പയ്യന്നൂർ ഡിപ്പോയിൽ നിന്ന് കാസർഗോഡ് – കണ്ണൂർ ജില്ലകളിലെ പ്രധാന സ്ഥലങ്ങളിലേക്കുള്ള ഓർഡിനറി ബസ് സർവീസ് മുടങ്ങിയത് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം.രാജഗോപാലൻ എം എൽ എ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന് നിവേദനം നൽകി..
15 വർഷം കാലാവധി പൂർത്തിയാക്കിയ ഡീസൽ വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്ന നിയമം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്ന ഒരു യൂണിറ്റാണ് പയ്യന്നൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോ. ഇതിന്റെ ഫലമായി നിലവിൽ ഓടിക്കൊണ്ടിരിക്കുന്നതും ഏറ്റവും കൂടുതൽ ഗ്രാമീണ ജനങ്ങൾക്ക് ഉപയോഗപ്പെടുന്നതുമായ എട്ടോളം സർവീസുകൾ നടത്താൻ സാധിക്കാത്ത സ്ഥിതിയാണ്.
വർഷങ്ങളായി സർവീസ് നടത്തുന്ന കയ്യൂരിൽ നിന്ന് ആലന്തട്ട വഴി പയ്യന്നൂരിലേക്കും, ചീമേനി-കാങ്കോൽ- പയ്യന്നൂർ ദേശസാൽകൃത റൂട്ടിലൂടെയും ഓടുന്ന ബസുകളും നിർത്തിവച്ചിരിക്കുകയാണ്. ഇതു കാരണം യാത്രക്ലേശം രൂക്ഷകുന്നതോടൊപ്പം ഡിപ്പോയുടെ വരുമാനത്തെയും പ്രതികൂലമായി ബാധിക്കും.
കൂടുതൽ കലക്ഷൻ ലഭിക്കുന്ന കാസർഗോഡ്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന സർവീസുകളാണ് നിർത്തലാക്കുന്നത്. പയ്യന്നൂർ ഡിപ്പോയ്ക്ക് കൂടുതൽ ബസുകൾ അനുവദിച്ച് ജനങ്ങൾ അനുഭവിക്കുന്ന യാത്ര ക്ലേശം പരിഹരിക്കാൻ കയ്യൂർ-ആലന്തട്ട-വെള്ളച്ചാല്‍-പയ്യന്നൂർ, ചീമേനി-പയ്യന്നൂർ റൂട്ടുകളിലുൾപ്പെടെയുള്ള നിർത്തലാക്കിയ ബസ് സർവീസുകൾ പുനരാരംഭികാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്
https://chat.whatsapp.com/2JfssH3nkl22l8hNa49U91
