തീരദേശ ഹൈവേ എൻ. സി. പി നേതാക്കൾ വലിയപറമ്പ് സന്ദർശിച്ചുജനങ്ങളുടെ ആശങ്ക ദുരീകരിക്കണം: എൻ.സി.പി

samakalikam
By samakalikam 1 Min Read

തൃക്കരിപ്പൂർ: തീരദേശ ഹൈവേയുടെ അലൈൻമെന്റ് മാറ്റിയതിന് തുടർന്ന് വീടും സ്ഥലങ്ങളും നഷ്ടപ്പെടുമെന്ന ആശങ്കയിൽ കഴിയുന്ന വലിയപറമ്പ് ഗ്രാമ പഞ്ചായത്തിലെ കുടുംബാംഗങ്ങളെ എൻ.സി.പി കാസർകോട് ജില്ലാ പ്രസിഡന്റ് കരീം ചന്തേരയുടെ നേതൃത്വത്തിലുള്ള സംസ്ഥാന, ജില്ലാ നേതാക്കൾ സന്ദർശിച്ചു. വലിയപറമ്പിലെ വിവിധ വാർഡുകളിലെ
കന്നുവീട് കടപ്പുറം മുതൽ മാവിലാക്കടപ്പുറം, ഒരിയര പുലിമുട്ട് വരെയുള്ള പ്രദേശങ്ങളിലാണ് നേതാക്കൾ സന്ദർശിച്ചത്. അടുത്ത നാളിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ വീടുകളുടെയും ഭാഗികമായി നഷ്ടപ്പെടുന്ന വീടുകളുടെയും ഉടമകൾ കണ്ണീരോടെയാണ് എൻ.സി. പി ഭാരവാഹികളോട് ആശങ്കകൾ പങ്കുവെച്ചത്. വീടുകളെയും പറമ്പുകളെയും കീറിമുറിച്ചു റോഡ് പണിയാൻ കഴിഞ്ഞ ദിവസം അടിച്ച കുറ്റി ചൂണ്ടിക്കാണിച്ചാണ് പലരും സങ്കടം പറയാനെത്തിയത്. തീരദേശ ഹൈവേ വരുമ്പോൾ ബാധിച്ചേക്കാവുന്ന സ്വാമി മഠം, കാലിച്ചാൻകാവ്, എരമത്തെ തറവാട്, വേലുമരക്കാർ സ്മാരക ഗ്രന്ഥാലയം തുടങ്ങിയവയും നേതാക്കൾ സന്ദർശി. തീരദേശ ഹൈവേ വരുമ്പോൾ ആശങ്കയിൽ കഴിയുന്ന ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ ബന്ധപ്പെട്ടവർ അടിയന്തിരമായി ഇടപെടണമെന്ന് ജില്ലാ പ്രസിഡന്റ് കരീം ചന്തേര സന്ദർശനത്തിന് ശേഷം പറഞ്ഞു. അലൈൻമെന്റ് മൂന്നാമത്തെ തവണ മാറ്റിയപ്പോൾ 31 വീടുകളെ ബാധിക്കാനിടയായതിൽ ജനങ്ങൾ ചില സംശയങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. അത് പരിഹരിക്കണം. വികസനത്തിന് ആരും എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.പി സംസ്ഥാന സെക്രട്ടറി സി. ബാലൻ, ജില്ലാ വൈസ് പ്രസിഡന്റ് രാജു കൊയ്യൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സുകുമാരൻ ഉദിനൂർ, സുബൈർ പടുപ്പ്, സിദ്ധിഖ് കൈകമ്പ, ഒ.കെ ബാലകൃഷ്ണൻ, ബ്ലോക്ക് പ്രസിഡന്റ് പി നാരായണൻ മാസ്റ്റർ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ. പി. പി കോരൻ, എം.ടി പി ഹാരിസ്, എസ്.രാമചന്ദ്രൻ, ചന്ദ്രൻ മാടക്കാൽ, ടി.കെ മുസ്തഫ, മുത്തലിബ് കോട്ടപ്പുറം എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *