വന്ദേഭാരത് ട്രയൽ റണ്ണിൽ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ തൃശ്ശൂർ മിട്ടായി ഗേറ്റിനു സമീപത്തൂടെ കടന്നു പോയപ്പോൾ | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യ ഷെഡ്യൂൾ വിവരങ്ങൾ പുറത്ത് വന്നു. ആദ്യ സർവീസ് 25 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂരിൽ നിന്ന് ഫ്ളാഗ് ഓഫ് ചെയ്യും.
രാവിലെ 5.10 ന് പുറപ്പെട്ട് 12.30 ന് കണ്ണൂരെത്തുന്നതാണ് സമയക്രമം. കണ്ണൂരിൽ നിന്ന് ഉച്ചക്ക് രണ്ട് മണിക്ക് തിരിച്ച് 9.20 ന് തിരുവനന്തപുരത്ത് എത്തും.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ഇക്കോണമി ക്ലാസിൽ ടിക്കറ്റ് നിരക്ക് ഭക്ഷണം സഹിതം 1400 രൂപയായിരിക്കും. 54 സീറ്റ് വീതമുള്ള രണ്ട് എക്സിക്യൂട്ടീവ് കോച്ചിൽ ഭക്ഷണ സഹിതം ടിക്കറ്റ് നിരക്ക് 2400 രൂപയായിരിക്കും.
78 സീറ്റ് വീതമുള്ള 12 ഇക്കോണമി കോച്ചുകളാകും വന്ദേഭാരതിന് ഉണ്ടാകുക. മുന്നിലും പിന്നിലുമായി എൻജിനോട് ചേർന്ന് 44 സീറ്റ് വീതമുള്ള രണ്ട് കോച്ച് വേറെയുമുണ്ടാകും.
ഉദ്ഘാടന ദിനമായ 25 ന് തിരഞ്ഞെടുക്കപ്പെട്ട ആളുകളുമായിട്ടായിരിക്കും വന്ദേഭാരതിന്റെ ആദ്യ യാത്ര. 25 ന് ശേഷം യാത്രക്കാർക്ക് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി യാത്രക്കാരുമായി സംവദിക്കും.
ഷെഡ്യൂളായെങ്കിലും അന്തിമ അനുമതി റെയിൽവേ മന്ത്രാലയം നൽകേണ്ടതുണ്ട്.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
