കാലിക്കടവ് : തൃക്കരിപ്പൂർ മണ്ഡലത്തിലെ നവകേരളസദസ്സ് ജനം നെഞ്ചേറ്റി. ജില്ലയിലെ സമാപന സദസ്സിൽ സമാനതകളില്ലാത്ത ജനസഞ്ചയമാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനും കേൾക്കാനുമെത്തിയത്. വൈകുന്നേരം 6.30-ന് തുടങ്ങുമെന്നറിയച്ച സദസ്സിലേക്ക് മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, ആന്റണി രാജു, പി.എ. മുഹമ്മദ് റിയാസ് എന്നിവർ 5.30-നെത്തി. മൂവരും ഒന്നേമുക്കൽമണിക്കൂർ സർക്കാർ നടപ്പാക്കിയ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു.
7.15-ഒാടെയെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റുമന്ത്രിമാരെയും ഹർഷാരവങ്ങളോടെ ജനങ്ങൾ വരവേറ്റു. നവകേരളയാത്രയെയും നവകേരള സദസ്സിനെയും ജനം നെഞ്ചോട് ചേർത്തുകഴിഞ്ഞെന്നും മഞ്ചേശ്വരം മുതൽ തൃക്കരിപ്പൂർ മണ്ഡലത്തിലെ പിലിക്കോട് വരെ ഒന്നിനൊന്നുമെച്ചപ്പെട്ട കാഴ്ചയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിങ്ങൾ ധൈര്യപൂർവം മുന്നോട്ടുപോയ്‌ക്കോളൂ, ഞങ്ങൾ ഒപ്പമുണ്ടെന്ന ജനങ്ങളുടെ പ്രഖ്യാപനമാണ് അഞ്ചുമണ്ഡലങ്ങളിലും ഒഴുകിയെത്തിയ മഹാസദസ്സുകൾ സാക്ഷ്യപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പറയാനും കേൾക്കാനും പരിഹാരം കണാനുമാണ് നവകേരള സദസ്സെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. പ്രഭാതഭക്ഷണ സമയത്ത് മുന്നിലെത്തിയത് 70 വയസ്സ് പ്രായമുള്ള അബ്ദുള്ളയാണ്. നെല്ലും പച്ചക്കറിയും കൃഷിയും പശുവളർത്തലുമായി കഴിയുന്നയാൾ. അതുപോലെ എല്ലാവിഭാഗത്തിലുംപെട്ടവരാണ് ഞങ്ങൾ കാണുകയും അഭിപ്രായം തേടുകയും ചെയ്യുന്നവരെന്നും അദ്ദേഹം പറഞ്ഞു. പിണറായി സർക്കാർ മുന്നോട്ടുവെച്ച കേരള ബദൽ ജനഹൃദയം ഏറ്റുവാങ്ങിയെന്നും 2026-ലും ഇടതുപക്ഷം അധികാരത്തിലേറുമെന്നും മന്ത്രി റിയാസ് പറഞ്ഞു. എം. രാജഗോപാലൻ എം.എൽ.എ. പങ്കെടുത്തു
പരാതിപ്രളയംതൃക്കരിപ്പൂരിൽ പരാതി സ്വീകരിക്കാൻ ഏഴു കൗണ്ടറുകളുടെ തുടക്കത്തിൽ ഒരുക്കിയത്. പിന്നീടത് 40 കൗണ്ടറുകളാക്കി. പരാതി കൂടിയപ്പോൾ പരാതിക്കാർക്ക് നൽകേണ്ട സ്ലിപ്പ് പകർപ്പെടുക്കേണ്ടിവന്നു. ആദ്യം 500 സ്ലിപ്പാണ് കൗണ്ടറിലുണ്ടായിരുന്നത്. പിലിക്കോട് പഞ്ചായത്തിൽനിന്നും 4000 സ്ലിപ്പ് പകർപ്പെടുത്ത് പ്രശ്‌നം പരിഹരിച്ചു.
