പിലിക്കോട്: പോക്സോ നിയമം സംബന്ധിച്ച് ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിദ്യാർഥികൾക്കും അധ്യാപകർക്കും നൽകുന്ന ബോധവൽക്കരണ യജ്ഞത്തിൻ്റെ ഭാഗമായി ചെറുവത്തൂർ ഉപജില്ലയിലെ അധ്യാപകർക്കുള്ള ഏകദിന പരിശീലനം നടന്നു.പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവുമാണ് ബോധവൽക്കരണ പരിപാടിക്ക് നേതൃത്വം നൽകുന്നത്. ലൈംഗിക അതിക്രമങ്ങളെയും ചൂഷണങ്ങളെയും ചെറുക്കുന്നതിനും അതിജീവിക്കുന്നതിനും വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിൽ അധ്യാപകരുടെ പങ്ക് തിരിച്ചറിയുന്നതിനുമാണ് പരിശീലനം ലക്ഷ്യമിടുന്നത്.ജൂലൈ 31 ഓടെ സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിദ്യാർഥികൾക്കും പോക്സോ ബോധവൽക്കരണം ലഭ്യമാക്കും.ലീഗൽ സർവീസസ് അതോറിറ്റിയിലെ നിയമ വിദഗ്ധരുടെ ക്ലാസ്സുകളും സംശയ നിവാരണവും അധ്യാപകർക്ക് നൽകിയിട്ടുണ്ട്.
ചെറുവത്തൂർ ബി ആർ സി ഹാളിൽ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു.ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രമേശൻ പുന്നത്തിരിയൻ അധ്യക്ഷനായി. അഡ്വ.പി. സി റിഫാദ്,ബി ആർ സി ട്രെയിനർ പി വേണുഗോപാലൻ,എ കെ സുപ്രഭ, എം അഹമ്മദ് റഷീദ് എന്നിവർ സംസാരിച്ചു.
