ന്യൂഡൽഹി> 2019 ലെ പുൽവാമ ഭീകരാക്രമണത്തിൽ 49 സിആർപിഎഫ് ജവാന്മാർക്ക് ജീവൻ നഷ്ടപ്പെട്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ച മൂലമാണെന്ന വെളിപ്പെടുത്തൽ നടത്തിയ മുൻ കാശ്‌മീർ ഗവർണർ സത്യപാൽ മാലിക്കിന് സിബിഐ നോട്ടീസ്.
പഴയൊരു കേസ് കുത്തിപ്പൊക്കിയാണ് നോട്ടീസ്. റിലയൻസ് ഇൻഷുറൻസിനു വേണ്ടി ഒരു ബിൽ പാസാക്കാൻ ജമ്മു കശ്മീർ ഗവർണറായിരിക്കെ ആർഎസ്എസും ബിജെപി നേതാവ് രാം മാധവും നിർബ്ബന്ധിച്ചതായി മാലിക് ദി വയറിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഈ വിഷയം മുൻനിർത്തിയാകും ചോദ്യം ചെയ്യലെന്ന് കരുതുന്നതായി ‘ദ വയർ’ റിപ്പോർട്ട് ചെയ്‌തു.ഏപ്രിൽ 28 ന് അദ്ദേഹം ന്യൂഡൽഹിയിലെ സിബിഐ ഓഫീസിൽ ഹാജരാകും എന്നാണ് സൂചന.
പ്രധാനമന്ത്രിക്കും നരേന്ദ്ര മോദിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പ്രശസ്‌ത മാധ്യമ പ്രവർത്തകൻ കരൺ താപ്പർ ‘ദ വയറി’നുവേണ്ടി നടത്തിയ അഭിമുഖത്തിൽ സത്യപാൽ മാലിക്ക് നടത്തിയത്. രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച സംഭവിച്ചെന്നും ഇക്കാര്യത്തിൽ മൗനം പാലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും നിർദ്ദേശിച്ചെന്നും അഭിമുഖത്തില്‍ മാലിക് പറഞ്ഞു. പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ സത്യപാല്‍ മാലിക് ആയിരുന്നു ജമ്മു കശ്‌മീരിന്റെ ഗവര്‍ണര്‍.
ഥാപ്പറിന്റെ അഭിമുഖത്തിന് മുമ്പ് ഡിബി ലൈവിന് വേണ്ടി പ്രശാന്ത് ടണ്ടന് നൽകിയ അഭിമുഖത്തിലും മാലിക് റിലയൻസ് ഇൻഷുറൻസിന്റെ കാര്യം പരാമർശിച്ചിരുന്നു. ഇത് സംപ്രേഷണം ചെയ്തതിന് പിന്നാലെ മാധവ് മാലിക്കിന് മാനനഷ്ടത്തിന് നോട്ടീസ് അയച്ചു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ സിബിഐയെ ഇറക്കിയുള്ള നീക്കം എന്നാണ് സൂചന.
2019 ഫെബ്രുവരി 14നാണ് ജമ്മു കശ്‌മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോറയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിൽ 49 ജവാന്മാർക്ക് ജീവൻ നഷ്ടമായത്.
1976നുശേഷം, കശ്‌മീർ ഗവർണറാകുന്ന ആദ്യ രാഷ്‌ട്രീയക്കാരനായ മലിക്, മോദിയുടെയും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെയും ഉറച്ച വിശ്വസ്‌തനുമായിരുന്നു. 2014ൽ മോദി അധികാരത്തിൽ എത്തിയപ്പോൾ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് പദവിയിൽ മലിക്കിന് തുടർച്ചയുണ്ടായി. കശ്‌മീരിൽ നിന്ന് 2019 നവംബറിൽ ഗോവയിലേക്കും 2020 ആഗസ്‌തിൽ മേഘാലയയിലേക്കും അദ്ദേഹത്തെ ഗവർണറായി മാറ്റിയിരുന്നു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
