കാസർകോട്: ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ ഏകാധിപത്യപരമായി പെരുമാറുന്നുവെന്നും നേതാക്കളെയും പ്രവർത്തകരെയും അകറ്റിനിർത്തുന്നുവെന്നും ആരോപിച്ച് ഒരു വിഭാഗം നേതാക്കൾ ജില്ലാ കോൺഗ്രസിൽ ഉയർത്തിയ കലാപത്തിന് താത്കാലിക വെടിനിർത്തൽ. കാഞ്ഞങ്ങാട് റസ്റ്റ് ഹൗസിൽ നാലു മണിക്കൂറോളം നീണ്ടുനിന്ന ചർച്ചയ്ക്ക് ഒടുവിലാണ് ഇരുവിഭാഗവും ധാരണയിലെത്തിയത്. അകത്ത് ചർച്ച നടക്കുമ്പോൾ മണിക്കൂറുകളോളം പുറത്തിരുന്ന കാസർകോട് ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസലിനെ ധാരണകൾ അറിയിക്കാനാണ് കെ.പി.സി.സി നേതാക്കൾ അകത്തേക്ക് വിളിച്ചത്.ജില്ലയിലെ നേതാക്കളുടെ പിടിവാശി കാരണമാണ് ഫൈസലിന് ചർച്ച നടക്കുമ്പോൾ പുറത്തിരിക്കേണ്ടിവന്നത്. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം, ജനറൽ സെക്രട്ടറിമാരായ ജയന്ത്, പി.എം നിയാസ്, കെ.കെ അബ്രഹാം, സോണി സെബാസ്റ്റ്യൻ എന്നിവരാണ് പ്രശ്നം ചർച്ച ചെയ്യാൻ ജില്ലയിലെത്തിയത്. ജയന്ത് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെയും വി.ടി ബൽറാം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും വിശ്വസ്‌തരാണ്.ജില്ലയിലെ പാർട്ടിക്കുള്ളിൽ ഉണ്ടായ പ്രശ്നങ്ങൾ അടിയന്തരമായി തീർക്കണമെന്ന് കെ. സുധാകരൻ നിർദ്ദേശിച്ചതു പ്രകാരമാണ് അനുരഞ്ജന യോഗം ചേർന്നത്. ഏകപക്ഷീയമായി തീരുമാനം എടുക്കുന്ന പി.കെ ഫൈസലിന്റെ ഒപ്പമിരുന്ന് ചർച്ച ചെയ്യാൻ കഴിയില്ലെന്ന് നേതാക്കൾ ഒന്നടങ്കം കെ.പി.സി.സി ഭാരവാഹികളെ അറിയിച്ചതിനെ തുടർന്നാണ് ഡി.സി.സി പ്രസിഡന്റിനെ മാറ്റിനിർത്തി ചർച്ച നടത്തിയത്.രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, മുൻ ഡി.സി.സി പ്രസിഡന്റുമാരായ കെ.പി കുഞ്ഞിക്കണ്ണൻ, ഹക്കിം കുന്നിൽ, യു.ഡി.എഫ് കൺവീനർ എ. ഗോവിന്ദൻ നായർ, മുൻ കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ, എം. അസിനാർ, സുബയ്യ റായി എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ പ്രത്യേക താത്പര്യപ്രകാരമായിരുന്നു കെ.പി.സി.സി സമവായ യോഗം വിളിച്ചുചേർത്തത്.പരിഹാരം ഇങ്ങനെപാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളും എം.പി ഉൾപ്പെടെയുള്ള ആറു നേതാക്കളും ജില്ലയുടെ ചുമതല വഹിക്കുന്ന സോണി സെബാസ്റ്റ്യനും അറിഞ്ഞിരിക്കണമെന്നും രണ്ടാഴ്ചകളിൽ ഈ നേതാക്കൾ പങ്കെടുക്കുന്ന യോഗം വിളിച്ചു ചേർക്കണമെന്നും അതിൽ വച്ചായിരിക്കണം തീരുമാനം എടുക്കേണ്ടതെന്നും നേതാക്കൾ പ്രസിഡന്റിനെ അറിയിച്ചു. ഏകപക്ഷീയമായ തീരുമാനങ്ങൾ അനുവദിക്കില്ലെന്നും സംസ്ഥാന നേതാക്കളുടെ പിന്തുണ കിട്ടില്ലെന്നും മുന്നറിയിപ്പും നൽകി. 9,10 തീയ്യതികളിൽ കൽപ്പറ്റയിൽ നടക്കുന്ന നേതൃയോഗത്തിന് ശേഷം ജില്ലയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി കമ്മിറ്റികളുടെ പുനഃസംഘടന നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനും നേതാക്കൾ നിർദ്ദേശം നൽകി.
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/HzgrULZM2JX07esbz97QoY
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
