തൃക്കരിപ്പൂർ: കനൽ കാസർകോട്, സഹൃദയ ഗ്രന്ഥാലയം വലിയപറമ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ സഹകരണത്തോടെ കവിയും ഗാനരചയിതാവുമായ പി ഭാസ്കരൻ മാസ്റ്ററുടെ സ്മരണയ്ക്കായി പെരുന്നാൾ ദിനത്തിൽ വലിയപറമ്പ് ബീച്ചിൽ സംഘടിപ്പിച്ച ‘കായലരികത്ത്’ പി ഭാസ്കരൻ സ്മൃതി പരിപാടി അവിസ്മരണീയ അനുഭവമായി.
ജനപ്രീയ ഗാനങ്ങളിലൂടെയും സിനിമകളിലൂടെയും അര നൂറ്റാണ്ടിലധികം കാലം മലയാള സിനിമയിലെ നവീനവും അർത്ഥപൂർണ്ണവും സുന്ദരവുമായ സാന്നിദ്ധ്യത്തിന് തുടക്കം കുറിച്ച കവിയുടെ നൂറാം ജന്മദിനത്തിന്റെ ഭാഗമായാണ് ശ്രദ്ധേയമായ പരിപാടി സംഘടിപ്പിച്ചത്.
ഇന്നലെ വൈകുന്നേരം സ്മൃതി പരിപാടി ലോക പ്രശസ്ത സിനിമ സംവിധായകൻ ഷാജി എൻ കരുൺ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ശോഭ ബാലൻ അദ്ധ്യക്ഷത വഹിച്ചു. സിനിമനടൻ ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. സി. പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ മാസ്റ്റർ ഉപഹാരം നൽകി. സി. വി ബാലകൃഷ്ണൻ, മുൻ എം.പി പി കരുണാകരൻ, പഞ്ചായത്ത് പ്രസിഡന്റ് വി വി സജീവൻ, ബി ആർ ഡി സി എം ഡി ഷിജിൻ പറമ്പത്ത്, പ്രൊഫ. കെ. പി ജയരാജൻ, സി എം വിനയചന്ദ്രൻ, രാജ്‌മോഹൻ നീലേശ്വരം എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ രവീന്ദ്രൻ കൊടക്കാട് സ്വാഗതവും സഹൃദയ ഗ്രന്ഥശാല സെക്രട്ടറി എ. വി അശോകൻ നന്ദിയും പറഞ്ഞു.
തുടർന്ന് കരിവെള്ളൂർ നാരായണനും സംഘവും ഒരുക്കിയ കവിയുടെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതനിശ അനുഭവിക്കാൻ ഇന്നലെ സന്ധ്യക്ക് വൻ ജനസഞ്ചയമാണ് ബീച്ചിലെത്തിയത്. പരിപാടിക്ക് ഉദിനൂർ സുകുമാരൻ, സജീവൻ വെങ്ങാട്ട്, എം കരുണാകരൻ, കുളങ്ങര രാമൻ, ബാലചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
