മലപ്പുറം
ഒട്ടുംപുറം പൂരപ്പുഴയിൽ തൂവൽതീരത്തിനുസമീപം സ്വകാര്യ വിനോദയാത്രാ ബോട്ട് മറിഞ്ഞ് 12 കുട്ടികൾ ഉൾപ്പെടെ 22 പേർ മരിച്ചു. 11 പേരെ രക്ഷപ്പെടുത്തി. ഞായർ രാത്രി ഏഴരയോടെയാണ് അപകടം. രക്ഷപ്പെട്ടവരിൽ എട്ടുപേർ കോട്ടക്കൽ മിംസ് ആശുപത്രിയിലും ഏഴുവയസ്സുള്ള ഒരു കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. മിംസിലുള്ള നാല് കുട്ടികളുടെ സ്ഥിതി ഗുരുതരമാണ്. ബോട്ടിലുണ്ടായിരുന്നവരുടെ എണ്ണം വ്യക്തമല്ല. നാൽപ്പത് ടിക്കറ്റ് നൽകിയെന്നാണ് സൂചന. കുട്ടികൾക്ക് ടിക്കറ്റ് ഇല്ലായിരുന്നു.
തൂവൽതീരത്തുനിന്ന് പുറപ്പെട്ട അറ്റ്‌ലാന്റിക് എന്ന ബോട്ട് 700 മീറ്റർ അകലെയാണ് മറിഞ്ഞത്. താനൂർ സ്വദേശി നാസറാണ് ഉടമ. അവധി ആഘോഷിക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കുടുംബസമേതം എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം തുടരുന്നു.
ബോട്ട് ഒരുവശത്തേക്ക് ചെരിഞ്ഞ് തലകീഴായി മറിഞ്ഞു. യാത്രക്കാർ അടിയിൽപ്പെട്ടു. തൊട്ടുപിറകിൽ വന്ന മറ്റൊരു വിനോദസഞ്ചാര ബോട്ട് അപകടം കണ്ട് തിരിച്ചുപോയി യാത്രക്കാരെ ഇറക്കിവന്നാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും ഇരുട്ട് തടസ്സമായി. വിവിധ സ്ഥലങ്ങളിൽനിന്നുള്ള അഗ്‌നിരക്ഷാ യൂണിറ്റുകളും പൊലീസും സ്‌കൂബ സംഘവും എത്തി. കരയ്‌ക്ക് എത്തിച്ചവരെ തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ 10 പേരുടെയും താനൂർ അജ്‌നോറ (ദയ) ആശുപത്രിയിൽ ഒമ്പതും തിരൂർ ജില്ലാ ആശുപത്രിയിൽ മൂന്നും മൃതദേഹങ്ങളുണ്ട്. മരിച്ചവരിൽ അഞ്ചുപേർ സ്‌ത്രീകളാണ്. മൃതദേഹങ്ങൾ രാവിലെ ആറോടെ മഞ്ചേരി മെഡിക്കൽ കോളേജ്, തിരൂരങ്ങാടി, തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ ഗവ. ആശുപത്രികളിലായി പോസ്‌റ്റുമോർട്ടം ചെയ്യും
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/HzgrULZM2JX07esbz97QoY
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
