കാസർകോട് ∙ വന്ദേഭാരത് ട്രെയിനിന് ഉജ്വല സ്വീകരണമൊരുക്കി കാസർകോട്. ഗാനമേളയും ചെണ്ടമേളവും നൃത്തവുമടക്കം കലാപരിപാടികൾ സന്ധ്യയോടെ ആരംഭിച്ചു. വൈകിട്ട് 7നു റെയിൽവേ സ്റ്റേഷൻ ദീപങ്ങളാൽ തിളങ്ങി. ട്രെയിൻ വിവിധ സ്റ്റേഷനുകളിൽ സ്വീകരണം ഏറ്റുവാങ്ങി രാത്രി 9.05നാണു കാസർകോടെത്തിയത്. മൂന്നാം പ്ലാറ്റ്ഫോറത്തിൽ ട്രെയിനിനെ സ്വീകരിക്കാൻ പ്രത്യേക സജീകരണങ്ങളും അലങ്കാരങ്ങൾ ഏർപ്പാടാക്കിയിരുന്നു. കാസർകോട് നിന്ന് രാത്രി 9.50ന് കണ്ണൂരിലേക്കു പോയ വന്ദേ ഭാരത് ഇന്നലെ അവിടെയാണ് നിർത്തിയിട്ടത്. ട്രെയിനിലെ ജീവനക്കാർക്ക് താമസ സൗകര്യം ഉൾപ്പെടെ കണ്ണൂരിലാണ്. ഇന്ന് ഉച്ചയോടെ കണ്ണൂരിൽ നിന്ന് ട്രെയിൻ തിരികെ കാസർകോടെത്തും. ശേഷം ഇവിടെ നിന്ന് സർവീസ് നടത്തും.
രാജ്മോഹൻ ഉണ്ണിത്താൻ എംപി, ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, കാസർകോട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ പാർട്ടി നേതാക്കൾ തുടങ്ങിയവർ ട്രെയിനിനു സ്വീകരണം നൽകാൻ എത്തി. റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് തിരുവനന്തപുരം മുതൽ കാസർകോട് വരെ യാത്ര ചെയ്തു. എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കോൺഗ്രസ് നേതാവ് വിനോദ് കുമാർ പള്ളയിൽ വീട് എന്നിവർ പയ്യന്നൂർ സ്റ്റേഷനിൽ നിന്ന് കയറി കാസർകോട് വരെ യാത്ര ചെയ്തു ഒട്ടേറെപ്പേർ ട്രെയിൻ കാണാനെത്തിയിരുന്നു. ട്രെയിനിന് അകത്തു കയറി ചിത്രങ്ങൾ പകർത്തിയാണ് പലരും മടങ്ങിയത്
