മോദിക്ക് സുരക്ഷാ ഭീഷണിയെന്ന റിപ്പോർട്ടിൽ 2 എൽഡിഎഫ് ഘടകക്ഷികളുടെ പേരും: സുരേന്ദ്രൻ

samakalikam
By samakalikam 2 Min Read

തിരുവനന്തപുരം∙ പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന അതീവ ഗുരുതരമായ ഇന്റലിജൻസ് റിപ്പോർട്ട് മാധ്യമങ്ങൾക്കു ചോർത്തിയതിനു പിന്നിൽ പൊലീസിന്റെ ബുദ്ധിയാണോ അതോ മറ്റാരുടെയെങ്കിലും ബുദ്ധിയാണോ എന്ന ചോദ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നിലവിൽ രാഷ്ട്രീയ പാർട്ടികളായി പ്രവർത്തിക്കുന്ന ചില മത സംഘടനകളുടെ പേരും പൊലീസ് പുറത്തുവിട്ട ഇന്റലിജൻസ് റിപ്പോർട്ടിലുണ്ടെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. അത്തരം സംഘടനകളിൽ രണ്ടെണ്ണമെങ്കിലും ഇടതുമുന്നണിയുടെ ഘടകകക്ഷികളാണ്. ഇവരെ മുന്നണിയിൽനിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകുമോയെന്ന് സുരേന്ദ്രൻ ചോദിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷാവിവരങ്ങൾ ചോർന്നത് ഗൗരവതരമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പ്രതികരിച്ചു. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിക്കെതിരായ ഭീഷണി ഒരാഴ്ച മുൻപാണ് ബിജെപി സംസ്ഥാന കാര്യാലയത്തിൽ ലഭിച്ചതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ‘‘ആ ദിവസം തന്നെ ഞങ്ങൾ നേരിട്ട് ഡിജിപിക്ക് ആ ഭീഷണിക്കത്ത് കൈമാറിയതാണ്. അതിൽ ഭീഷണിപ്പെടുത്തിയ ആളുടെ പേരും ഫോൺനമ്പറും ഉൾപ്പെടെയുണ്ട്. എന്നിട്ട് ഭീഷണിപ്പെടുത്തിയ ആളെ പൊലീസ് കണ്ടെത്തിയോ എന്നാണ് എനിക്ക് ഡിജിപിയോടു ചോദിക്കാനുള്ളത്. ആ ഫോൺനമ്പർ പൊലീസ് പരിശോധിച്ചോ? അദ്ദേഹത്തിനു പിന്നിൽ ആരെങ്കിലുമുണ്ടോ? ഇക്കാര്യങ്ങളൊന്നും ഇന്റലിജൻസ് റിപ്പോർട്ടിലില്ല.’ 

‘‘വളരെ ഗൗരവതരമായ റിപ്പോർട്ടാണ് ഇപ്പോൾ ഇന്റലിജൻസ് പത്രങ്ങൾക്ക് നൽകിയിരിക്കുന്നത്. ചില രാഷ്ട്രീയ, മത സംഘടനകളെ സംബന്ധിച്ച് ഗുരുതരമായ വസ്തുതകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇത്തരം സംഘടനകളെക്കുറിച്ച് സംസ്ഥാന സർക്കാരിന്റെ നിലപാട് എന്താണ്? നിലവിൽ രാഷ്ട്രീയ പാർട്ടികളായി പ്രവർത്തിക്കുന്ന ചില മതസംഘടനകളുടെ പേരും പൊലീസ് പുറത്തുവിട്ട ഇന്റലിജൻസ് റിപ്പോർട്ടിലുണ്ട്. അത്തരം സംഘടനകളിൽ രണ്ടെണ്ണമെങ്കിലും ഇടതുമുന്നണിയുടെ ഘടകകക്ഷികളാണ്.’

‘‘സംസ്ഥാനം ഭരിക്കുന്ന, മുഖ്യമന്ത്രിയുടെ പാർട്ടിയായ സിപിഎമ്മിന്റെ പ്രധാന ഘടകകക്ഷികളായ രണ്ട് സംഘടനകളെക്കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ടിൽ പരാമർശമുണ്ട്. പ്രധാനമന്ത്രിക്ക് വധഭീഷണി ഉയർത്തുന്നതായി ഇന്റലിജൻസ് റിപ്പോർട്ടിൽ പരാമർശിക്കുന്ന ആ രണ്ട് സംഘടനകളെ മുന്നണിയിൽനിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകുമോ? ഭരണകക്ഷിയായ ഒരു പാർട്ടിയെ സംബന്ധിച്ച്, അതായത് സംസ്ഥാന ഭരണത്തിൽ മന്ത്രിപദവി കയ്യാളുന്ന ഒരു പാർട്ടിയെ സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ടിലുണ്ട്. ആ റിപ്പോർട്ട് എല്ലാ മാധ്യമങ്ങൾക്കും ലഭിച്ചല്ലോ. എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ ഇത്തരം ആളുകളെ മന്ത്രിസഭയിൽ വച്ച് അരിയിട്ട് വാഴിക്കുന്നത്? ഇതിന് മുഖ്യമന്ത്രിയും സിപിഎമ്മും ഉത്തരം പറയണം. ആ മന്ത്രിയും പാർട്ടിയും മറുപടി പറയണം.’

‘‘എന്തായാലും പ്രധാനമന്ത്രിക്ക് എസ്പിജി ശക്തമായ സുരക്ഷ ഒരുക്കുന്നുണ്ട്. കേരളത്തിൽ പ്രധാനമന്ത്രിയുടെ ഒരു പരിപാടിയും തടസപ്പെടാൻ‍ പോകുന്നില്ല. വലിയ നിലിൽ ബഹുജന പങ്കാളിത്തത്തോടു കൂടി പ്രധാനമന്ത്രിയുടെ സന്ദർശനം വൻ വിജയമായി മാറും’ – സുരേന്ദ്രൻ പറഞ്ഞു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *