടെ വേണം ലക്ഷ്യപ്രാപ്തിക്കായുള്ള ഓരോ ചുവടും വയ്‌ക്കേണ്ടത്. ജീവിതവിജയത്തിന് കഠിനപ്രയത്‌നം എന്ന ഒറ്റ കുറുക്കുവഴിയേയുള്ളൂ.

ഇനി നിങ്ങള് തീരുമാനിക്കുക… കാര്യങ്ങൾ പറഞ്ഞു തരിക എന്ന ദൗത്യം ഞങ്ങള് ചെയ്തു.

*മുജീബുല്ല കെഎം*
https://chat.whatsapp.com/2JfssH3nkl22l8hNa49U91

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *