ചീമേനി : കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരം കണ്ടെത്താൻ തേജസ്വിനി പുഴയിലെ മുക്കടയിൽ വൻകിട കുടിവെള്ളപദ്ധതി വരുന്നു. ഇതിനായി പള്ളിപ്പാറയിൽ 1.6 ഏക്കർ സ്ഥലം അനുവദിച്ചുകൊണ്ട് കളക്ടർ ഉത്തരവിറക്കി.
കയ്യൂർ-ചീമേനി, പിലിക്കോട്, ചെറുവത്തൂർ, പടന്ന, തൃക്കരിപ്പൂർ, വലിയപറമ്പ് എന്നീ പഞ്ചായത്തുകളിലേക്കാണ് കുടിവെള്ളവിതരണം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സബ്സിഡിയോടുകൂടി കുടിവെള്ളവിതരണം ലഭ്യമാക്കുന്ന ജൽജീവൻ മിഷനിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പഞ്ചായത്തുകളിലെ എല്ലാ വീടുകളിലേക്കും കുടിവെള്ളമെത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി മുക്കടയിൽ തേജസ്വിനി പുഴയിൽനിന്നും വെള്ളമെടുക്കും. തൊട്ടടുത്ത ഉയർന്ന പ്രദേശമായ പള്ളിപ്പാറയിൽ ടാങ്കും കൂറ്റൻ ട്രീറ്റ്മെന്റ് പ്ലാന്റ് പണിയും.
നിർമാണത്തിനായി ഐ.എച്ച്.ആർ.ഡി.യുടെ അപ്ലൈഡ് സയൻസ് കോളേജിന്റെ സ്ഥലമാണ് വിട്ടുകൊടുത്തിരിക്കുന്നത്. ഉയർന്ന പ്രദേശമായതിനാൽ എല്ലാ പഞ്ചായത്തുകളിലേക്കും വെള്ളം വേഗത്തിൽ എത്തിക്കാൻ സാധിക്കും.
തേജസ്വിനിയിലെ കാക്കടവിൽ ഏഴിമല നേവൽ അക്കാദിമിയുടെയും കയ്യൂർ-ചീമേനി പഞ്ചായത്തിന്റെയും രണ്ട് വലിയ കുടിവെള്ളപദ്ധതികൾ നിലവിലുണ്ട്. ദിവസം 30 ലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ കഴിയുന്ന ട്രീറ്റ്മെന്റ് പ്ലാന്റുകളാണ് അവിടെയുള്ളത്. എന്നാൽ പള്ളിപ്പാറയിൽ വരാൻ പോകുന്നത് ദിവസം 30 ദശലക്ഷം ലിറ്റർ വരെ ശുദ്ധീകരിക്കാൻ കഴിയുന്ന പ്ലാന്റാണ്.
കയ്യൂർ-ചീമേനിയിലേക്ക് വെള്ളം ലഭിക്കാൻ നിടുംബയിൽ ടാങ്ക് നിർമിക്കും. പാലായി റഗുലേറ്റർ കം ബ്രിഡ്ജ് വന്നതോടെയാണ് പദ്ധതിക്ക് ജീവൻവെച്ചത്. ഇവിടെ കടുത്തവേനലിലും കിലോമീറ്ററുകളോളം പുഴ നിറഞ്ഞുകിടക്കുകയാണ്. പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടിക്രമത്തിലാണ് ജലവിഭവവകുപ്പ്.
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ചേരുക
https://chat.whatsapp.com/2JfssH3nkl22l8hNa49U91
▪◼◾⬛◾◼▪
പരസ്യങ്ങളും വാർത്തകളും നൽകാൻ 👇
7356018001
