തൃക്കരിപ്പൂർ ∙ തീരദേശ ഹൈവേ പണിയുന്നതിനു സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വലിയപറമ്പ് ദ്വീപിലെ നിരവധി കുടുംബങ്ങൾക്കിടയിൽ ആശങ്ക നിലനിൽക്കുന്നതിനിടെ വലിയപറമ്പിന്റെ തെക്കൻ മേഖലയിൽ നാളെ സർവകക്ഷി യോഗം ചേരും. പഞ്ചായത്ത് അംഗം സി.ദേവരാജന്റെ നേതൃത്വത്തിലാണ് വൈകിട്ട് 5 നു സ്വാമിമഠം ക്ഷേത്ര പരിസരത്ത് സർവകക്ഷി പ്രതിനിധികളുടെയും മറ്റും യോഗം വിളിച്ചു ചേർത്തിട്ടുള്ളത്.
പ്രദേശവാസികളെ തെറ്റായി ധരിപ്പിച്ചു നടത്തുന്ന സർവേയ്ക്കും തുടർനടപടികൾക്കുമെതിരെ യോഗം പരിപാടികൾ ആവിഷ്കരിക്കും. വലിയപറമ്പ് പഞ്ചായത്തിൽ 15 കിലോ മീറ്ററിൽ അധികം ദൈർഘ്യത്തിലാണ് തീരദേശ ഹൈവേ പണിയുന്നത്. പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി ഒരു വർഷം മുൻപ് പ്രദേശവാസികളെ ബോധ്യപ്പെടുത്തിയതും പ്രദർശിപ്പിച്ച ത്രിമാന സർവേ ദൃശ്യത്തിൽ കണ്ടതിൽ നിന്നു വ്യത്യസ്തമായും അലൈൻമെന്റിൽ മാറ്റം വരുത്തിയെന്നു ആക്ഷേപം ഉയർന്നതോടെ പ്രദേശവാസികളിൽ ആശങ്ക ശക്തമായി.
കന്നുവീട് കടപ്പുറം–തൃക്കരിപ്പൂർ കടപ്പുറം മേഖലയിൽ പദ്ധതിക്കായി ഒരു വീട് പൊളിച്ചു നീക്കണമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായുള്ള മാർക്കിങ് ആരംഭിച്ചതോടെ ഈ മേഖലയിൽ മാത്രം ഇരുപതിൽ പരം വീടുകൾ നഷ്ടപ്പെടുമെന്നാണ് സൂചന. ഇതോടെ പ്രദേശവാസികളിൽ നിന്ന് എതിർപ്പും ശക്തമായി. രൂപരേഖയിൽ മാറ്റം വരുത്തിയെന്ന ആക്ഷേപം പഞ്ചായത്തിന്റെ മറ്റു ചില മേഖലകളിലുമുണ്ട്.കടലിനും കവ്വായി കായലിനും മധ്യത്തിൽ കരയുടെ വീതി വളരെ കുറഞ്ഞ പഞ്ചായത്താണിത്. കടൽത്തീരം വഴി തീരദേശ ഹൈവേ സ്ഥാപിക്കുമെന്നാണ് ആദ്യം ജനങ്ങളോടു വിശദീകരിച്ചിരുന്നത്. ഇത് പ്രദേശവാസികൾ സ്വീകരിക്കുകയും പദ്ധതിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതുമാണ്.
പിന്നീട് രൂപരേഖയിൽ അട്ടിമറി സംഭവിച്ചതെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമില്ല. കുടുംബങ്ങളെ കുടിയൊഴിപ്പിക്കാതെയും വലിയതോതിൽ നഷ്ടം വരുത്താതെയും കടൽത്തീരം വഴി തീരദേശ ഹൈവേ കൊണ്ടുപോകാമെന്നിരിക്കെ, വീടുകൾ പൊളിച്ചടുക്കിയും കടലോര ജനതയുടെ സമാധാനം നശിപ്പിച്ചും അലൈൻമെന്റിൽ ഭേദഗതിയുണ്ടാക്കിയത് ആർക്കു വേണ്ടിയാണെന്നു വ്യക്തമാക്കണമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും തെരുവിലിറക്കിയും പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കെപിസിസി അംഗം കെ.വി.ഗംഗാധരൻ പറഞ്ഞു
https://chat.whatsapp.com/2JfssH3nkl22l8hNa49U91
